
നാരായണി: ബഷീര്‍, ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ?
ബഷീര്‍: എന്താ നാരായണി ഇത്ര സംശയം? നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.
മമ്മൂട്ടിയും ശബ്ദത്തിലൂടെ മാത്രം കെ.പി.എ.സി.ലളിതയും അനശ്വരമാക്കിയ മതിലുകള്‍ എന്ന സിനിമയിലെ സംഭാഷണം. ഇതുപോലെ തന്നെയാണ് കെ.പി.എ.സി ലളിത എന്ന അഭിനേത്രിയുടെ കാര്യവും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ അഭിനേത്രി ഈ ഭൂമിയില്‍ അവശേഷിപ്പിച്ചുപോയ കഥാപാത്രങ്ങള്‍ ഒരിക്കലും മരിക്കില്ല. അവരുടെതായ അടയാളങ്ങള്‍ പതിപ്പിച്ച എത്രയോ കഥാപാത്രങ്ങള്‍.
മതിലുകളില്‍ കെ.പി.എ.സി.ലളിതയുടെ ശബ്ദം മാത്രമേയുള്ളൂ. എന്നിട്ടും നാരായണി എന്ന ആ കഥാപാത്രത്തിന്റെ പ്രണയവും കുസൃതിയും പരിഭവവുമെല്ലാം ആ ശബ്ദത്തിലൂടെ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞു. മതിലുകളിലേക്ക് അവരെ തിരഞ്ഞെടുത്തതിനെക്കുറിച്ച് പിന്നീട് സിനിമയുടെ സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിങ്ങനെ, ''26 സ്ത്രീകളുടെയെങ്കിലും ശബ്ദം സിനിമയ്ക്കുവേണ്ടി പരിഗണിച്ചിരുന്നു. പക്ഷേ അതൊന്നും തൃപ്തികരമായിരുന്നില്ല. ഒടുവില്‍ ലളിതയെ തന്നെ കൊണ്ടുവരികയായിരുന്നു''.

നാടകത്തില്‍നിന്ന് സിനിമയിലേക്ക്...
കടയ്ക്കത്തറവീട്ടില്‍ അനന്തന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെയും മകളായിട്ടാണ് ജനിച്ചത്. മഹേശ്വരിയമ്മ എന്ന ശരിയായ പേര്, പിന്നീട് അച്ഛന്‍ തന്നെയാണ് ലളിത എന്ന് മാറ്റുന്നത്. കലകളോടുള്ള അച്ഛന്റെ ഇഷ്ടം അതേപോലെ പകര്‍ന്നുകിട്ടിയ മകളായിരുന്നു ലളിത. പത്താമത്തെ വയസ്സിലാണ് നാടകത്തില്‍ അഭിനയിക്കുന്നത്. ഗീഥ എന്ന ട്രൂപ്പിന്റെ ബലി എന്ന നാടകമായിരുന്നുവത്. പിന്നീട്, കെ.പി.എ.സി.യിലേക്ക് മാറുകയായിരുന്നു.
ലളിത എന്ന അഭിനേത്രിയുടെ അഭിനയകളരി നാടകമായിരുന്നു. അവിടുത്തെ അനുഭവങ്ങളുടെ കരുത്താണ് പിന്നീട് സിനിമയിലും അവര്‍ക്ക് തുണയായത്. കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത കൂട്ടുകുടുംബത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. അന്ന് സിനിമ വേണ്ടെന്നുവെച്ച് പോവാന്‍ ശ്രമിച്ചയാളാണ് ലളിത. സംവിധായകന്‍ വളരെ കര്‍ക്കശക്കാരനാണെന്നാണ് സെറ്റിലെത്തിയ അവരാദ്യം കേട്ടത്. കൂടാതെ, ഒട്ടും പരിചയമില്ലാത്ത മേഖലയും. പിറ്റേദിവസം തന്നെ സംവിധായകനെ കണ്ട് തിരിച്ചുപോവുകയാണെന്നുള്ള കാര്യം പറഞ്ഞു. ഒന്ന് ശ്രമിച്ചുനോക്കിയിട്ട് തിരിച്ചുപോയാല്‍ പോരെയെന്ന് മറുപടി. എന്തായാലും ആദ്യത്തെ ചെറിയ സീന്‍ കഴിഞ്ഞതോടെ, പിടിച്ചുനില്‍ക്കാമെന്നുള്ള ധൈര്യം അവര്‍ കൈവരിച്ചുകഴിഞ്ഞിരുന്നു. പിന്നീടവര്‍ മലയാളസിനിമയിലെ അവിഭാജ്യഘടകമായി.
കുസൃതിയും സന്തോഷവും അങ്ങേയറ്റത്തെ നോവും കുശുമ്പും കലര്‍ന്ന എത്രയെത്ര കഥാപാത്രങ്ങള്‍. ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. എങ്കിലും പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചിരിച്ചത് ലളിതയ്‌ക്കൊപ്പം ഇന്നസെന്റും ചേര്‍ന്നപ്പോഴാണ്. ഗജകേസരിയോഗം, ആമയും മുയലും, അപൂര്‍വം ചിലര്‍, ഗോഡ്ഫാദര്‍, ശുഭയാത്ര, മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചന്‍, സസ്‌നേഹം, പൊന്‍മുട്ടയിടുന്ന താറാവ്...ലിസ്റ്റ് ഇനിയും നീളും.
ലളിതയുമൊത്തുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ഒരിക്കല്‍ ഇന്നസെന്റ് പറഞ്ഞതിങ്ങനെ, ''എഴുതിത്തരുന്ന തിരക്കഥ അതേപോലെ പറഞ്ഞ്, അഭിനയിച്ച് കാശ് വാങ്ങിപ്പോകുന്ന രീതി അവര്‍ക്ക് വശമില്ലായിരുന്നു. താന്‍ പറയാന്‍ പോകുന്ന രീതി എന്നോടുപറയും. ഇന്നസെന്റ് ഇതിനിങ്ങനെ മറുപടി പറഞ്ഞാല്‍ മതിയെന്നും ചിലപ്പോള്‍ പറയും. ആ നിര്‍ദേശങ്ങളൊരിക്കലും തെറ്റാറില്ല''.
കെ.പി.എ.സി.ലളിതയുടെ അമ്മവേഷങ്ങള്‍ പോലും ഒന്നിനൊന്ന് വ്യത്യസ്തമാണ്. സന്‍മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ അമ്മയല്ല, വടക്കുനോക്കിയന്ത്രത്തിലെത്. സ്ഫടികത്തില്‍ തിലകനോടൊപ്പം തന്നെ പിടിച്ചുനില്‍ക്കുന്ന, സങ്കടവും വീറും നിരാശയുമെല്ലാം ഒരുപോലെ പ്രകടിപ്പിക്കുന്ന അമ്മയെ മറക്കുന്നതെങ്ങനെ? രണ്ട് ധ്രുവങ്ങളിലുള്ള അമ്മക്കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം അവരെ തേടിയെത്തിയത്. അമരത്തിലെ ഭാര്‍ഗവിയും ശാന്തത്തിലെ നാരായണിയും. വെങ്കലത്തിലെ കുഞ്ഞിപ്പെണ്ണ് ഇവയില്‍നിന്നെല്ലാം മാറിനില്‍ക്കും.

സങ്കടങ്ങളില്‍ പതറാതെ...
എത്ര നോവിലും ചിരിച്ചുകൊണ്ടല്ലാതെ ആ മുഖം ആര്‍ക്കും കാണാനാവില്ലായിരുന്നു. അവരുടെ ജീവിതം മുഴുവന്‍ പല സങ്കടങ്ങളും നോവുകളും അവരെ അലട്ടിക്കൊണ്ടേയിരുന്നു. എങ്കിലും കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ അവരതെല്ലാം മറന്നു. 1978-ലാണ് സംവിധായകന്‍ ഭരതനുമായുള്ള വിവാഹം നടക്കുന്നത്. അതോടെ അവര്‍ സിനിമയില്‍നിന്ന് താത്കാലികമായി വിട്ടുനിന്നു.
പിന്നീട് കാറ്റത്തെ കിളിക്കൂട് എന്ന ഭരതന്റെ തന്നെ സിനിമയിലൂടെയാണ് സജീവമാകുന്നത്. ആ വരവില്‍ കൂടുതല്‍ മികച്ച കഥാപാത്രങ്ങള്‍ തേടിയെത്തി. വെങ്കലവും അമരവുമൊക്കെ അതിനുശേഷം വന്നതാണ്. പിന്നീട് പലപ്പോഴും മാറിനിന്ന കാലത്തെ നഷ്ടപ്പെട്ട നല്ല കഥാപാത്രങ്ങളെയോര്‍ത്ത് അവര്‍ വിഷമിച്ചിരുന്നു. ഭരതന്റെ മരണശേഷം വീണ്ടും കുറച്ചുനാള്‍ വിട്ടുനിന്നെങ്കിലും, സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് തിരിച്ചുവന്നത്, അതിലെ മേരിക്കുട്ടി എന്ന കഥാപാത്രമായി. ആ സിനിമയുടെ ലൊക്കേഷനില്‍വെച്ച് ഭരതന്റെ അടുത്തസുഹൃത്തായിരുന്ന നെടുമുടി വേണുവിനെ കണ്ട് ലളിത പൊട്ടിക്കരഞ്ഞുവെങ്കിലും, കഥാപാത്രമായി മാറിയപ്പോള്‍ ആ സങ്കടങ്ങളെല്ലാം അവര്‍ മനസ്സിലൊതുക്കി. ആ കഥാപാത്രം ലളിതച്ചേച്ചി ചെയ്താല്‍ മാത്രമേ പൂര്‍ണതയുണ്ടാവുകയുള്ളൂവെന്ന് ഉറപ്പായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അസുഖങ്ങള്‍ വലയ്ക്കുമ്പോഴും അവര്‍ അഭിനയം നിര്‍ത്തിയതേയില്ല. അതിലായിരുന്നു ആ അഭിനേത്രി സന്തോഷം കണ്ടെത്തിയിരുന്നത്. മലയാളത്തില്‍ ഭീഷ്മപര്‍വം, ഒരുത്തി തുടങ്ങിയവയും ചില തമിഴ് സിനിമകളും അവരുടെ മരണശേഷമാണ് പുറത്തിറങ്ങിയത്. കെ.പി.എ.സി.ലളിത അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങള്‍ ഇപ്പോഴും നമ്മളെ ചിരിപ്പിച്ചും കരയിപ്പിച്ചും കടന്നുപോവുന്നു.
Content Highlights: remembering actor kpac lalitha on second death anniversary
Published: 22 Feb 2024, 04:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented