മാർപാപ്പയ്ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു കുട്ടികൾ. കുട്ടികൾക്ക് തിരിച്ചും. മാർപാപ്പയുടെ ആരോഗ്യം മോശമായി കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ, ലോകമെങ്ങും അദ്ദേഹത്തിനായി പ്രാർഥനകൾ നിറഞ്ഞു. അതിനിടയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത് സ്‌കൂൾ കുട്ടികൾ തയ്യാറാക്കിയ ഗെറ്റ് വെൽ കാർഡുകളാണ്. അസുഖത്തെത്തുടർന്ന് മാർപാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ, നൂറുകണക്കിന് കുട്ടികളാണ് അങ്ങോട്ടേക്ക് എത്തിയത്. മഞ്ഞയും വെള്ളയും ബലൂണുകളും കൊണ്ടാണ് കുട്ടികൾ ആശുപത്രിക്ക് മുന്നിലെത്തിയത്. അതിൽ യുദ്ധക്കെടുതികൾ ബാധിച്ച രാജ്യങ്ങളിൽനിന്നുള്ള കുഞ്ഞുങ്ങളും ഉൾപ്പെട്ടു. 

കുട്ടികളാണ് ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനമെന്ന് അദ്ദേഹം എപ്പോഴും ഓർമിപ്പിച്ചിരുന്നു. ''കുട്ടികൾ കരയും, ബഹളമുണ്ടാക്കും, ഓടിനടക്കും. ഒരു കുട്ടി പള്ളിയിൽവെച്ച് കരയുകയാണെന്നിരിക്കട്ടെ. ആ കുട്ടിയെയും കൊണ്ട് പുറത്തുപോവാൻ മാതാപിതാക്കളോട് ആരെങ്കിലും ആവശ്യപ്പെട്ടാൽ, അതെന്നെ അലട്ടും. കുട്ടികളുടെ കരച്ചിൽ, ദൈവത്തിന്റെ ശബ്ദം പോലെയാണ്. കരയുന്ന കുട്ടികളെ ഒരിക്കലും പള്ളിയിൽനിന്ന് അകറ്റരുത്''. 

ഒരിക്കൽ ഇറ്റാലിയൻ ഓട്ടിസം ഫെഡറേഷൻ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹം. അപ്പോഴാണ് ഒരു കുട്ടി വേദിയിൽ അദ്ദേഹം ഇരിക്കുന്നിടത്തേക്ക് ഓടിയെത്തിയത്. പിന്നീട് ഒരുനിമിഷം പോലും അടങ്ങിനിൽക്കാതെ, ആ കുഞ്ഞ് മാർപാപ്പയ്ക്ക് ചുറ്റും ഓടിനടന്നു. ആ കുട്ടിയെ പിന്തിരിപ്പിക്കാനായി അമ്മ ഓടിയെത്തി. പക്ഷേ അവൻ കുതറിമാറി. അപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ, ''അവനെ വിട്ടേക്കൂ, അവനിവിടിരുന്ന് കളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, അവനിവിടിരിക്കട്ടെ'', അദ്ദേഹം പറഞ്ഞു. 

placeholder
ഫോട്ടോ: GettyImages

പരിശുദ്ധ പിതാവ് വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് ആ കാർഡുകളിലൂടെ കുട്ടികൾ അറിയിച്ചത്. 'പ്രിയപ്പെട്ട പാപ്പ, അങ്ങ് വേഗം സുഖം പ്രാപിക്കുമെന്ന് വിശ്വസിക്കുന്നു. അപ്പോൾ എനിക്ക് അങ്ങയെ കെട്ടിപ്പിടിക്കാൻ കഴിയും', ഒരു കാർഡിലെ വാക്കുകളിങ്ങനെ. 

2023-ൽ 84 രാജ്യങ്ങളിൽനിന്നുള്ള 7000-ത്തോളം കുട്ടികൾക്ക് മാർപാപ്പയെ കാണാനുള്ള അവസരം കിട്ടിയിരുന്നു. ''പ്രിയപ്പെട്ട കുട്ടികളെ, നിങ്ങളിൽനിന്ന് പഠിക്കുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്'', എന്നാണ് ഈ കൂടിക്കാഴ്ചയെക്കുറിച്ച് മാർപാപ്പ പറഞ്ഞത്. അന്ന് കുട്ടികളുമായി പല കാര്യങ്ങളെക്കുറിച്ചും മാർപാപ്പ സംസാരിച്ചു. 'Lets learn from boys and girls' എന്നതായിരുന്നു ആ പരിപാടിയുടെ തീം. ''നിങ്ങളെ കാണുമ്പോഴെല്ലാം എനിക്ക് സന്തോഷമാണ്. കാരണം ഓരോ തവണയും നിങ്ങളിൽനിന്ന് എനിക്കെന്തെങ്കിലും പഠിക്കാനുണ്ടാവും. ഉദാഹരണത്തിന്, ജീവിതം അതിന്റെ ലാളിത്യത്തിൽ എത്ര മനോഹരമാണെന്ന് നിങ്ങൾ എന്നെ ഓർമിപ്പിക്കുന്നു'', അന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞതിങ്ങനെ.  

അതിനിടയിൽ അദ്ദേഹം കുട്ടികളോട് ചോദിച്ചു, ''യുദ്ധമെന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് ദുഖം തോന്നാറുണ്ടോ''? അതിനുത്തരമായി കുട്ടികൾ പറഞ്ഞത്, 'അതെ' എന്നാണ്. ''നിങ്ങളുടെ പ്രിയപ്പെട്ട പല കൂട്ടുകാർക്കും സ്‌കൂളിൽ പോവാൻ കഴിയാത്തതുകൊണ്ടാണ് നിങ്ങൾക്ക് ദുഖം തോന്നുന്നത്. യുദ്ധത്തെത്തുടർന്ന് സ്‌കൂളിൽ പോവാൻ കഴിയാത്ത ഒട്ടേറെ കുട്ടികളുണ്ട്. അവർക്കുവേണ്ടി ഞാൻ പ്രാർഥിക്കുന്നു.'' 

placeholder
ഫോട്ടോ: GettyImages

ഒരു മുത്തച്ഛനെ പോലെ കുട്ടികളെ ഉപദേശിക്കുകയും ചെയ്തു അദ്ദേഹം. 'ഭക്ഷണം കളയരുത്, വെള്ളക്കുപ്പികൾ കടലിൽ വലിച്ചെറിയരുത്' എന്നിവയായിരുന്നു അതിൽ പ്രധാനം. 'ഒരു കാര്യം നിങ്ങളിൽ ദേഷ്യം നിറച്ചുവെങ്കിൽ, ഒരു ഗ്ലാസ് വെള്ളം കുടിക്കുക. അതിനുശേഷം മാത്രം ഉത്തരം കൊടുക്കുക' എന്നും മാർപാപ്പ പറഞ്ഞു. 

അന്നേ ദിവസം തന്നെ പലസ്തീൻ, യുക്രെയിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കുട്ടികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടയിൽ സിറിയയിൽ നിന്നുള്ള ഒരു കുട്ടി പോപ്പിനോട് ചോദിച്ചു: ''യുദ്ധസമയത്ത് ആളുകൾ കുട്ടികളെ കൊല്ലുമ്പോൾ ആരും അവരെ സംരക്ഷിക്കാത്തത് എന്തുകൊണ്ടാണ്?'' ഇതാണ് 'യുദ്ധത്തിന്റെ തിന്മ' എന്ന് അദ്ദേഹം പ്രതികരിച്ചു. തുടർന്ന് യുദ്ധത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ കുട്ടികൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ''ആ കൂടിക്കാഴ്ച എന്റെ ഹൃദയത്തിൽ ഒരിക്കലും മായാത്ത മതിപ്പ് ഉണ്ടാക്കിയിരിക്കുന്നു'', അതിനുശേഷം മാർപാപ്പ ആവർത്തിച്ചുപറഞ്ഞു.