ചെറുപ്പകാലത്ത് ജീവിക്കാനായി പല ജോലികളും ചെയ്തിട്ടുണ്ട് സൂപ്പർസ്റ്റാർ രജനീകാന്ത്. ചുമട്ടുതൊഴിലാളിയായും (കൂലി) കണ്ടക്ടറായുമൊക്കെയാണ് അദ്ദേഹം പണമുണ്ടാക്കിയത്. ഇപ്പോൾ 'കൂലി' എന്ന തന്റെ സിനിമയുടെ പ്രൊമോഷണൽ പരിപാടിക്കിടെ അക്കാലത്തെക്കുറിച്ച് തുറന്നുപറയുകയാണ് രജനി.

To advertise here,

100 കിലോ ഭാരം വരുന്ന അരിച്ചാക്കുകൾ ഇറക്കുന്ന ജോലിയായിരുന്നു അന്ന് അദ്ദേഹത്തിന്. അങ്ങനെയുള്ള 100 ചാക്കുകളെന്നാൽ ഒരു ലോഡാണ്. ഒരു ലോഡ് ഇറക്കിയാൽ 10 രൂപയായിരുന്നുവത്രെ കിട്ടിയിരുന്നത്. ആകെ അഞ്ചുപേരുണ്ടാവും. ഓരോരുത്തർക്കും രണ്ടുരൂപ വീതം. ഒരുദിവസം മൂന്ന് ചാക്ക് അരിയിറക്കണമെന്നും പറഞ്ഞ് ഒരാൾ വന്നു. കൈകൊണ്ട് വലിക്കുന്ന വണ്ടിയിൽ (കൈവണ്ടി) അരിച്ചാക്കുകളുമായി രജനി അങ്ങോട്ടുപോയി. പോവുന്ന വഴിക്ക് ഒരപകടം ഉണ്ടായതിനെത്തുടർന്ന് ആകെ ബ്ലോക്കായി. അതിനിടയിലൂടെ കൈവണ്ടിയിൽ അരിച്ചാക്കുകളുമായി പോകുമ്പോൾ, അതു താഴെവീണു. ആളുകളെല്ലാം കൂടി അദ്ദേഹത്തെ ചീത്തവിളിക്കുകയും ചെയ്തു. ജീവിതത്തിൽ ആദ്യമായി കരഞ്ഞതും അന്നുതന്നെ.

മറ്റൊരു സംഭവവും രജനി ഓർത്തെടുത്തു. ''ഒരിക്കൽ ടെമ്പോയിലേക്ക് ചാക്ക് കൊണ്ടുവെക്കാൻ ഒരാൾ ആവശ്യപ്പെട്ടു, രണ്ടുരൂപ തരികയും ചെയ്തു. ശബ്ദം കേട്ട് നോക്കിയപ്പോഴാണ്, മുമ്പ് ഈ ജോലിയുടെ പേരിൽ കളിയാക്കിയിരുന്ന സഹപാഠിയാണെന്ന് മനസ്സിലായത്''. ജീവിതത്തിൽ താൻ ആദ്യമായി കരഞ്ഞ നിമിഷം അതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രജനീകാന്തിന്റെ 171-മത്തെ സിനിമയാണ് 'കൂലി'. ഓഗസ്റ്റ് 14-നാണ് തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായി സിനിമ റിലീസ് ചെയ്യുന്നത്. ലോകേഷ് കനകരാജ് സംവിധാനവും തിരക്കഥാരചനയും നിർവഹിക്കുന്ന സിനിമയിൽ, നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയവരും അഭിനയിക്കുന്നു. ആമിർ ഖാൻ സിനിമയിൽ അതിഥിവേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് സിനിമയ്ക്ക്. 35 വർഷത്തിനുശേഷമാണ് ആമിറും രജനിയും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. രജനിയോടുള്ള ആരാധന മൂത്ത് തിരക്കഥ പോലും നോക്കാതെയാണ് താൻ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് ആമിർ പറഞ്ഞിരുന്നു. ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, ജയ്പൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്.

ഓഗസ്റ്റ് 2-നാണ് സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തത്. ഓഗസ്റ്റ് 2 തിരഞ്ഞെടുക്കാനുള്ള കാരണം രജനീകാന്തിന് അമിതാഭ് ബച്ചനോടുള്ള ആരാധനയാണ്. 1982-ൽ 'കൂലി' എന്ന സിനിമയ്ക്കിടയിലാണ് ബിഗ് ബി മരണത്തോളമെത്തിയ അപകടമുണ്ടാകുന്നത്. കുടലിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ദിവസങ്ങളോളം അതീവഗുരുതരാവസ്ഥയിൽ ആസ്പത്രിയിലായിരുന്നു. ഒടുവിൽ ഓഗസ്റ്റ് 2-നാണ് അദ്ദേഹം ജീവിതതത്തിലേക്ക് തിരിച്ചുവന്നത്. അമിതാഭ് ബച്ചന്റെ രണ്ടാം ജൻമദിനമായി ആരാധകർ ആ ദിനം ആഘോഷിക്കുന്നുമുണ്ട്. അതുകൊണ്ടാണ് അതേ ദിനം തന്നെ തന്റെ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിനായി രജനിയും തിരഞ്ഞെടുത്തത്രേ.

നേരത്തെ സൗബിനും പൂജ ഹെഗ്‌ഡെയും അഭിനയിച്ച 'മോണിക്ക' എന്ന ഗാനം വൈറലായിരുന്നു. രജനിയുടെ പ്രതിഫലത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഈ സിനിമയിൽ അഭിനയിക്കുന്നതിന് 280 കോടി വരെയാണത്രേ രജനിയുടെ പ്രതിഫലം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi