കഴിഞ്ഞദിവസമാണ് മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായർക്ക് ഓസ്‌ട്രേലിയയിൽ പിഴശിക്ഷ ലഭിച്ചത്. മെൽബൺ വിമാനത്താവളത്തിൽനിന്നാണ് പിഴയീടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണാഘോഷപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു നവ്യ. 15 സെന്റിമീറ്റർ വലിപ്പമുള്ള മുല്ലപ്പൂവായിരുന്നു തലയിൽ ചൂടിയത്. 1980 ഡോളറാണ് പിഴയായി വിധിച്ചത്. ഏകദേശം ഒന്നേകാൽ ലക്ഷം രൂപ വരുമിത്.
വാർത്ത വൈറലായതോടെ വിമാനത്താവളത്തിൽനിന്നുള്ള ദൃശ്യങ്ങൾ അടക്കമുള്ള വീഡിയോയുമായി നവ്യ രംഗത്തെത്തിയിരിക്കുകയാണ് . 'ഫൈൻ അടിക്കുന്നേന് മുമ്പുള്ള പ്രഹസനം' എന്നാണ് വീഡിയോയ്ക്ക് നവ്യ ഇട്ട ക്യാപ്ഷൻ.
പരിപാടിയിൽ പ്രസംഗിക്കുമ്പോൾ നവ്യ തന്നെയാണ് തനിക്ക് പിഴശിക്ഷ ലഭിച്ച കാര്യം വെളിപ്പെടുത്തിയതും. പ്രസംഗത്തിനിടെ നവ്യ പറഞ്ഞതിങ്ങനെ, ''ഇങ്ങോട്ട് വരുമ്പോൾ അച്ഛനാണ് മുല്ലപ്പൂ വാങ്ങിത്തന്നത്. രണ്ട് കഷണങ്ങളാക്കിയാണ് തന്നത്. കൊച്ചി മുതൽ സിംഗപ്പൂർ വരെ ഒരു കഷണവും സിംഗപ്പൂരിൽനിന്നുള്ള യാത്രയിൽ അടുത്ത കഷണം ചൂടാനും പറയുകയും ചെയ്തു. അത് ഞാൻ ബാഗിൽ വെച്ചു. പക്ഷേ മുല്ലപ്പൂ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് എനിക്കറിയില്ലായിരുന്നു''.
ഓസ്‌ട്രേലിയയിലെ ജൈവസുരക്ഷാ നിയമമാണ് നവ്യയ്ക്ക് വിനയായത്. വിദേശരാജ്യങ്ങളിൽനിന്നുള്ള ചെടികളും പൂക്കളും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. ഇവിടുത്തെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിലുള്ള രോഗങ്ങളെയും സൂക്ഷ്മജീവികളെയും രാജ്യത്തേക്ക് എത്തിക്കാൻ കാരണമാകുമെന്നതിനാലാണിത്.
ഓസ്‌ട്രേലിയയിലെ ജൈവസുരക്ഷാ നിയമമനുസരിച്ച് എന്തൊക്കെ കൊണ്ടുവരാമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആന്റ് ഫോറസ്ട്രിയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. അത് കാലാകാലം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. യാത്രയ്ക്ക് മുമ്പ് ഇത് പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് ഏറ്റവും നല്ലത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Actress Navya Nair was fined $1980 for carrying a jasmine flower at Melbourne Airport, Australia. She was unaware of biosecurity laws
Published: 07 Sept 2025, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented