
രണ്ടുദശാബ്ദം മുന്‍പ് ഉപജീവന മാര്‍ഗംതേടി കേരളത്തില്‍ ട്രെയിനിറങ്ങുമ്പോള്‍ ഒഡിഷ സ്വദേശി അഭിജിത്ത് മണ്ഡലിന് അതിജീവനം എന്നൊരു ലക്ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. ഒഡിഷയിലെ ഗ്രാമത്തില്‍ പകലന്തിയോളം ജോലിചെയ്താലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തക്ക കൂലി കിട്ടാത്ത അവസ്ഥ. കേരളം അഭിജിത്തിന് പ്രതീക്ഷകളുടെ മരുപ്പച്ച വച്ചുനീട്ടി.
പൊന്നുംവിലയുള്ള കൊച്ചിയുടെ മണ്ണില്‍ കാലുകുത്തുമ്പോള്‍ എന്ത് ജോലിയും ചെയ്യാനുള്ള മനോധൈര്യം മാത്രമായിരുന്നു മൂലധനം. നോക്കിനില്‍ക്കെ കലണ്ടറുകള്‍ മാറിമറിഞ്ഞു. മെട്രോയും ലുലുമാളും ബിനാലെയും ഒക്കെച്ചേര്‍ന്ന് കൊച്ചി സ്മാര്‍ട്ടായി. വര്‍ണങ്ങളുടെയും വേഗതയുടെയും നഗരമായി വളരുന്ന കൊച്ചിയുടെ കൊച്ചുചില്ലയില്‍ സ്വന്തമായൊരു സ്‌നേഹക്കൂട് എങ്ങനെയോ അഭിജിത്തിന്റെ സ്വപ്‌നമായി. പിന്നെ നടന്നത് മായാജാലം. അപ്രാപ്യമെന്ന് വിധിയെഴുതിയ ആ സ്വപ്നത്തെ കഠിനാധ്വാനംകൊണ്ട് വരുതിയിലാക്കി അഭിജിത്ത്. മരടിലെ ആ സ്‌നേഹച്ചില്ലയുടെ വരാന്തയിലിരുന്ന് അഭിജിത്ത് മണ്ഡലും ഭാര്യ കനകയും അവരുടെ അതിജീവനകഥയുടെ ഏടുകള്‍ തുറന്നു.
വെല്‍ക്കം ടു കേരള
ജോലിതേടി സുഹൃത്തുക്കള്‍ക്കൊപ്പം അഭിജിത്ത് കേരളത്തിലെത്തുന്ന കാലത്ത് ഇന്നത്തെപ്പോലെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലില്ല. കുടിയേറ്റത്തിന്റെ പ്രാരംഭകാലമാണത്.
''ഒഡിഷയിലെ ബലേശ്വറാണ് നാട്. കേരളത്തില്‍ ആദ്യം ചെയ്തത് ഗാര്‍ഡനിങ് ജോലിയായിരുന്നു. നാട്ടിലുള്ളതിനേക്കാള്‍ കൂലി, കൃത്യമായ ജോലിസമയം എന്നിവയെല്ലാം ആദ്യനാളുകളില്‍ത്തന്നെ ആകര്‍ഷകമായിത്തോന്നി. അന്ന് വിവാഹം കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കള്‍ക്കൊപ്പം പരിമിതമായ സാഹചര്യങ്ങളിലായിരുന്നു താമസം. കിട്ടാവുന്നത്ര തുക മിച്ചംപിടിച്ച് നാട്ടിലേക്ക് അയക്കും.
കേരളത്തിലെത്തി അഞ്ച് വര്‍ഷത്തിന് ശേഷം വിവാഹിതനായി. ഭാര്യ കനകയും ഇവിടേക്ക് വന്നു. ആ സമയത്ത് കുടുംബമായി താമസിക്കാന്‍ വാടകവീട് കിട്ടാന്‍ ഏറെ ബുദ്ധിമുട്ടി. പലയിടങ്ങളിലായി മാറിത്താമസിക്കേണ്ടി വന്നു.
കുഞ്ഞുങ്ങള്‍ ജനിച്ചപ്പോഴാണ് സ്വന്തമായൊരു വീട് എന്നസ്വപ്‌നമുണ്ടാവുന്നത്. ജോലിചെയ്ത് കിട്ടുന്ന തുകയില്‍നിന്ന് ഒരു ഭാഗം അതിനായി മാറ്റിവെക്കാന്‍ തുടങ്ങി. വീട്ടുചെലവുകള്‍ പരിമിതമാക്കി കാശ് മിച്ചംപിടിച്ചു. അവധികളില്ലാതെ ജോലി ചെയ്തു. വീട് വെക്കാന്‍ അതുമാത്രം പോരാ എന്ന ബോധ്യം അപ്പോഴുമുണ്ടായിരുന്നു. പക്ഷേ, ഞങ്ങളെക്കൊണ്ട് സാധിക്കും എന്നൊരു ആത്മവിശ്വാസം ഉള്ളില്‍ നിറഞ്ഞു.''
പങ്കാളി എന്ന കരുത്ത്
കനക വീട്ടുജോലിയിലൂടെ വരുമാനം കണ്ടെത്തിത്തുടങ്ങി. ദിവസേന പല വീടുകളില്‍ ജോലി. അതിനിടെ പ്രധാന്‍മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയെപ്പറ്റി കനക അറിഞ്ഞു. ആ വഴിത്തിരിവിലേക്ക് കനക കടന്നു...
''ആദ്യനാളുകളില്‍ ഭാഷ വലിയ പ്രശ്‌നമായിരുന്നു. അതിനാല്‍ ജോലിക്ക് പോയിരുന്നില്ല. പിന്നീട് അഭിജിത്തിന് ശാരീരിക പ്രശ്‌നങ്ങള്‍ വരികയും ഒരുവര്‍ഷത്തിലധികം ജോലിക്ക് പോകാനാകാതെ വരികയുംചെയ്തു. ചികിത്സയുമായി ബന്ധപ്പെട്ട് ഒരുലക്ഷം രൂപയുടെ ബാധ്യതയുണ്ടായി. അപ്പോഴാണ് ഞാന്‍ വീട്ടുജോലികള്‍ക്ക് പോയിത്തുടങ്ങിയത്. മെല്ലെ ഞാന്‍ മലയാളം സംസാരിക്കാന്‍ പഠിച്ചു. അഭിജിത്ത് ആരോഗ്യം വീണ്ടെടുത്ത് വീണ്ടും ജോലിക്ക് പോയിത്തുടങ്ങുന്നതിനിടെ ഞാന്‍ കടബാധ്യതകള്‍ തീര്‍ത്തിരുന്നു. പിന്നീട് വരുമാനത്തില്‍നിന്ന് നല്ലൊരു തുക മിച്ചംപിടിക്കാന്‍ സാധിച്ചു.
സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ നഗരസഭയില്‍നിന്ന് വീടിന് നാലുലക്ഷം രൂപ ലഭിക്കുമെന്ന് അറിയുന്നത് അപ്പോഴാണ്. അപേക്ഷിക്കണമെങ്കില്‍ ഇവിടെ മേല്‍വിലാസം വേണം. മരട് നഗരസഭയില്‍ താമസിക്കുന്ന ആളാണെങ്കില്‍ മാത്രമേ തുക അനുവദിച്ച് കിട്ടുകയുള്ളൂ. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് തുടങ്ങി ആവശ്യമായ സകലമാന തിരിച്ചറിയല്‍ രേഖകളും ഏറെ പണിപ്പെട്ട് സ്വന്തമാക്കി. അടുത്തഘട്ടം സ്വന്തമായൊരു സ്ഥലം എന്നതായിരുന്നു.
സ്ഥലത്തിന് എല്ലായിടത്തും തീവില. അവസാനം ഇപ്പോള്‍ വീടുവച്ച സ്ഥലത്തെത്തി. സെന്റിന് നാലു ലക്ഷം രൂപ. രണ്ടര സെന്റ് ഭൂമിക്കാവശ്യമായ പണം അതുവരെയുള്ള സമ്പാദ്യത്തിലുണ്ടായിരുന്നു. അങ്ങനെ പത്തുലക്ഷം രൂപ സ്ഥലത്തിനും രണ്ടുലക്ഷത്തോളം രൂപ രജിസ്ട്രേഷന്‍, ബ്രോക്കര്‍ കമ്മിഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും ചെലവായി. വീടെന്ന സ്വപ്‌നത്തിന്റെ ആദ്യപടിയിലേക്ക് ഞങ്ങള്‍ കയറി.''
ഉയരുന്നു സ്വപ്‌നഗൃഹം
പി.എം.എ.വൈ പദ്ധതി പ്രകാരം മരട് നഗരസഭയില്‍ വീട് അനുവദിക്കപ്പെട്ട ആദ്യ അതിഥിത്തൊഴിലാളിയാണ് അഭിജിത്ത്. പദ്ധതി പ്രകാരം ലഭിച്ച ആദ്യ ഗഡു വീടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി. ഇവരുടെ സമ്പാദ്യവും കുടുംബസുഹൃത്തുക്കളുടെയും സുമനസ്സുകളുടെയും സഹായവും ഒത്തുചേര്‍ന്നതോടെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായി.
''വീട് പൂര്‍ത്തീകരിക്കാന്‍ പന്ത്രണ്ട് ലക്ഷംരൂപ ചെലവായി. പലരും സഹായിച്ചു. സുഹൃത്തുക്കള്‍ കൂലി വാങ്ങാതെ ജോലിചെയ്തു. അറ്റാച്ച്ഡ് ബാത്ത്‌റൂമോടു കൂടിയ രണ്ട് ബെഡ് റൂമും, ഒരുലിവിങ് റൂം, അടുക്കള, സിറ്റ് ഔട്ട്, ഡൈനിങ് ഏരിയ എന്നിവയടങ്ങിയതാണ് വീട്. ഗൃഹപ്രവേശത്തിന് ഒഡിഷയില്‍നിന്ന് ബന്ധുക്കളെല്ലാം വന്നിരുന്നു.
ഇന്ന് ഈ പുതിയ വീട്ടില്‍ മക്കളുമൊത്ത് കിടന്നുറങ്ങുമ്പോഴും ഞങ്ങള്‍ സ്വപ്‌നവീട് സാക്ഷാത്കരിച്ചെന്ന് വിശ്വസിക്കാനാകുന്നില്ല. സ്വപ്‌നമാണോ എന്ന് പലപ്പോഴും തോന്നാറുണ്ട്...''അഭിജിത്ത് മണ്ഡല്‍ പറയുന്നു.
കൊച്ചുകൊച്ചു മോഹങ്ങള്‍
അഭിജിത്തിനും കനകയ്ക്കും രണ്ട് മക്കള്‍. മൂത്തമകന്‍ പ്രദീപ്കുമാര്‍ മണ്ഡല്‍ പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ഥി. ഇളയ മകന്‍ നിശാന്ത് മണ്ഡല്‍ നാലാം ക്ലാസിലും. ഇവര്‍ക്കൊപ്പം അഭിജിത്തിന്റെ പിതാവ് വിജയ് മണ്ഡലും കൊച്ചിയിലെ വീട്ടിലുണ്ട്. മക്കളുടെ ഭാവിജീവിതവും മലയാള മണ്ണില്‍ത്തന്നെ സുരക്ഷിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം.
'' വീടുമായി ബന്ധപ്പെട്ട കുറച്ച് ബാധ്യതകളുണ്ട്. അതൊക്കെ തീര്‍ക്കണം. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി നല്ല ജോലിയിലേക്ക് എത്തിക്കണം. അവര്‍ക്കും ഇഷ്ടം കേരളമാണ്. കേരള ഭക്ഷണവും ഇവിടത്തെ ആള്‍ക്കാരുമൊക്കെ നല്ലതാണെന്ന് മക്കള്‍ എപ്പോഴും പറയും. ഇപ്പോള്‍ ഞങ്ങളും കേരളക്കാരാണ്, ഇത് ഞങ്ങളുടെയും നാടാണ്...''
അഭിജിത്ത് പറഞ്ഞു നിര്‍ത്തി. അതിരുകളും മതിലുകളുമില്ലാതെ ഈ നാടിനെ സ്‌നേഹിക്കുന്ന ഇവര്‍ തന്നെയല്ലേ യഥാര്‍ഥ മലയാളി.
Content Highlights: odisha migrant workers abhijith and kanaka bought home in kerala
Published: 17 Mar 2024, 03:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented