ഇന്ത്യ തേടുന്ന നമ്പര്‍ 1 തീവ്രവാദിയാണ് മസൂദ് അസ്ഹർ. ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും തലവനുമായ ഈ കൊടുംഭീകരന്‍ പാകിസ്താനിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാക് ഭരണസംവിധാനങ്ങളുടെ
സംരക്ഷണം അസ്ഹറിന് കിട്ടുന്നുണ്ടെന്നാണ് അനുമാനം. ഇന്ത്യ ഇന്ന് നടത്തിയ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം തകര്‍ന്നിരുന്നു. അസ്ഹറിന്റെ വീടും തകര്‍ന്നെന്നും കുടുംബാംഗങ്ങള്‍ 14 പേര്‍ മരിച്ചെന്നുമാണ് പാക് മാധ്യമങ്ങൾ പറയുന്നത്.

2001-ലെ പാര്‍ലമെന്റ് ആക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം, 2019-ലെ പുല്‍വാമ ആക്രമണം.. അങ്ങനെ ഇന്ത്യയുടെ സുരക്ഷയും ഐക്യവും അഖണ്ഡതയും അപായത്തിലാക്കുന്ന ആക്രമണങ്ങള്‍ അസ്ഹറിന്റെ ആസൂത്രണത്തിലാണ് നടക്കുന്നത്. ഇന്ത്യാ വിരുദ്ധത മുഖ്യ അജണ്ടയായ ജെയ്‌ഷെ മുഹമ്മദിന്റെ തലപ്പത്ത് അസ്ഹറും കുടുംബവുമാണ്. 

നാല് സഹോദരങ്ങളും ആറ് സഹോദരിമാരുമാണ് മസൂദ് അസ്ഹറിനുള്ളത്. ഇതില്‍ ഇബ്രാഹിം അത്തര്‍ ആലവി, അബ്ദുല്‍ റൗഫ് അസ്ഹർ എന്നിവര്‍ മസൂദിന്റെ വിശ്വസ്തരാണ്. മസൂദ് ആസൂത്രണം ചെയ്യുന്ന തീവ്രവാദി ആക്രമണങ്ങളിലൊക്കെ ഈ രണ്ട് സഹോദരങ്ങളുടെയും പങ്കാളിത്തമുണ്ടാകാറുണ്ട്.

മസൂദ് അസ്ഹർ ഇന്ത്യന്‍ തടവിലായപ്പോള്‍ അദ്ദേഹത്തെ മോചിപ്പിക്കാനായി അനുയായികള്‍ വിമാനം റാഞ്ചി സര്‍ക്കാരുമായി വിലപേശിയിരുന്നു. താലിബാനും ഭീകരവാദികളും പാക് ഇന്റലിജന്‍സും കൈകോര്‍ത്തു നടത്തിയ വിമാനം റാഞ്ചലിന്റെ ബുദ്ധികേന്ദ്രങ്ങളായത് ഇബ്രാഹിം ആലവിയും റൗഫ് അസ്ഹറുമാണ്. 

2007-ല്‍ മസൂദ് ഒളിവില്‍ പോയപ്പോള്‍ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വം ഏറ്റെടുത്തത് റൗഫ് അസ്ഹറാണ്. പുല്‍വാമയിലെ തീവ്രവാദി ആക്രമണത്തിന്റെ തലച്ചോറ് റൗഫ് ആണെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

ഇന്ത്യ യു.എ.പി.എ ചുമത്തിയ ഭീകരരില്‍ ഒന്നാമന്‍ മസൂദ് അസ്ഹറാണ്. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമടക്കം 57 പേരാണുള്ളത്. പട്ടികയിലെ പത്തൊന്‍പതാമനാണ് റൗഫ്. ഇരുപതാമനാണ് ഇബ്രാഹിം. 

ജെയ്ഷെയുടെ ആസ്ഥാനമടക്കം മിക്ക തീവ്രവാദി താവളങ്ങളും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. മസൂദിന് പരിക്കേറ്റതായി വാര്‍ത്തകളില്ല. കൊല്ലപ്പെട്ടവരില്‍ അസ്ഹറിന്റെ തീവ്രവാദി സഹോദരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല.