ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടനാണ് ഹൃത്വിക് റോഷൻ. അഭിനയത്തിന് പുറമേ നിർമാണരംഗത്തേക്ക് കൂടി ചുവടുവെയ്ക്കാനൊരുങ്ങുകയാണ്‌ താരം. എച്ച്ആർഎക്‌സ് ഫിലിംസിന്റെ ബാനറിൽ ആമസോൺ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിർമിക്കുന്ന വെബ് സീരീസ് ആണ് ഹൃതിക് റോഷന്റെ ആദ്യ നിർമാണ അരങ്ങേറ്റം.

മുംബൈ പശ്ചാത്തലത്തിൽ ഒരുക്കുന്ന 'സ്റ്റോം' എന്ന് പേരിട്ടിരിക്കുന്ന ത്രില്ലർ പരമ്പരയ്ക്കായി പ്രൈം വീഡിയോയുമായി സഹകരിക്കുന്നതായി ഹൃത്വിക് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സീരീസിൽ നായികയാകുന്നത് മലയാളികളുടെ പ്രിയ താരം പാർവതി തിരുവോത്താണ്.

നിർമാണ രംഗത്തെ തൻ്റെ പുതിയ റോളിനെക്കുറിച്ച് സന്തോഷത്തോടെ ഹൃത്വിക് എക്‌സിൽ ഇങ്ങനെ കുറിച്ചു:
"ഇന്ത്യൻ വിനോദ വ്യവസായത്തിലെ എൻ്റെ 25-ാം വർഷം, റോഷൻ ഇഷാൻ (എച്ച്ആർഎക്സ് സിഇഒ) നേതൃത്വം നൽകുന്ന ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസായ എച്ച്ആർഎക്സ് ഫിലിംസിലൂടെ നിർമ്മാതാവായി എനിക്ക് മറ്റൊരു അരങ്ങേറ്റം കൂടി നൽകിയിരിക്കുന്നു."

മലയാളത്തിൽ എണ്ണത്തിൽ കുറവ് ചിത്രങ്ങളാണ് പാർവതിക്ക് സമീപകാലത്ത് ലഭിച്ചിട്ടുള്ളതെങ്കിലും ഉള്ളൊഴുക്കും പുഴുവും പോലുള്ള മികച്ച ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്. തങ്കലാൻ അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളിലും സിരീസുകളിലും പാർവതി ഇതിനോടകം ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ കരിയറിലെ ഏറ്റവും മികച്ച അവസരമാണ് പാർവതിയെ തേടിയെത്തിയിരിക്കുന്നത്.  അതേസമയം, പ്രഥമദൃഷ്ട്യാ കുറ്റക്കാർ, നോബഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ സിനിമകൾ.
പാർവതിയെ കൂടാതെ, അലായ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ്മ, സബ ആസാദ് എന്നിവരാണ് സ്റ്റോമിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രീകരണം ഉടൻ ആരംഭിക്കുന്ന സ്റ്റോം മുംബൈ പശ്ചാത്തലത്തിലുള്ള ഒരു ഹൈ-സ്റ്റേക്ക് ത്രില്ലർ ഡ്രാമയായിരിക്കും എന്നും കരുതപ്പെടുന്നു.

ഹൃത്വിക് റോഷനുമായുള്ള പുതിയ സീരീസിനെക്കുറിച്ച് പ്രൈം വീഡിയോയുടെ എപിഎസി ആന്റെ മെന വൈസ് പ്രസിഡൻ്റായ ഗൗരവ് ഗാന്ധി പറഞ്ഞു.
"ഹൃത്വിക് റോഷൻ ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ്. അദ്ദേഹവുമായും എച്ച്ആർഎക്സ് ഫിലിംസുമായുമുള്ള സഹകരണം ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇത് കഥപറച്ചിലിലെ മികവിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് ഉയർത്തിക്കാട്ടുന്നത്. സ്റ്റോം സീരീസിലൂടെ ഒരു മികച്ച സഹകരണത്തിന് തുടക്കം കുറിക്കുന്നു, ഇത് ഭാവിയിൽ കൂടുതൽ നല്ല പ്രോജക്റ്റുകൾക്ക് വഴിയൊരുക്കും”.

സീരീസിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകള്‍ പുരോഗമിക്കുന്ന സീരീസിന്‍റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi