ദക്ഷിണാഫ്രിക്കയിൽ കാലങ്ങളായി കഴിഞ്ഞുപോരുന്ന, യൂറോപ്യൻമാരുടെ പിൻഗാമികളാണ് ആഫ്രിക്കാനർമാർ. ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഒരുസംഘം ആഫ്രിക്കാനർമാരെ അമേരിക്ക അഭയാർഥിത്വം നൽകി സ്വീകരിച്ചു. അവർ ദക്ഷിണാഫ്രിക്കയിൽ പീഡിപ്പിക്കപ്പെടുന്നതിനാൽ അഭയം നൽകുന്നു എന്നായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. പല രാജ്യക്കാരോടും അമേരിക്ക വിട്ടുപോവാൻ ആജ്ഞാപിച്ച ട്രംപിന്റെ ഈ നീക്കത്തെ ഒട്ടേറെപ്പേർ വിമർശിച്ചു. ആഗോളസമ്പന്നനും ആഫ്രിക്കാനറുമായ ഇലോൺ മസ്കിന്റെ സ്വാധീനവും പാശ്ചാത്യവേരുകളോടുള്ള ട്രംപിന്റെ താത്പര്യവും തന്നെയായിരുന്നു ഈ നീക്കത്തിനു പിന്നിൽ.
വംശഹത്യ?
ദക്ഷിണാഫ്രിക്കയിലെ കൃഷിയിടങ്ങളിൽ നടന്ന വ്യാപകമായ ആക്രമണങ്ങളും കൊലപാതകങ്ങളും ഒരു വംശഹത്യയായി ചിത്രീകരിക്കുകയായിരുന്നു ട്രംപ്. മസ്കും ഇതേ ആരോപണമുന്നയിച്ചു. എന്നാൽ ആഫ്രിക്കയിലെ വെള്ളക്കാരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയവിഭാഗങ്ങൾ പോലും ഇതൊരു വംശഹത്യയാണെന്ന് എവിടെയും പറഞ്ഞിരുന്നില്ല. വ്യക്തിവൈരാഗ്യങ്ങളും ഭൂമിയെച്ചൊല്ലിയുള്ള തർക്കങ്ങളുമെല്ലാമായിരുന്നു കൊലപാതകങ്ങളുടെ പ്രധാനകാരണം. മാത്രമല്ല, കൊല്ലപ്പെട്ടവരിൽ വളരെക്കുറച്ചു വെള്ളക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും. നിലവിൽ ദക്ഷിണാഫ്രിക്കയിൽ നടപ്പിലാക്കുന്ന ഭൂപരിഷ്കരണനിയമങ്ങളോടുള്ള വിയോജിപ്പുതന്നെയാവും ഇങ്ങനെയൊരു വിവാദമുണ്ടാക്കാൻ ട്രംപിനെയും മസ്കിനെയും പ്രേരിപ്പിച്ചത്.
ആഫ്രിക്കാനർമാരുടെ ചരിത്രം
17-ാം നൂറ്റാണ്ടിൽ, ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പിലെത്തിയ ഡച്ചുകാരുടെയും, ഫ്രഞ്ച്, ജർമൻ കുടിയേറ്റക്കാരുടെയും പിൻഗാമികളാണ് ആഫ്രിക്കാനർമാർ. വെളുത്ത വർഗക്കാരായ ഇക്കൂട്ടർക്കായിരുന്നു ദീർഘകാലം രാജ്യത്ത് ആധിപത്യം. പ്രൊട്ടസ്റ്റന്റ് കുടിയേറ്റക്കാരും അടിമകളും ജോലിക്കാരുമടക്കം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുവന്നവർ പിന്നീടൊരു വംശമായി വളർന്നു. ദക്ഷിണാഫ്രിക്കയിൽ ജീവിച്ച് അവിടെ തങ്ങളുടേതായ ഒരു ഭാഷയും അവർ രൂപപ്പെടുത്തി, ഡച്ച് ചുവയുള്ള ആഫ്രിക്കാൻസ് ഭാഷ. ദക്ഷിണാഫ്രിക്കയിലെ 12 ഔദ്യോഗികഭാഷകളിലൊന്നാണ് ആഫ്രിക്കാൻസ് ഇന്ന്.
യൂറോപ്യൻ വേരുകൾക്കപ്പുറം ആഫ്രിക്കയിലെ ഒരു പ്രത്യേക ജനവിഭാഗമാണ് ഇവരിന്ന്. കൃഷിയിലും കാൽവിനിസ്റ്റ് പ്രൊട്ടസ്റ്റന്റിസത്തിലും വേരൂന്നിയ സംസ്കാരം. ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം സ്ഥാപിച്ചെടുത്തതിൽ ആഫ്രിക്കാനർമാരുടെ പങ്ക് വളരെ വലുതാണ്. 1948 മുതൽ 1994 വരെയുള്ള കാലയളവിൽ ആഫ്രിക്കനേഴ്‌സിന്റെ നാഷണൽ പാർട്ടി (എൻപി) യാണ് അധികാരത്തിലിരുന്നത്. വംശീയ വേർതിരിവും വിവേചനവും ഭരണത്തിലുടനീളം അവർ നടപ്പിലാക്കി. കറുത്തവർഗ്ഗക്കാരായ ഭൂരിപക്ഷം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ന്യൂനപക്ഷമായ വെളുത്ത വർഗക്കാർ കഠിനമായി പരിമിതപ്പെടുത്തി. ഇതിനായി നിയമങ്ങൾ കൊണ്ടുവന്നു.
1994-ൽ വർണവിവേചനം അവസാനിപ്പിച്ച് നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയിൽ ജനാധിപത്യം വന്നു. ഇതോടെ ആഫ്രിക്കാനേഴ്‌സിന് രാഷ്ട്രീയ മേൽക്കോയ്മ നഷ്ടമായി. പക്ഷേ, ഒറ്റരാത്രികൊണ്ട് ഇല്ലാതാകുന്ന സ്വാധീനമായിരുന്നില്ല അവരുടേത്. വ്യവസായരംഗങ്ങളും കാർഷികരംഗവും സാംസ്കാരികകേന്ദ്രങ്ങളും കൈയടക്കിവെച്ചിരുന്നത് ദീർഘകാലം അവർ തന്നെയായിരുന്നു.
ജനസംഖ്യ
ഇന്ന്, ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കാനർമാരുടെ എണ്ണം ഏകദേശം 27 ലക്ഷത്തോളമാണ്. ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയുടെ (6.2 കോടിയോളം) ഏകദേശം അഞ്ച് ശതമാനം. കറുത്തവർഗ്ഗക്കാരായ ദക്ഷിണാഫ്രിക്കക്കാരടക്കം 70 ലക്ഷത്തോളം പേർ ആഫ്രിക്കാൻസ് ആദ്യ ഭാഷയായി സംസാരിക്കുന്നുണ്ട്. ആഫ്രിക്കാൻസ് മാധ്യമങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ എന്നിവ സജീവമായി പ്രവർത്തിക്കുന്നു. സർവ്വകലാശാലകളിലും പൊതു ഇടങ്ങളിലും ആഫ്രിക്കാനർമാർക്ക് മേൽക്കോയ്മയുണ്ട്.
ആഫ്രിക്കാനർമാരുടെ പരിഭ്രാന്തി
കറുത്തവർഗ്ഗക്കാർ നൂറ്റാണ്ടുകളായി നേരിട്ട സാമ്പത്തിക സാമൂഹിക അരക്ഷിതാവസ്ഥയെ തിരുത്താൻ ലക്ഷ്യമിട്ട് വർണവിവേചനത്തിനുശേഷം രാജ്യത്ത് ബ്ലാക്ക് ഇക്കണോമിക് എംപവർമെന്റ് (BEE) നയങ്ങൾ നടപ്പാക്കി. ഒരു വലിയ ജനതയുടെ ആവശ്യമായിരുന്നു ഇത്. പക്ഷേ, ഈ നയങ്ങൾ തീർത്തും ആഫ്രിക്കാനർമാർക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി. അവർ സാമ്പത്തിക സ്ഥാനചലനം ഭയന്നു. ആഫ്രിക്കാനർമാരുടെ അവകാശങ്ങൾ, ഭാഷ തുടങ്ങിയവയുടെ സംരക്ഷണം ആവശ്യപ്പെട്ട് ഒട്ടേറെ സംഘടനകൾ പിറന്നു. ഈ സംഘങ്ങൾ അനാവശ്യ ഇരവാദമുന്നയിക്കുകയാണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ അവർ സാംസ്കാരിക അതിജീവനത്തിനുവേണ്ടിയാണ് ശ്രമിക്കുന്നതെന്ന് മറ്റുചിലർ പറയുന്നു.
നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ
ആഫ്രിക്കാനർമാരിൽ പലരും കർഷകരോ ഭൂവുടമകളോ ആണ്, തങ്ങൾ കൈവശംവെച്ച ഭൂമി പിടിച്ചെടുക്കുമോ എന്നവർ ഭയക്കുന്നുണ്ട്. 1913-ലെ നേറ്റീവ്സ് ലാൻഡ് ആക്റ്റും തുടർന്നുവന്ന നിയമനിർമാണങ്ങളും കറുത്ത വർഗ്ഗക്കാരെ നിശ്ചിത ഭൂമിയിലേക്ക് മാത്രം പരിമിതപ്പെടുത്തി, പലപ്പോഴും ഫലഭൂയിഷ്ഠമല്ലാത്ത പ്രദേശങ്ങൾ ഉടമസ്ഥതയിൽ വെക്കാൻ മാത്രമാണ് അവർക്ക് അവകാശം നൽകിയിരുന്നത്. അതേസമയം, ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഉൾപ്പെടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളും ആഫ്രിക്കാനർമാർക്കും നൽകി, അത് വെള്ളക്കാരുടെ ഉടമസ്ഥതയിലായി. ഇതോടെ ഭൂരിഭാഗമാളുകൾക്കും നാട്ടുകാർക്ക് പൂർവ്വികഭൂമിയിൽ നിന്നും കൃഷിയിൽ നിന്നും അകലംപാലിക്കേണ്ടിവന്നു.
നിലവിലെ വിവാദം
ദക്ഷിണാഫ്രിക്ക 2024-ൽ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ നിയമമാണ് (Expropriation Act of 2024) പുതിയ വിവാദങ്ങളുടെ പശ്ചാത്തലം. ചരിത്രപരമായ അസമത്വങ്ങൾ പരിഹരിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. വർണ്ണവിവേചനം അവസാനിച്ചിട്ടും, വലിയൊരു ശതമാനം കൃഷിഭൂമിയും ഇപ്പോഴും വെള്ളക്കാരായ ന്യൂനപക്ഷത്തിന്റെ കൈയിലാണ്. പൊതു ആവശ്യങ്ങൾക്കായി ഭൂമി ഉൾപ്പെടെയുള്ള സ്വകാര്യ സ്വത്ത് ഏറ്റെടുക്കാൻ (ഉടമസ്ഥാവകാശം നേടാൻ) സർക്കാരിനെ അനുവദിക്കുന്ന നിയമം വെള്ളക്കാരെ ശരിക്കും അസ്വസ്ഥമാക്കിയിരുന്നു. പിന്നാലെയാണ് വംശഹത്യ, ഭൂമിപിടിച്ചെടുക്കൽ ആരോപണവുമായി അവർ രംഗത്തെത്തിയത്. ദക്ഷിണാഫ്രിക്ക വെള്ളക്കാരുടെ ഉടമസ്ഥതയിലുള്ള ഭൂമി പിടിച്ചെടുക്കുന്നുവെന്നും വെള്ളക്കാരായ കർഷകരോട് വിവേചനം കാണിക്കുന്നുവെന്നും ട്രംപും ആരോപിച്ചു. ചില പ്രത്യേക കേസുകളിൽ നഷ്ടപരിഹാരം ഇല്ലാതെ ഏറ്റെടുക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും, ബഹുഭൂരിപക്ഷം കേസുകളിലും ന്യായമായ നഷ്ടപരിഹാരം നിയമം ഉറപ്പാക്കുന്നുണ്ട്.
നിഷേധിച്ച് ദക്ഷിണാഫ്രിക്ക
വംശീയ ഭയം ആളിക്കത്തിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കൻ ഭരണകൂടം പറയുകയും ചെയ്തു. രാജ്യത്ത് കാർഷികരംഗത്ത് ആക്രമണങ്ങൾ നടക്കുന്നുണ്ട്, അത് എല്ലാ ദക്ഷിണാഫ്രിക്കക്കാരെയും ബാധിക്കുന്ന കുറ്റകൃത്യമാണ്. 2023-ൽ 49 വെള്ളക്കാരായ കർഷകരോ അവരുടെ കുടുംബാംഗങ്ങളോ കൊല്ലപ്പെട്ടപ്പോൾ രാജ്യത്ത് മൊത്തം 27,000 നരഹത്യകൾ നടന്നുവെന്ന് സർക്കാർ ഓർമിപ്പിച്ചു. വർണ്ണവിവേചന കാലഘട്ടത്തിലെ ചരിത്രപരമായ അനീതികൾ പരിഹരിക്കുന്നതിന് ഭൂപരിഷ്‌കരണം അനിവാര്യമാണെന്നും സർക്കാർ പറയുന്നു. 1994-ന് മുമ്പ്, കറുത്തവർഗ്ഗക്കാർക്ക് നല്ല ഭൂമിയുണ്ടായിരുന്നില്ല. സ്വകാര്യ കാർഷിക ഭൂമിയുടെ 70 ശതമാനവും വെള്ളക്കാരുടെ നിയന്ത്രണത്തിലായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 24 Jun 2025, 08:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented