കാല്‍നൂറ്റാണ്ടിനപ്പുറത്തുനിന്ന് ഒരു പാട്ട് കാതിലേക്കൊഴുകുന്നു; തീരാത്ത വേദനയായി, ഹൃദയത്തില്‍ നിറയുന്നു അത്. ഗാനത്തിന്റെ വരികളില്‍ മുഴുകി, ഒരു നിശ്ശബ്ദ ഗദ്ഗദം ഉള്ളിലൊതുക്കി തൃശ്ശൂരിലെ വീട്ടില്‍ സ്വന്തം മുറിയുടെ ഏകാന്തതയില്‍ കണ്ണുകള്‍ചിമ്മിയിരിക്കുന്നു ഔസേപ്പച്ചന്‍. 

''എത്രതവണ അന്ന് ആ പാട്ട് കേട്ടെന്നറിയില്ല. അതെഴുതിയ ആള്‍ ലോകത്തുനിന്ന് മാഞ്ഞുപോയിരിക്കുന്നു എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും മടിക്കുന്നു മനസ്സ്'' ഓര്‍മകളില്‍ മുഴുകി വികാരാധീനനാകുന്നു മലയാളികളുടെ പ്രിയ സംഗീതസംവിധായകന്‍. തന്റെ ഈണങ്ങള്‍ക്കൊത്ത് എത്രയോ ഭാവഗീതങ്ങള്‍ രചിച്ച എസ്. രമേശന്‍ നായരുടെ മരിക്കാത്ത ഓര്‍മകൂടിയാണ് ഔസേപ്പച്ചന് ആ വിരഹഗീതം: ''തേങ്ങുമീ വീണയില്‍ പാട്ടുറങ്ങും നേരം, ഒരു ജീവരാഗത്തൂവല്‍ മിഴിനീരില്‍ മുങ്ങുന്നു, കതിര്‍ തേടുമീ മോഹം പതിരായി മാറുന്നൂ, നിഴല്‍ വീണു കേഴുന്നൂ...''ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അറംപറ്റിയോ ആ വരികള്‍ക്ക് എന്നൊരു സംശയം. 

placeholder
ഫാസിൽ

‘അനിയത്തിപ്രാവ്’ (1997) എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുവേണ്ടി യേശുദാസും ചിത്രയും ഹൃദയസ്പര്‍ശിയായി പാടിയ പാട്ട്. സിനിമയില്‍ ഇടംനേടാതെപോയതിനാല്‍ മലയാളികള്‍ കേള്‍ക്കാതെപോയ ആ ഗാനം, തികച്ചും യാദൃച്ഛികമായാണ് അടുത്തൊരുനാള്‍ ഔസേപ്പച്ചന്റെ കൈകളില്‍ വന്നുപെട്ടത്. ''പണ്ട് ഞാന്‍ പാടിവെച്ച ട്രാക്കുകളും റെക്കോഡുചെയ്ത ഗാനങ്ങളുമെല്ലാം അടങ്ങിയ കാസറ്റുകള്‍ വീടിന്റെ ഏതോ മൂലയില്‍ പൊടിപിടിച്ചുകിടക്കുകയായിരുന്നു. കാസറ്റ് എന്ന സങ്കല്പംതന്നെ കാലഹരണപ്പെട്ടതുകൊണ്ട് ആഭാഗത്തേക്ക് നോക്കാറേയില്ല.

ഈയിടെ ഒരു കൗതുകത്തിന്, വേണമെങ്കില്‍ ഗൃഹാതുരത്വത്തിന്റെ പേരില്‍ എന്നുപറയാം, ആ ശേഖരം വെറുതെ ഒന്ന് ചികഞ്ഞുനോക്കിയപ്പോള്‍, അതാ കിടക്കുന്നു വര്‍ഷങ്ങളായി കേള്‍ക്കാനാഗ്രഹിച്ച പാട്ട്. ഫംഗസ് ബാധിച്ച കാസറ്റില്‍നിന്ന് ഒരു ആരാധകസുഹൃത്തിന്റെ സഹായത്തോടെ വീണ്ടെടുത്ത ആ പാട്ട് വര്‍ഷങ്ങള്‍ക്കുശേഷം കേട്ടപ്പോള്‍ പലരുടെയും ഓര്‍മകള്‍ വന്നു മനസ്സിനെ മൂടി. സംവിധായകന്‍ ഫാസിലിന്റെ, രമേശന്‍ നായരുടെ, ദാസേട്ടന്റെ... മലയാളികള്‍ മെലഡിയെ ഹൃദയപൂര്‍വം സ്‌നേഹിച്ചിരുന്ന മറക്കാനാവാത്ത ഒരു കാലത്തിന്റെ..''

രമേശന്‍ നായര്‍ക്കും പ്രിയപ്പെട്ട സ്വന്തം രചനകളിലൊന്നായിരുന്നു 'തേങ്ങുമീ വീണയില്‍ പാട്ടുറങ്ങും നേരം' എന്ന ഗാനം. എല്ലാവരും ഓ പ്രിയേ എന്ന ഗാനത്തെക്കുറിച്ച് മതിപ്പോടെ സംസാരിച്ചു കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുക മറ്റൊരു പാട്ടിന്റെ ഭാഗ്യദോഷത്തെക്കുറിച്ചാണ്,'' രമേശന്‍ നായരുടെ വാക്കുകള്‍. ''രണ്ടും ഏതാണ്ട് ഒരേ ഗാനസന്ദര്‍ഭത്തിനുവേണ്ടി എഴുതിയവ. അവയിലൊന്ന് അസാമാന്യ ജനപ്രീതി നേടുന്നു, ജനഹൃദയങ്ങളില്‍ ഇടം നേടുന്നു. മറ്റേ പാട്ടാകട്ടെ, ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വിസ്മൃതിയിലൊടുങ്ങുന്നു. ഓരോ പാട്ടിനും ഓരോ നിയോഗമുണ്ടെന്നു പറയാറുള്ളത് വെറുതെയല്ല.''

പുതിയ സന്ദര്‍ഭം, പുതിയ ഗാനം

‘’അനിയത്തിപ്രാവി'ലെ മനോഹരഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ മൂന്നേമൂന്ന് ദിവസമേ വേണ്ടിവന്നുള്ളൂ ഔസേപ്പച്ചന്. റെക്കോഡിങ് കഴിഞ്ഞ് മാസ്റ്റര്‍ കാസറ്റുമായി ഷൂട്ടിങ്ങിന് തിരിച്ച സംവിധായകന്‍ ഫാസിലില്‍നിന്ന് അപ്രതീക്ഷിതമായി ലഭിച്ച ഫോണ്‍ കോളാണ് കഥയിലെ വഴിത്തിരിവ്. എല്ലാ പാട്ടുകളും ഇഷ്ടമായി. ഒന്നിനൊന്ന് മികച്ചവതന്നെ. പക്ഷേ, ചെറിയൊരു പ്രശ്‌നം. പുതുതായി ഒരു സിറ്റുവേഷന്‍കൂടി വന്നുപെട്ടിരിക്കുന്നു കഥയില്‍. അതിനിണങ്ങുന്ന ഒരു പാട്ടുകൂടി വേണം. വിരോധമില്ലെങ്കില്‍...?''

placeholder
ഔസേപ്പച്ചൻ

ഔസേപ്പച്ചനെന്ത് വിരോധം. ആവശ്യപ്പെടുന്നത് ഫാസിലിനെപ്പോലെ സംഗീതത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരാളാകുമ്പോള്‍ പ്രത്യേകിച്ചും. പുതിയ സന്ദര്‍ഭത്തിനുവേണ്ടത് പ്രണയഗാനംതന്നെ. നേര്‍ത്തൊരു വിരഹത്തിന്റെ മൂഡിലുള്ള പാട്ട്. ഉടനെ രമേശന്‍ നായരെ വിളിച്ച് വിവരം പറഞ്ഞു. അശോക് നഗറിലെ ഒരു വാടകവീട്ടിലാണ് ചെന്നൈയില്‍ വന്നാല്‍ അദ്ദേഹം സ്ഥിരമായി താമസിക്കുക. കാലത്തുതന്നെ കവിയെത്തേടി ചെല്ലുന്നു ഔസേപ്പച്ചന്‍. ഫാസിലുമുണ്ട് സ്ഥലത്ത്.''ആദ്യം കഥാസന്ദര്‍ഭം ചോദിച്ചു മനസ്സിലാക്കി രമേശന്‍ നായര്‍. പിന്നെ, മേശപ്പുറത്തു കിടന്ന ഒരു കടലാസുതുണ്ടില്‍ എന്തോ എഴുതി എനിക്കു നീട്ടി. നോക്കുമ്പോള്‍ ഒരൊറ്റ വരിയേയുള്ളൂ അതില്‍- ഓ പ്രിയേ... നിനക്കൊരു ഗാനം'കടലാസിലേക്കും കവിയുടെ മുഖത്തേക്കും മാറിമാറി നോക്കിയ സംഗീതസംവിധായകനോട് രമേശന്‍ നായര്‍ ചോദിച്ചു: 'ഈ ഒരൊറ്റ വരി ഒന്ന് ട്യൂണ്‍ചെയ്തു കേള്‍പ്പിക്കാമോ?'

എഴുതിക്കിട്ടിയ വരി താന്‍ ആദ്യമായി വായിച്ചതുതന്നെ അപ്പോള്‍ മനസ്സില്‍ തോന്നിയ ഈണത്തിലാണെന്ന് ഔസേപ്പച്ചന്‍. സംഗീതസംവിധായകനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉടന്‍ വന്നു കവിയുടെ പ്രതികരണം: 'ഇതാണ് നമ്മുടെ പാട്ടിന്റെ തുടക്കം. ഇനി ബാക്കി ട്യൂണ്‍കൂടി വരട്ടെ...'ആ ഇരിപ്പില്‍ ഔസേപ്പച്ചന്‍ മൂളിക്കൊടുത്ത ഈണത്തിനൊത്ത് ചടുലവേഗത്തില്‍ പല്ലവിയുടെ വരികള്‍ കുറിക്കുന്നു രമേശന്‍ നായര്‍ ''ഓ പ്രിയേ, പ്രിയേ നിനക്കൊരു ഗാനം, എന്‍ പ്രാണനിലുണരും ഗാനം, അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകേ, നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം.''

പിറ്റേന്ന് യേശുദാസ് പാടേണ്ട പാട്ടാണ്. എന്നിട്ടുവേണം പുതിയ ട്രാക്കുമായി ഷൂട്ടിങ്ങിനു തിരിക്കാന്‍. പക്ഷേ, പാട്ടിന്റെ കാര്യം വിളിച്ചുപറഞ്ഞപ്പോള്‍ യേശുദാസ് പറഞ്ഞു: ''നാളെ അമേരിക്കയിലേക്ക് പുറപ്പെടുകയാണ്. റെക്കോഡിങ് നടക്കാനിടയില്ല.'' യേശുദാസിനെയല്ലാതെ മറ്റാരെയുംകൊണ്ട് പാടിക്കുന്നതിനെക്കുറിച്ച് സങ്കല്പിക്കാന്‍ പോലുമാവില്ല ഫാസിലിനും ഔസേപ്പച്ചനും. അവരുടെ ധര്‍മസങ്കടം കണ്ട് മനമലിഞ്ഞാവണം ദാസേട്ടന്‍ പറഞ്ഞു: 'എന്തായാലും പാട്ടയച്ചോളൂ. കേട്ടുനോക്കട്ടെ...' അപ്പോഴും വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല തങ്ങള്‍ക്കെന്ന് ഔസേപ്പച്ചന്‍. വിധിനിയോഗമെന്നോണം ട്രാക്ക് കേട്ട് യേശുദാസ് തിരിച്ചുവിളിക്കുന്നു: 'അമേരിക്കന്‍ യാത്ര രണ്ടുനാള്‍ നീട്ടാന്‍ തീരുമാനിച്ചു. നിങ്ങളുടെ പാട്ട് പാടാം.'

എ.വി.എം.-ആര്‍.ആര്‍. തിയേറ്ററില്‍ പിറ്റേന്ന് റെക്കോഡിങ്. പ്രശസ്തനായ സമ്പത്ത് മാസ്റ്ററാണ് ഗാനലേഖകന്‍. 'രണ്ടു ടേക്കില്‍ പാട്ട് ഓക്കെ. ഭാവമാധുര്യത്തോടെ തെല്ലൊരു വിഷാദസ്പര്‍ശം നല്‍കി ദാസേട്ടന്‍ പാടുന്നത് കേട്ടിരിക്കുന്നതുതന്നെ മറക്കാനാവാത്ത അനുഭവമായിരുന്നു,' ഔസേപ്പച്ചന്റെ ഓര്‍മ. ''പാട്ടുപാടി പുറത്തുവന്നശേഷം ഞങ്ങള്‍ക്ക് കൈതന്നു അദ്ദേഹം. എന്നിട്ട് പറഞ്ഞു: യാത്ര നീട്ടിയത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. ഇല്ലെങ്കില്‍ ഇത്രയും നല്ലൊരു പാട്ട് പാടാന്‍ കഴിയാതെപോയേനെ...''വികാരാധീനനായി കൈകൂപ്പി നിന്നു ഔസേപ്പച്ചന്‍.

പകരക്കാരനായി വന്ന പാട്ട്

ഇനിയുള്ളത് ചരിത്രം. 'അനിയത്തിപ്രാവി'ലെ ഏറ്റവും ജനപ്രിയഗാനമായി മാറി 'ഓ പ്രിയേ'. എല്ലാ ഹിറ്റ് ചാര്‍ട്ടുകളിലും മാസങ്ങളോളം ഒന്നാമത്. ആ പാട്ട് ചിട്ടപ്പെടുത്തി കേട്ടശേഷമാണ് ഒരു കൊച്ചുരഹസ്യം ഫാസില്‍ പങ്കുവെച്ചത്: 'ഇനി സത്യം പറയാമല്ലോ. പുതുതായുണ്ടാക്കിയ സിറ്റുവേഷനുവേണ്ടിയുള്ള പാട്ടല്ല ഇത്. സിറ്റുവേഷന്‍ പഴയതുതന്നെ. പക്ഷേ, ആ സന്ദര്‍ഭത്തിനുവേണ്ടി താങ്കള്‍ ആദ്യമുണ്ടാക്കിയ പാട്ടില്‍ അല്പം ദുഃഖഛായ കൂടിപ്പോയോ എന്നൊരു സംശയം. പാട്ട് മോശമായിട്ടല്ല. സന്ദര്‍ഭത്തിന് കൂടുതലിണങ്ങുന്ന മറ്റൊരു പാട്ട് താങ്കള്‍ക്ക് അനായാസം സൃഷ്ടിക്കാന്‍ കഴിയുമെന്ന് അറിയാമായിരുന്നെങ്കിലും അക്കാര്യം തുറന്നുപറയാതിരുന്നത് ടെന്‍ഷനടിക്കേണ്ട എന്നുകരുതി മാത്രം.' ഫാസിലിന്റെ ഏറ്റുപറച്ചില്‍ കേട്ട് ചിരിവന്നുപോയെന്ന് ഔസേപ്പച്ചന്‍.

അതേ സന്ദര്‍ഭത്തിനുവേണ്ടി നേരത്തേ ഒരുക്കിയ'തേങ്ങുമീ വീണയില്‍ പാട്ടുറങ്ങും നേരം' അതോടെ സിനിമയില്‍നിന്ന് പടിയിറങ്ങുന്നു. 'ഓ പ്രിയേ'ക്കു പകരം ഈ ഗാനമാണ് സിനിമയില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ അത്രത്തോളം ഹിറ്റാകുമായിരുന്നോ? അറിയില്ല.''വരികളും ഈണവും ആലാപനവും മാത്രമല്ല, കഥാസന്ദര്‍ഭത്തിന്റെ വികാരതീവ്രതയും ചിത്രീകരണമികവുമൊക്കെ പ്രധാനമാണ് ഏത് ഗാനത്തിന്റെയും ജനപ്രിയത നിര്‍ണയിക്കുന്നതില്‍.'ഓ പ്രിയേ' മഹത്തായ കാവ്യഗീതിയോ സംഗീതശില്പമോ ആണെന്ന അവകാശവാദമില്ല. വളരെ ലളിതമായ, ആര്‍ക്കും എളുപ്പം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പാട്ട്. അത്രയേ ഉദ്ദേശിച്ചുള്ളൂ അത് സൃഷ്ടിക്കുമ്പോള്‍. ഭാഗ്യവശാല്‍ മറ്റു ഘടകങ്ങള്‍കൂടി ഒത്തുവന്നപ്പോള്‍ ആളുകള്‍ ആ പാട്ട് പെട്ടെന്ന് ഇഷ്ടപ്പെട്ടു. കൂടുതല്‍ ആഴമുള്ള അര്‍ഥതലങ്ങളുള്ള 'തേങ്ങുമീ വീണയില്‍' ചിലപ്പോള്‍ അത്രത്തോളം ഹിറ്റാകുമായിരുന്നില്ലായിരിക്കാം. എങ്കിലും ആ ഗാനം എന്റെയും രമേശന്‍ നായരുടെയും ഹൃദയത്തിന്റെ ഭാഗം തന്നെ.''

placeholder
എസ്. രമേശൻ നായർ

മലയാളത്തിലെ എക്കാലത്തെയും വലിയ മ്യൂസിക്കല്‍ ഹിറ്റുകളില്‍ 'അനിയത്തിപ്രാവു'ണ്ട്. മൂന്നേമൂന്ന് ദിവസത്തിനുള്ളിലാണ് ആ സിനിമയിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയതെന്നോര്‍ക്കുന്നു ഔസേപ്പച്ചന്‍. 'വീട്ടിലിരുന്ന് ഹാര്‍മോണിയത്തില്‍ കംപോസ് ചെയ്തതാണ് 'ഒരു രാജമല്ലി വിടരുന്ന പോലെ' എന്ന ഗാനത്തിന്റെ ഈണം. ബാക്കി പാട്ടുകള്‍ ആലപ്പുഴയിലെ റെയിന്‍ബോ ഹോട്ടലിലിരുന്നും. ചെന്നൈയിലെ ഫ്‌ളാറ്റിലിരുന്ന് ആറു പാട്ടിനും വരികളെഴുതാന്‍ അധികസമയം വേണ്ടിവന്നില്ല രമേശന്‍ നായര്‍ക്ക്. 'ആസ്വദിച്ച് ചെയ്ത പാട്ടുകളായിരുന്നു അവയെല്ലാം. ഫാസിലിന്റെ പടത്തില്‍ വര്‍ക്ക് ചെയ്യുന്നതിന്റെ ത്രില്‍ ഒന്നു വേറെ,' ഔസേപ്പച്ചന്‍. എന്നും നിന്നെ പൂജിക്കാം (യേശുദാസ്, സുജാത), അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും (ചിത്ര), വെണ്ണിലാക്കടപ്പുറത്ത് (യേശുദാസ്, എം.ജി. ശ്രീകുമാര്‍, കോറസ്) എന്നീ പാട്ടുകള്‍ക്കുപുറമെ ശ്രീകുമാറിന്റെ ശബ്ദത്തില്‍ 'ഓ പ്രിയേ'യുടെ മറ്റൊരു വെര്‍ഷനുമുണ്ട് ചിത്രത്തില്‍.

ചിത്രീകരിക്കപ്പെടാന്‍ ഭാഗ്യമുണ്ടാകാതെപോയ 'തേങ്ങുമീ വീണയില്‍' എന്ന പാട്ടിന്റെ ചരണം ഓര്‍മയില്‍നിന്ന് മൂളുന്നു ഔസേപ്പച്ചന്‍, പിരിഞ്ഞുപോയ സുഹൃത്ത് രമേശന്‍ നായര്‍ക്കുള്ള സ്മരണാഞ്ജലിയായി: 'ഒരു മൂകസാന്ത്വനം പോലെ ഇനി ഓര്‍മകള്‍ മാത്രം, തലതല്ലുമീ തിരമാലകള്‍ വെറുമാശകള്‍ മാത്രം, ഏതു തീരത്തില്‍ ഇനി ഏതു ജന്മത്തില്‍ അലിയുന്നു നാം തമ്മില്‍...'

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi