വാള്‍ട്ട് ഡിസ്‌നിയുടെ ഒരു സാങ്കല്‍പിക കഥാപാത്രമാണ് മുഫാസ. കരുത്തും ബുദ്ധിയുമേറെയുള്ള സിംഹമാണ് മുഫാസ. 1994-ല്‍ 'ദ ലയണ്‍ കിങ്' എന്ന അനിമേഷന്‍ സിനിമയിലാണ് മുഫാസ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ആദ്യവരവില്‍ തന്നെ മുഫാസ താരമായി. ആ സിംഹരാജാവിന് അന്ന് ശബ്ദംകൊടുത്തത് അമേരിക്കന്‍ അഭിനേതാവായ ജെയിംസ് ഏള്‍ ജോണ്‍സാണ്. 2019-ല്‍ 'ദ ലയണ്‍ കിങ്' വീണ്ടും റിലീസ് ചെയ്തിരുന്നു. അന്നും ശബ്ദം കൊടുത്തത് ജെയിംസ് തന്നെ. 

To advertise here,

മുഫാസ വീണ്ടും എത്തുകയാണ്. ബെറി ജെന്‍കിന്‍സാണ് സംവിധാനം.  ഇത്തവണ ശബ്ദം കൊടുക്കുന്നത് ആരോണ്‍ പിയറിയും. ഡിസംബറില്‍ സിനിമ റിലീസ് ചെയ്യും.  

സിനിമയുടെ ഹിന്ദി പതിപ്പില്‍ കാട്ടിലെ രാജാവായ മുഫാസയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഷാരൂഖ് ഖാനാണ്. മുഫാസയും താനും തമ്മിലൊരു ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഷാരൂഖ് ഇപ്പോള്‍. വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് പുറത്തിറക്കിയ വീഡിയോയിലാണ് ഷാരൂഖിന്റെ ഈ അഭിപ്രായം. മുഫാസ അനുഭവിച്ച ദുരിതങ്ങള്‍ പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ''ഈ കഥ ഒരു രാജാവിന്റേതാണ്''.  

തുടര്‍ന്നിങ്ങനെ പറയുന്നു, ''ശക്തമായ അഭിനിവേശം മാത്രമായിരുന്നു അവന്റെ കൈമുതല്‍. അതിലൂടെ അവന്‍ ആകാശത്തെ തൊടാന്‍ കൊതിച്ചു. പല രാജാക്കന്‍മാരും ആ രാജ്യം ഭരിച്ചു, പക്ഷേ അവന്‍ ഭരിച്ചത് ജനങ്ങളുടെ ഹൃദയമാണ്. എല്ലാ പ്രതിസന്ധികളെയും പിന്തള്ളി ഒടുവിലവന്‍ യഥാര്‍ഥരാജാവായി ഉയര്‍ന്നുവന്നു. ഈ കഥയുമായി എനിക്ക് ഏറെ സാമ്യം തോന്നുന്നു. പക്ഷേ ഇത് മുഫാസയുടെ കഥയാണ്''.

മുഫാസയുടെ കഥ ഷാരൂഖിന്റെ തന്നെ കഥയായി മാറുകയാണ്. പ്രതിസന്ധികളും ദുരിതങ്ങളുമെല്ലാം മറികടന്ന്, ബോളിവുഡിന്റെ കിങ് ഖാന്‍ ആയ കഥ. 

ഡിസ്‌നി പുറത്തുവിട്ട ഒരു കുറിപ്പിലും താനും മുഫാസയും തമ്മിലുള്ള സാമ്യത്തെക്കുറിച്ച് ഷാരൂഖ് ഓര്‍ക്കുന്നു. ഷാരൂഖിനൊപ്പം മക്കളായ ആര്യനും അബ്രാമും സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നുണ്ട്. കുഞ്ഞു മുഫാസ, അബ്രാമിന്റെ ശബ്ദത്തിലൂടെ സംസാരിക്കും. സിനിമയിലെ മറ്റൊരു കഥാപാത്രമായ സിംബ, ആര്യന്റെ ശബ്ദത്തിലും. 2019-ലെ 'ദ ലയണ്‍ കിങ്' എന്ന സിനിമയ്ക്കും ഷാരൂഖും ആര്യനും തന്നെയാണ് ശബ്ദം കൊടുത്തിരിക്കുന്നത്.  

ഇതാദ്യമായിട്ടല്ല ഷാരൂഖ് അനിമേഷന്‍ സിനിമകള്‍ക്ക് ശബ്ദം കൊടുക്കുന്നത്. 2004-ല്‍ ഡിസ്‌നിയുടെ തന്നെ സൂപ്പര്‍ ഹീറോ സിനിമയായ 'ദ ഇന്‍ക്രെഡിബിള്‍സി'ന്റെ ഹിന്ദി പതിപ്പിനുവേണ്ടിയാണ് ഷാരൂഖ് ആദ്യമായി ഡബ്ബ് ചെയ്തത്. ആര്യനും ആ സിനിമയ്ക്കായി ഡബ്ബ് ചെയ്തിട്ടുണ്ട്.