മെക്‌സിക്കോയില്‍ ആഭ്യന്തയുദ്ധം പതിവായിരുന്ന കാലം. ചേരിതിരിഞ്ഞുള്ള ആക്രമണങ്ങള്‍ രാജ്യത്ത് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. കൊള്ളയും കൊള്ളിവെപ്പും പതിവ്. വസ്തുവകകളും സമ്പാദ്യവും നഷ്ടപ്പെടുമ്പോള്‍ ആരോടാണ് പരാതിപ്പെടേണ്ടതെന്നുപോലും അറിയാത്ത സ്ഥിതിയിലായിരുന്നു അവിടുത്തെ സാധാരണക്കാര്‍. മെക്‌സിക്കോയില്‍ താമസമാക്കിയ വിദേശികളുടെയും സ്ഥിതി ഇതുതന്നെയായിരുന്നു.
അക്കാലത്ത് ഫ്രഞ്ചുകാരനായൊരു പാചകക്കാരന്‍ മെക്‌സിക്കോയിലെ തക്കൂബായ പ്രവിശ്യയില്‍ താമസിച്ചിരുന്നു. മോണ്‍ഷര്‍ റമൊണ്ടല്‍ എന്നായിരുന്നു അയാളുടെ പേര്. അയാള്‍ക്ക് അവിടെ ഒരു പേസ്ട്രി ഷോപ്പ് ഉണ്ടായിരുന്നു. 1832ല്‍ ഒരു കലാപത്തില്‍ റമൊണ്ടലിന്റെ പേസ്ട്രി ഷോപ്പ് തകര്‍ന്നുവീണു. നഷ്ടപരിഹാരംതേടി മെക്‌സിക്കന്‍ ഗവണ്‍മെന്റിനെ സമീപിച്ച റമൊണ്ടലിന് നിരാശനാകാനായിരുന്നു വിധി. സര്‍ക്കാര്‍ ഉത്തവാദിത്തം ഏറ്റെടുത്തില്ല. പ്രശ്‌നം മെക്‌സിക്കന്‍ പ്രഡിഡന്റ് അനസ്‌തേഷ്യോ ബുസ്തമന്റയുടെ അടുത്തെത്തി. അദ്ദേഹവും കൈമലര്‍ത്തി.
സ്‌പെയിനില്‍ നിന്ന് 1830ല്‍ മെക്‌സിക്കോ സ്വതന്ത്രമായ ശേഷം ആ രാജ്യത്തിന്റെ പ്രധാന വ്യാപാര പങ്കാളിയായിരുന്നു ഫ്രാന്‍സ്. ഫ്രഞ്ച് ഉത്പന്നങ്ങള്‍ക്ക് മെക്‌സിക്കോയില്‍ വന്‍തുകയാണ് നികുതിയായി ഈടാക്കിയിരുന്നത്. വൈകാതെ ഈ നഷ്ടപരിഹാര പ്രശ്‌നം ഫ്രാന്‍സിലെ രാജാവായ ലൂയി ഫിലിപ്പിയുടെ സമക്ഷത്തിലെത്തി. രാജാവിന് മറുത്തൊന്നാലോചിക്കാനുണ്ടായിരുന്നില്ല. റിയര്‍ അഡ്മിറല്‍ ചാള്‍സ് ബോദിന്റെ നേതൃത്വത്തില്‍ രാജാവുടന്‍ ഒരു പടയെ മെക്‌സിക്കോയിലേക്കയച്ചു. മെക്‌സിക്കന്‍ തുറമുഖങ്ങള്‍ ഉപരോധിക്കാനായിരുന്നു ഉത്തരവ്. അതോടെ മെക്‌സിക്കന്‍ തീരങ്ങളിലെ ചരക്കുനീക്കം മുടങ്ങി.
ജനറല്‍ സാന്ത അനയുടെ നേതൃത്വത്തില്‍ മെക്‌സിക്കന്‍ സേന ചെറുത്തുനിന്നു. യുദ്ധത്തില്‍ സാന്ത അനയ്ക്ക് ഒരു കാല്‍ നഷ്ടമായി. മെക്‌സിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ കരുത്തനായി സാന്ത അന അവരോധിക്കപ്പെടുന്നത് ഈ ഒരു സംഭവത്തോടെയാണ്.
1838 നവംബര്‍ 27മുതല്‍ ഡിസംബംര്‍ 5വരെ നീണ്ടുനിന്ന വെരാക്രൂസ് യുദ്ധം ഇതേത്തുടര്‍ന്നാണുണ്ടായത്. പേസ്ട്രി വിഷയത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായ സംഘര്‍ഷം 1839 മാര്‍ച്ച് 9നാണ് അവസാനിച്ചത്. കലാപം അവസാനിപ്പിക്കാനായി ബ്രിട്ടന്റെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും ഉടമ്പടിയില്‍ ഒപ്പുവെച്ചു. ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നല്‍കാന്‍ മെക്‌സിക്കോ ഒരുക്കമായി.
ഇതേതുടര്‍ന്ന് യുദ്ധം ശമിച്ചെങ്കിലും പ്രശ്‌നം അവിടെയും അവസാനിച്ചിരുന്നില്ല. പറഞ്ഞ തുക നല്‍ക്കാന്‍ മെക്‌സിക്കന്‍ ഗവണ്‍മെന്റിനായില്ല. 1861ല്‍ മെക്‌സിക്കോയിലെ ഫ്രഞ്ച് അധിനിവേശത്തിന് ഈ ഉടമ്പടി ലംഘനവും ഒരു കാരണമായതായി പറയപ്പെടുന്നു.
Content Highlights: pastry war between mexico and france
Published: 09 May 2025, 03:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented