ടെലിവിഷനിലൂടെ വെബ്‌സീരിസിലേക്കും സിനിമാലോകത്തേക്കും കടന്നെത്തിയ വിക്രാന്ത് മാസി വളരെ പെട്ടെന്നാണ് എല്ലാവര്‍ക്കും പ്രിയങ്കരനായത്. കുടുംബാധിപത്യം വാഴുന്ന ബോളിവുഡില്‍ സ്വന്തം പേരുറപ്പിക്കുക അത്ര എളുപ്പമല്ല. പ്രതിഭ കൊണ്ടും പരിശ്രമം കൊണ്ടും വിക്രാന്ത് അത് സാധിച്ചെടുത്തു. 12ത് ഫെയില്‍ എന്ന സിനിമയിലൂടെ ഇന്ത്യന്‍ പ്രേക്ഷകലോകത്തെ അതിശയിപ്പിച്ച നടന്‍ മുപ്പത്തിയേഴാം വയസ്സില്‍ സിനിമയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. 

To advertise here,

വിക്രാന്തിന്റെ അച്ഛന്‍ ജോളിയും അമ്മ മീനയും വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ ഒരുമിച്ചവരാണ്. മതമായിരുന്നു വിഷയം. ജോളി ക്രിസ്ത്യാനിയും മീന സിഖുകാരിയുമാണ്. ആഴ്ചയില്‍ രണ്ടുവട്ടം പള്ളിയില്‍ പോകുന്ന അച്ഛനെയും സിഖ് പാരമ്പര്യം മുറുകെപ്പിടിക്കുന്ന അമ്മയെയും കണ്ടുവളര്‍ന്നവരാണ് വിക്രാന്തും ചേട്ടനും. മതം മനുഷ്യനിര്‍മിതമാണെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു എന്ന് വിക്രാന്ത് പറയുന്നു.

placeholder
വിക്രാന്ത് മാസി
കടപ്പാട്‌-Getty Images

പതിനേഴാം വയസ്സില്‍ വിക്രാന്തിന്റെ ചേട്ടന്‍ ഇസ്ലാം മതത്തിലേക്ക് മാറി. മൊയീന്‍ എന്ന പേര് സ്വീകരിച്ചു. കുടുംബത്തിന്റെ പൂര്‍ണ  പിന്തുണയോടെയായിരുന്നു മതം മാറ്റം. മകന് അതാണ് സന്തോഷമെങ്കില്‍ ആയിക്കോട്ടെ എന്ന നിലപാടായിരുന്നു മാതാപിതാക്കള്‍ക്ക്. ബന്ധുക്കളില്‍ ചിലര്‍ മുഖം ചുളിച്ചിരുന്നെന്നും അച്ഛനാണ് അവരെ നിശ്ശബ്ദരാക്കിയതെന്നും വിക്രാന്ത് ഓര്‍ത്തെടുക്കുന്നു. 

2015-ലാണ് വിക്രാന്തും ശീതളും ഡേറ്റിങ് ആരംഭിക്കുന്നത്. ഹിന്ദു രജപുത്ര കുടുംബാംഗമാണ് ശീതള്‍. 2022-ല്‍ ഇരുവരും വിവാഹിതരായി. ദമ്പതികള്‍ക്ക് ഒരു മകനാണുള്ളത്. മകന്‍ വളര്‍ന്നുവലുതായ ശേഷം സ്വന്തം വിശ്വാസം തിരഞ്ഞെടുക്കട്ടെ എന്നാണ് വിക്രാന്തിന്റെയും ശീതളിന്റെയും നിലപാട്. 

ദീപാവലിയും ഹോളിയും പെരുന്നാളും ഒരുപോലെ താരം കുടുംബസമേതം ആഘോഷിക്കാറുണ്ട്. ആഘോഷങ്ങളെ കാണുന്നത് മതപരമായല്ല, രാഷ്ട്രത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായിട്ടാണെന്നും വിക്രാന്ത് പറയുന്നു.