അന്ധവിശ്വാസങ്ങള്‍ പലതുണ്ട്. ആകസ്മികമായി നടക്കുന്ന വല്ലതും ആവര്‍ത്തിക്കപ്പെട്ടാല്‍ അതൊരു പുതിയ അന്ധവിശ്വാസത്തിനുള്ള തുടക്കമായി. നീണ്ട എഴുപത് വര്‍ഷം ഇംഗ്ലണ്ടിലെ രാജ്ഞിയായിരുന്ന എലിസബത്തിന്റെ പേരില്‍ അങ്ങനെയൊരു അന്ധവിശ്വാസം കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഫാഷനും സ്‌റ്റൈലിനും പേരുകേട്ട രാജ്ഞിയുടെ വസ്ത്രധാരണം തന്നെയാണ് അന്ധവിശ്വാസത്തിന് വിഷയമായത്.
മരണവേളയില്‍ മാത്രമേ കറുപ്പ് അണിയാന്‍ പാടുള്ളൂ എന്നതൊഴിച്ചാല്‍ രാജകുടുംബാംഗങ്ങളുടെ വസ്ത്രത്തിന്റെ നിറത്തിന് കര്‍ശനമായ നിബന്ധനങ്ങളൊന്നുമില്ല. എങ്കിലും രാജകുടംബാംഗങ്ങള്‍ പൊതുവെ കണ്ണിനിണങ്ങുന്ന നിറങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഇടയ്ക്കിടെ ഡയാന രാജകുമാരി കറുപ്പ് വസ്ത്രം ധരിക്കാറുണ്ടായിരുന്നു എന്നുമാത്രം. കടും കളറുകള്‍ ഇഷ്ടപ്പെട്ടിരുന്നയാളാണ് എലിസബത്ത് രാജ്ഞി. കടും പിങ്കും നീലയും പര്‍പ്പിളും പച്ചയും ധരിച്ച് രാജ്ഞി നിരവധി വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നീലയോട് രാജ്ഞിക്ക് പ്രത്യേക ഇഷ്ടമായിരുന്നു. നീലയുടെ പല ഷെയ്ഡുകള്‍ അവര്‍ ധരിച്ചിട്ടുണ്ട്. പക്ഷേ രാജ്ഞി ഒരു വിവാഹത്തിന് നീലനിറമുള്ള വസ്ത്രം ധരിച്ചാല്‍ ആ വിവാഹത്തിന് ആയുസ്സുണ്ടാകില്ല എന്നാണ് ബ്രിട്ടീഷുകാരുടെ വിശ്വാസം. എലിസബത്ത് നീല വസ്ത്രമണിഞ്ഞെത്തിയ നാല് വിവാഹങ്ങളും വേര്‍പിരിഞ്ഞു എന്നതാണ് ഇങ്ങനെയൊരു അന്ധവിശ്വാസത്തിനു കാരണമായത്.
1960-ല്‍ അനിയത്തി മാര്‍ഗരറ്റിന്റെ വിവാഹത്തിനാണ് എലിസബത്ത് ആദ്യമായി നീല വസ്ത്രം ധരിച്ചത്. രാജ്ഞിയുടെ പതിവ് ഡിസൈനര്‍ നോര്‍മന്‍ ഹാര്‍ട്ട്‌നെല്‍ ആണ് വധുവിനും രാജ്ഞിക്കും ഉള്‍പ്പെടെ രാജകുടുംബത്തിലെ സ്ത്രീകള്‍ക്കായി വസ്ത്രമൊരുക്കിയത്. സ്‌നോഡനിലെ ഏളായ ആന്റണി ജോണ്‍സ് ആയിരുന്നു മാര്‍ഗരറ്റിന്റെ ഭര്‍ത്താവ്. 1978-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

തന്റെ മൂന്ന് മക്കളുടെ വിവാഹത്തിനും എലിസബത്ത് നീലയാണ് തിരഞ്ഞെടുത്തത്. മൂന്ന് വിവാഹങ്ങളും തകര്‍ച്ചയിലെത്തി. ആന്‍ രാജകുമാരിയുടെ വിവാഹം 1973-ലായിരുന്നു. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആനും മാര്‍ക് ഫിലിപ്‌സും വേര്‍പിരിഞ്ഞു.
നൂറ്റാണ്ടിന്റെ വിവാഹമായിരുന്നു അടുത്തത്. 1981-ല്‍ ചാള്‍സും ഡയാനയും വിവാഹിതരായപ്പോഴും രാജ്ഞി നീലവസ്ത്രമാണ് ധരിച്ചിരുന്നത്.സമ്മര്‍ സീസണിന് യോജിച്ച ഇളം നീലയായിരുന്നു വസ്ത്രം. തുടക്കം മുതലേ അസ്വസ്ഥതകള്‍ നിറഞ്ഞ ഈ വിവാഹം വലിയ മാധ്യമചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ 1996-ല്‍ അവസാനിച്ചു.
1986-ലായിരുന്നു രാജകുമാരനായ ആന്‍ഡ്രൂവിന്റെ വിവാഹം. സാറ ഫെര്‍ഗൂസന്‍ ആയിരുന്നു വധു. 1996-ല്‍ അവരും പിരിഞ്ഞു.
അതില്‍പിന്നെ ഒരു വിവാഹത്തിനും രാജ്ഞി നീല വസ്ത്രം ധരിച്ചിട്ടില്ല. 1999-ല്‍ ഏറ്റവും ഇളയമകന്‍ എഡ്വാര്‍ഡിന്റെ വിവാഹത്തിന് പര്‍പ്പിള്‍ നിറമാണ് രാജ്ഞി തിരഞ്ഞെടുത്തത്. പേരക്കുട്ടികളായ വില്യമിന്റെയും ഹരിയുടെയും വിവാഹമാണ് പിന്നെ കുടുംബത്തില്‍ നടന്നത്. വില്യമിന്റെ വിവാഹത്തിന് മഞ്ഞയും ഹരിയുടേതിന് ഇളം പച്ചയുമായിരുന്നു രാജ്ഞിയുടെ വേഷം. അവരാരും ഇതുവരെ വേര്‍പിരിഞ്ഞിട്ടില്ലെന്നതും അന്ധവിശ്വാസത്തിന് ശക്തിയേറ്റുന്നു.

1961, 1983, 1997 എന്നിങ്ങനെ മൂന്നുവട്ടം അവര്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ത്യയിലെത്തിയ ആദ്യ ബ്രിട്ടീഷ് രാജ്ഞി അന്ന് നീലയാണ് ധരിച്ചിരുന്നത്. 2022 സെപ്റ്റംബര്‍ ആറിനായിരുന്നു രാജ്ഞിയുടെ അവസാന ഔദ്യോഗികദൗത്യം. സ്‌കോട്‌ലന്‍ഡിലെ തന്റെ അവധിക്കാല വസതിയില്‍ വെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രെസ്സിനെ അവര്‍ നിയമിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇളം നീല ടോണുള്ള വസ്ത്രങ്ങളാണ് അവസാനമായി പുറത്തുവന്ന ചിത്രങ്ങളില്‍ രാജ്ഞിയുടെ വേഷം. ചിത്രങ്ങള്‍ പുറത്തുവന്ന രണ്ടാം നാളായിരുന്നു രാജ്ഞിയുടെ വിയോഗം.
Content Highlights: queen elizabeth wore blue to four royal weddings and all ended in divorce
Published: 03 Jun 2025, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented