മൂന്നുദശാബ്ദംമുന്‍പ് കോട്ടയത്തെ ഒരു വീട്ടുമതിലിലിരുന്ന് കണ്ണില്‍ അദ്ഭുതത്തിന്റെ പൂത്തിരി കത്തിച്ച് ഒരു പയ്യന്‍ സിനിമ ഷൂട്ടിങ് കാഴ്ച ആദ്യമായിക്കണ്ടു. ഉര്‍വശി തിയേറ്റേഴ്സിലെ മാന്നാര്‍ മത്തായിയായും ബാലകൃഷ്ണനായും ഗോപാലകൃഷ്ണനായും ഡ്രൈവര്‍ പൊന്നപ്പനായുമെല്ലാം ഇന്നസെന്റും മുകേഷും സായ്കുമാറും ഇന്ദ്രന്‍സുമൊക്കെ അഭിനയത്തിന്റെ കൂടുമാറ്റം നടത്തുന്നത് അവനില്‍ എന്തെന്നില്ലാത്ത ആനന്ദമുണ്ടാക്കി. നാളെ തനിക്കും സിനിമപിടിക്കണമെന്ന് അന്നവന്‍ മനസ്സിലുറപ്പിച്ചു. സിനിമാപാരമ്പര്യങ്ങളുടെ വാലോ പരിചയങ്ങളുടെ കൊമ്പോ ഇല്ലാത്ത അയാള്‍ സിനിമയിലേക്കെത്താന്‍ പിന്നീടുള്ളകാലം ഒരുപാടലഞ്ഞു. ഒടുവില്‍ 2016-ല്‍ ഒരൊന്നൊന്നര സിനിമ പിടിച്ചു-'മഹേഷിന്റെ പ്രതികാരം', സംവിധാനം: ദിലീഷ് പോത്തന്‍.
ആ സംവിധായകന്റെ ടൈറ്റില്‍ കാര്‍ഡ് അന്നുതൊട്ട് മലയാളിയുടെ ഹൃദയത്തിലുണ്ട്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും,' 'ജോജി' എന്നീ രണ്ട് സിനിമകള്‍കൂടി തൊട്ടടുത്തവര്‍ഷങ്ങളില്‍ ദിലീഷിന്റെ സംവിധാനത്തില്‍ മലയാളിയുടെ മുന്നിലേക്കെത്തി. ഒന്നില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ സിനിമകള്‍. 'പോത്തേട്ടന്‍ ബ്രില്യന്‍സ്' എന്നും 'ദിലീഷ് പോത്തന്‍ മാജിക്' എന്നുമെല്ലാം മലയാളി ആ സംവിധാനമികവിനെ വിശേഷിപ്പിച്ചു. വര്‍ത്തമാന മലയാളസിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ സംവിധായകരില്‍ മുന്‍നിരക്കാരനാണ് ഈ നാല്‍പ്പത്തിനാലുകാരന്‍. സംവിധാനത്തിനപ്പുറത്ത് അഭിനേതാവായും നിര്‍മാതാവായും പുതുഉയരങ്ങള്‍ കീഴടക്കിക്കഴിഞ്ഞു ദിലീഷ് പോത്തന്‍. കോടപൊതിയുന്ന തിരുനെല്ലിയിലെ ഷൂട്ടിങ് ലൊക്കേഷനിലിരുന്ന് ഓമല്ലൂരിലെ സിനിമാമോഹിയായ പയ്യനില്‍നിന്ന് ഇന്നത്തെ ദിലീഷ് പോത്തനിലേക്കുള്ള യാത്രയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
സംവിധായകനപ്പുറം മലയാളത്തിലെ മികച്ച അഭിനേതാക്കളിലൊരാളായി മാറിക്കഴിഞ്ഞു. അഭിനയം എന്നെങ്കിലും മോഹിപ്പിച്ചിരുന്നോ?
ഇല്ല. അഭിനയിച്ചുതുടങ്ങിയപ്പോഴാണ് ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന തോന്നല്‍ വന്നത്. സിനിമാസംവിധായകനാകാന്‍ വേണ്ടി അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്യുന്ന കാലത്താണ് യാദൃച്ഛികമായി ആഷിഖേട്ടന്റെ 'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്നത്. പിന്നീട് അവസരങ്ങള്‍ വരുമെന്നോ അഭിനേതാവ് എന്നനിലയില്‍ വലിയൊരു കരിയറുണ്ടാകുമെന്നോ അന്ന് പ്രതീക്ഷിച്ചില്ല. അതുകൊണ്ട്, ഞാനതിനുവേണ്ടി സമയം മാറ്റിവച്ചിരുന്നില്ല. എന്നാല്‍, കൂടുതല്‍ പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തി. അതോടെയാണ് അഭിനയത്തെ കുറച്ചുകൂടി ശ്രദ്ധിച്ചതും മറ്റൊരു കരിയറായി കണ്ടതും. ആദ്യഘട്ടത്തില്‍ അഭിനയത്തില്‍ തീരേ ആത്മവിശ്വാസമില്ലായിരുന്നു. ഇപ്പോഴും പൂര്‍ണ ആത്മവിശ്വാസമില്ല. എങ്കിലും എന്നെ വിശ്വസിച്ച് സംവിധായകര്‍ നല്ല കഥാപാത്രങ്ങളേല്‍പ്പിക്കുമ്പോള്‍ അത് എന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ബാല്യകാലവും അന്നത്തെ കാഴ്ചകളും സിനിമാകാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ടോ?
ഓമല്ലൂര്‍ എന്ന ഗ്രാമത്തിലാണ് എന്റെ ബാല്യവും കൗമാരവുമൊക്കെ. അന്ന് കണ്ട മനുഷ്യര്‍, അവരുടെ ജീവിതരീതി, പെരുമാറ്റരീതി, ശൈലി, കാഴ്ചപ്പാടുകള്‍ എന്നിവയൊക്കെ എന്നെ സ്വാധീനിച്ചു. അതില്‍നിന്ന് എന്റെ സ്വഭാവവും കാഴ്ചപ്പാടുകളും രൂപപ്പെട്ടു. എന്റെത് ഒരിടത്തരം കുടുംബമായിരുന്നു. അച്ഛന്‍ കൊല്ലംപറമ്പില്‍ ഫിലിപ്പ്, അമ്മ ചിന്നമ്മ, പിന്നെ രണ്ടനിയത്തിമാരും. ഫിലിം റെപ്രസെന്റേറ്റീവായിരുന്ന അച്ഛനൊപ്പം ഏറ്റുമാനൂരിലെ തിയേറ്ററില്‍ നിന്നാണ് ആദ്യമായി സിനിമ കാണുന്നത്. അച്ഛന്‍ തിയേറ്ററുകാരുമായി സംസാരിക്കുമ്പോള്‍ എന്നെ അകത്ത് കയറ്റിയിരുത്തും. സ്‌ക്രീനിലെ കാഴ്ചകള്‍ കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന സിനിമ അന്നുതൊട്ടേ വലിയ അദ്ഭുതമായിട്ടാണ് തോന്നിയത്. പിന്നീടുള്ള ജീവിതത്തില്‍ ഏറ്റവും സന്തോഷം തന്നതും സിനിമയാണ്.
ആദ്യമായി സിനിമാഷൂട്ടിങ് കണ്ടത് എപ്പോഴായിരുന്നു?
കോട്ടയത്ത് നടന്ന 'മാന്നാര്‍ മത്തായി സ്പീക്കിങ്' എന്ന സിനിമയുടെ ഷൂട്ടിങായിരുന്നു അത്. ബന്ധു വീടിന്റെ അടുത്തായിരുന്നു ഷൂട്ടിങ്. ഒരുദിവസം പപ്പ വന്ന് പറഞ്ഞു: 'വാ, നമുക്ക് ഒരുസ്ഥലംവരെ പോകാം.' എങ്ങോട്ടാണെന്നൊന്നും ചോദിക്കാതെ ഞാന്‍ പോയി. നേരേ കോട്ടയത്തുള്ള ബന്ധുവീട്ടില്‍ കൊണ്ടുവിട്ടു. 'എടാ, അപ്പുറത്തെ വീട്ടില്‍ സിനിമാഷൂട്ടിങ് നടക്കുന്നുണ്ട്, നീ പോയി കണ്ടോ' എന്ന് പറഞ്ഞു. പഠനത്തില്‍ ശ്രദ്ധകുറയും എന്നുള്ളത് കൊണ്ട് എന്റെ സിനിമാപ്രേമത്തിന് എതിരായിരുന്ന പപ്പ ഷൂട്ടിങ് കാണിക്കാന്‍ എന്നെ കൊണ്ടുപോയത് എനിക്ക് വല്ലാത്തൊരു സന്തോഷമുണ്ടാക്കി. അങ്ങനെ ആ വീടിന്റെ മതിലില്‍ വലിഞ്ഞുകയറിയിരുന്ന് പകല്‍ മുഴുവന്‍ ഷൂട്ടിങ് കണ്ടു. ഉര്‍വശി തിയേറ്റേഴ്സ് എന്ന വീട്ടിലെ രംഗങ്ങളായിരുന്നു അവിടെ ചിത്രീകരിച്ചത്. പിന്നീട് മൈസൂരുവില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ മറ്റൊരു സിനിമ ഷൂട്ടിങ് കണ്ടു. ലാല്‍ജോസിന്റെ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍'. അന്ന് യാദൃച്ഛികമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കുകയും ചെയ്തു. ഒരു സിനിമാസെലിബ്രിറ്റിക്കൊപ്പം ആദ്യമായി ഫോട്ടോയെടുത്തത് ആ സെറ്റില്‍വെച്ചാണ്. സംയുക്താ വര്‍മയ്‌ക്കൊപ്പം.
പഠനം, ബെംഗളൂരുവില്‍ ജോലി, സിനിമയോടുള്ള ഇഷ്ടം കെടാതെ കൊണ്ടു പോയത് എങ്ങനെയാണ്?
'പഠിച്ച് ജോലികിട്ടിയശേഷം സിനിമ നോക്കിക്കോ' എന്ന് പപ്പ പറഞ്ഞെങ്കിലും എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. സിനിമയെന്നത് കൈയെത്തുന്ന ദൂരത്തുള്ള ഒന്നല്ലെന്ന് അന്നേ അറിയാം. ഒരു സിനിമാപ്രവര്‍ത്തകനെ പോലും അന്നെനിക്കറിയില്ല. എന്നെക്കൊണ്ട് സിനിമയിലെത്താന്‍ സാധിക്കുമോ എന്നുപോലും സംശയിച്ചിരുന്നു. സിനിമ കാണാനിഷ്ടമാണ്, സംസാരിക്കാനിഷ്ടമാണ് എന്നതിനപ്പുറം വേറൊന്നും അറിയില്ല. ബെംഗളൂരുവില്‍ ജോലിചെയ്യുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന സൈജുവും നജ്ന സ്റ്റുഡിയോ ഉടമയായ അനി കരിവള്ളിയുമാണ് എന്റെ സിനിമാസ്വപ്‌നങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്.
അനിച്ചേട്ടായി ടെലിഫിലിം ചെയ്യുമായിരുന്നു. ഒരിക്കല്‍ സഹായിയായി എന്നെ വിളിച്ചു. അവിടെച്ചെന്നപ്പോള്‍ എന്നെ ആ ടെലിഫിലിമിന്റെ സംവിധായകനാക്കി. ഷൂട്ടിങ്ങിന്റെ ഒരു സാങ്കേതികകാര്യവും അന്നെനിക്കറിയില്ല. നല്ലൊരു ക്യാമറാമാന്‍ ഉണ്ടായതുകൊണ്ട്, എങ്ങനെയൊക്കെയോ പൂര്‍ത്തിയാക്കി. ഫിലിംമേക്കിങ്ങിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് അതോടെ സ്വയം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവില്‍നിന്ന് അനിച്ചേട്ടായിയുമായി ചേര്‍ന്ന് അഞ്ച് ടെലിഫിലിംകൂടി ചെയ്തു. ഓരോ വര്‍ക്കിലും കൂടുതല്‍ മെച്ചപ്പെട്ടു. ആ അനുഭവങ്ങള്‍ സിനിമയില്‍ ഒരു കൈ നോക്കാമെന്ന വിശ്വാസം എന്നിലുണ്ടാക്കി. അതോടെ ജോലി രാജിവെച്ച് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചു. പ്രീഡിഗ്രിക്ക് സഹപാഠികളായിരുന്ന സൂരജ്, റോയി എന്നിവര്‍ അക്കാലത്ത് കോട്ടയം സംക്രാന്തിയില്‍ 'ഹണ്ടേഴ്സ് മീഡിയ' എന്നപേരില്‍ പരസ്യചിത്രനിര്‍മാണക്കമ്പനി നടത്തിയിരുന്നു.
എന്നെ സഹായിക്കാന്‍ നാട്ടില്‍ അവരുംകൂടിയുണ്ടെന്ന ധൈര്യവുമുണ്ട്. നാട്ടിലെത്തിയപ്പോള്‍ പപ്പയുടെ അനിയന്‍ സ്റ്റീഫന്‍ചേട്ടന്റെ നിര്‍മാണത്തില്‍ ഞാന്‍ തിരക്കഥയെഴുതി സൂരജും റോയിയും സംവിധാനംചെയ്ത് ഒരു ടെലിഫിലിം ചെയ്തു. അത് സൂര്യ ടി.വി.യില്‍ ടെലികാസ്റ്റ് ചെയ്തു. ആ സൂരജാണ് പോയവര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ 'വിശേഷം', 'പാ.വ' തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത്. റോയിയാണ് ഞങ്ങള്‍ അടുത്തതായി നിര്‍മിക്കുന്ന 'കരാട്ടെ ചന്ദ്രന്‍' എന്ന സിനിമ സംവിധാനംചെയ്യുന്നത്.
അന്ന് സാമ്പത്തികബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ലേ?
അന്ന് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിയത് അസോസിയേറ്റ് ഡയറക്ടറായി ജോലിചെയ്താണ്. ഭക്തിഗാന ആല്‍ബങ്ങളുടെ വസന്തകാലമാണന്ന്. ഒരുപാട് ആല്‍ബങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചു. 'കെ.കെ. റോഡ്' എന്ന സിനിമയിലാണ് ആദ്യം അസോസിയേറ്റായത്. റിങ്ടോണ്‍, ത്രീ ചാര്‍ സൗ ബീസ്, കാണാക്കൊമ്പത്ത്, മൈ ഡിയര്‍ മമ്മി തുടങ്ങി അഞ്ച് പടങ്ങളില്‍ പിന്നീട് വര്‍ക്ക് ചെയ്തു. 'റിങ്ടോണി'ന്റെ സെറ്റില്‍ വെച്ചാണ് ശ്യാം പുഷ്‌കരനെ പരിചയപ്പെടുന്നത്. ആ പടങ്ങളെല്ലാം നിരൂപക പ്രശംസ നേടാത്തവയായിരുന്നു. സാമ്പത്തിക പരാജയങ്ങളുമായിരുന്നു. അതെന്നെ ഏറെ നിരാശനാക്കി.
ഉള്ള ജോലിയും രാജിവെച്ച് വീട്ടുകാരോടും യുദ്ധംചെയ്താണ് ഇറങ്ങിപ്പുറപ്പെട്ടത്. എന്നാല്‍, സിനിമ ആക്കാലത്ത് എനിക്ക് പ്രതീക്ഷിച്ച സന്തോഷം നല്‍കിയില്ല. അങ്ങനെ കുറച്ചുകാലം സിനിമയില്‍നിന്ന് ഇടവേളയെടുക്കാമെന്ന് തീരുമാനിച്ചു. കാലടി യൂണിവേഴ്സിറ്റിയില്‍ നാടകത്തില്‍ എം.എ. ക്ക് ചേര്‍ന്നു. ആ കാലം എന്നില്‍ പുതിയൊരുണര്‍വുണ്ടാക്കി. എന്റെ ദേഷ്യവും നിരാശയുമെല്ലാം ഇല്ലാതായി. അധ്യാപകര്‍, സഹപാഠികള്‍, നാടകാനുഭവങ്ങള്‍ എന്നിവയെല്ലാം വ്യക്തി എന്നനിലയില്‍ എന്നില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കി. അതിനുശേഷമാണ് 'സോള്‍ട്ട് ആന്‍ഡ് പെപ്പറി'ല്‍ അഭിനയിക്കുന്നത്. അഭിനയിക്കാനുള്ള ധൈര്യം കാണിച്ചതുപോലും കാലടിയിലെ നാടക പരിചയംവെച്ചാണ്.
'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയുടെ പിറവി എങ്ങനെയാണ്.?
അസോസിയേറ്റ് ആയ കാലത്തുതന്നെ ഞാനും ശ്യാമും ദിലീഷ് നായരും 'തങ്ക'ത്തിന്റെ സംവിധായകന്‍ അറാഫത്തും ചേര്‍ന്ന് വൈറ്റിലയില്‍ ഒരുമിച്ച് വീടെടുത്ത് താമസിച്ചിരുന്നു. ശ്യാമും ദിലീഷും കൂടി എഴുതി ഞാന്‍ സംവിധാനംചെയ്യുന്ന ഒരു സിനിമ അന്നൊക്കെ സ്വപ്‌നം കണ്ടിരുന്നു. എനിക്ക് അന്ന് ആക്ഷന്‍ ത്രില്ലറുകളോടായിരുന്നു പ്രിയം. ഹ്യൂമറാണ് നന്നായി ചെയ്യാനാകുക എന്ന് ദിലീഷാണ് ഉപദേശിച്ചത്. 'മഹേഷിന്റെ പ്രതികാരത്തിന്' മുന്‍പ് ഞങ്ങള്‍ പല ഐഡിയകളില്‍ വര്‍ക്കുചെയ്തു. തൊണ്ടിമുതലിന്റെ നിര്‍മാതാവായ സന്ദീപ് സേനനുവേണ്ടി ഒരു സിനിമ ചെയ്യാനും തീരുമാനിച്ചു. പക്ഷേ, എഴുതി പൂര്‍ത്തിയായപ്പോള്‍ അതില്‍ പൂര്‍ണ ആത്മവിശ്വാസം തോന്നിയില്ല. അത് മാറ്റിവെച്ചു.
സിനിമ സംവിധാനം ചെയ്യുന്നതിന് മുന്‍പേ ഹ്രസ്വചിത്രം സംവിധാനംചെയ്യണം എന്ന് തീരുമാനിച്ചു. 'ഇടുക്കി ഗോള്‍ഡി'ന്റെ ഷൂട്ട്‌നടക്കുന്ന സമയത്ത് ഒരുദിവസം രാത്രി ഞാനും ശ്യാമും കൂടി സംസാരിച്ചുനില്‍ക്കുമ്പോള്‍ ഹ്രസ്വചിത്രം ചെയ്യാനുള്ള ആഗ്രഹം അവനോട് പറഞ്ഞു. അപ്പോള്‍ ശ്യാം നാട്ടില്‍നടന്ന ചെറിയൊരു സംഭവത്തെക്കുറിച്ച് സൂചിപ്പിച്ചു. അതിഷ്ടപ്പെടുകയും അതൊരു ഹ്രസ്വചിത്രമാക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. അങ്ങനെ ആലോചിച്ചുതുടങ്ങി, പിറ്റേദിവസമായപ്പോഴേക്കും അതൊരു സിനിമയായി വളര്‍ന്നു. എഴുതി പൂര്‍ത്തിയായ സമയത്ത്് ശ്യാം അത് ആഷിഖേട്ടനോട് (ആഷിഖ് അബു) സൂചിപ്പിച്ചു. കഥകേട്ട ആഷിഖേട്ടന്‍ എന്നെ വിളിച്ചു, 'സംഭവം കൊള്ളാമെന്നും ഞാന്‍ നിര്‍മിക്കാം' എന്ന് പറഞ്ഞു. അങ്ങനെ 'മഹേഷിന്റെ പ്രതികാരം' പ്രോജക്ടായി മാറി.
ആ വിജയമാണോ മുന്നോട്ടുള്ള ആത്മവിശ്വാസം തന്നത്?
മുന്നോട്ടുപോകണമായിരുന്നു, കാരണം വേറെ നിവൃത്തിയൊന്നുമില്ല. ഇതിനായി ബാക്കിയെല്ലാം വിട്ട് വന്നതാണ്. സിനിമയില്‍നിന്നൊരു തിരിച്ചുപോക്ക് ഇനി സാധ്യമല്ല എന്ന് അറിയാമായിരുന്നു. 'മഹേഷിന്റെ പ്രതികാരം' ചെയ്യുമ്പോള്‍ നമ്മുടെ ആഗ്രഹം അടുത്തൊരു സിനിമ കിട്ടാന്‍ തക്കതായ വിജയം ഈ സിനിമയ്ക്ക് ഉണ്ടാകണം എന്നതാണ്. ഒരുമാസം തിയേറ്ററിലോടുന്ന സിനിമ എന്നതായിരുന്നു സ്വപ്നം. പക്ഷേ, മഹേഷ് അതിലും വലിയ വിജയമായി. ആ വിജയം കൂടുതല്‍ ധൈര്യവും അവസരവും തന്നു.
അഭിനേതാക്കളെ കഥനടക്കുന്നപ്രദേശം മനസ്സിലാക്കാന്‍ വിടാറുണ്ട്, എന്താണ് അതിന്റെ ഗുണം?
അഭിനേതാക്കള്‍ക്ക് അത് സഹായമാകുമെന്നാണ് എന്റെ വിലയിരുത്തല്‍. 'മഹേഷിന്റെ പ്രതികാരത്തിലും' 'തൊണ്ടിമുതലിലു'മൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. എല്ലാ സിനിമയ്ക്കും അത് നിര്‍ബന്ധമില്ല. കഥനടക്കുന്ന പ്രദേശത്തെ എത്രമാത്രം സിനിമയില്‍ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചായിരിക്കും അത്. കഥനടക്കുന്ന പ്രദേശം ഏതാണെന്ന് ആദ്യമേ തീരുമാനിക്കില്ല. ആ കഥയെ വിവിധ പ്രദേശങ്ങളില്‍ പശ്ചാത്തലമാക്കി ആലോചിച്ചുനോക്കും. 'തൊണ്ടിമുതലിന്റെ' കഥ ആദ്യം തിരുവനന്തപുരം-തമിഴ്നാട് അതിര്‍ത്തിഗ്രാമം പശ്ചാത്തലമാക്കിയാണ് എഴുതിയത്. പിന്നീട് കാസര്‍കോടേക്ക് മാറി. അതുപോലെ 'മഹേഷിന്റെ പ്രതികാരം' പത്തനംതിട്ട പശ്ചാത്തലമായൊക്കെ ആലോചിച്ചിരുന്നു, അവസാനം ഇടുക്കിയിലെത്തി.
ഒരുസിനിമ സംവിധാനം ചെയ്യണമെന്ന് തീരുമാനിക്കുന്നത് എപ്പോഴാണ്...?
നമുക്കൊരു ഐഡിയ കേള്‍ക്കുമ്പോള്‍ അതിലൊരു എക്‌സൈറ്റ്‌മെന്റ് വരും. അപ്പോള്‍ അതിന്റെപിറകെ പോകുക. ആ ഐഡിയ ഒരുകഥയായി ഒരുസിനിമയ്ക്കുവേണ്ട രൂപത്തിലേക്ക് മാറണം. എപ്പോള്‍ എക്‌സൈറ്റ്മെന്റ് നഷ്ടപ്പെടുന്നുവോ അവിടെ ഞാന്‍ ആ സിനിമ ഉപേക്ഷിക്കും. ഒരുപാട് തിരക്കഥകളില്‍ വര്‍ക്കുചെയ്തിട്ടുണ്ട്. പലതും പാതിവഴിയില്‍ ഉപേക്ഷിച്ചു. എക്‌സൈറ്റ്മെന്റ് നഷ്ടപ്പെടാത്ത മൂന്ന് കഥകളാണ് ഞാന്‍ സംവിധാനംചെയ്തത്.
'കുമ്പളങ്ങി നൈറ്റ്സ്,' 'പ്രേമലു,''പാല്‍തു ജാന്‍വര്‍'... മികച്ച നിര്‍മാതാവ് കൂടിയാണ്. നിര്‍മാതാവായിരിക്കുമ്പോള്‍ സംവിധായകന്‍ കയറിവരാറുണ്ടോ?
രണ്ടും രണ്ട് രീതിയാണ്. സംവിധാനം ചെയ്യുമ്പോഴാണ് ഞാന്‍ കഥയില്‍ കൂടുതല്‍ ഇടപെടുക. നിര്‍മാതാവിന്റെ റോളിലാകുമ്പോള്‍ ആ സിനിമയുടെ സംവിധായകനെ വിശ്വസിച്ച് മുന്നോട്ടുപോകും, എന്നിലെ സംവിധായകന്‍ കയറിവരാതിരിക്കാന്‍ പരമാവധി ശ്രമിക്കും. നിര്‍മാണത്തിനായി ഒരുകഥ കേള്‍ക്കുമ്പോള്‍ കമേഴ്സ്യലി ആ സിനിമ എത്രമാത്രം വിജയിക്കും, എത്ര ബജറ്റ് വരും എന്നൊക്കെയുള്ള സാധ്യതകളാണ് പരിശോധിക്കുക.
അഭിനയിച്ച കഥാപാത്രങ്ങളില്‍ പ്രിയപ്പെട്ടവ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍.?
റൈഫിള്‍ ക്ലബ്, ഒ.ബേബി, രക്ഷാധികാരി ബൈജു, ഈ.മ.യൗ, ജോസഫ്, മഹേഷിന്റെ പ്രതികാരം, ഭീഷ്മപര്‍വ്വം, മാലിക്, വരത്തന്‍ എന്നിവയിലെ കഥാപാത്രങ്ങളാണ് ഒരുപാട് അഭിപ്രായങ്ങള്‍ കിട്ടിയവ. പിന്നെ അഭിനേതാവായി മറ്റ് സംവിധായകരുടെ സിനിമകള്‍ അഭിനയിക്കുന്നത് സംവിധായകനെന്ന നിലയില്‍ ഗുണം ചെയ്യുന്നുണ്ട്. ഒരുപാട് സംവിധായകരോട് ഇടപഴകാനും അവരുടെ ശൈലികള്‍ അടുത്തുനിന്ന് കാണാനുമൊക്കെ സാധിക്കുന്നു.
'ജോജി' കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടു, അഭിനയത്തിരക്കില്‍ സംവിധാനത്തിന് ഇടവേള കൊടുത്തതാണോ?
അടുത്ത സിനിമയുടെ ആലോചന നടക്കുന്നു എന്നതാണ് സത്യം. ഒരുസിനിമ കഴിയുമ്പോള്‍തന്നെ അടുത്ത സിനിമയെക്കുറിച്ച് ഞാന്‍ ആലോചിച്ച് തുടങ്ങും. നിലവില്‍ മൂന്ന് കഥകളില്‍ വര്‍ക്ക് ചെയ്യുന്നു. അതില്‍ ഏതെങ്കിലും ഒന്ന് വൈകാതെ സിനിമയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അഭിനയത്തിനായി സംവിധാനം മാറ്റിവയ്ക്കാറില്ല. വളരെ എക്‌സൈറ്റ്മെന്റ് തോന്നിക്കുന്ന ഐഡിയ കിട്ടി അതിന്റെ എഴുത്ത് ഒരുഘട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അഭിനയത്തില്‍നിന്നെല്ലാം ഇടവേളയെടുത്ത് ആ സിനിമ ചെയ്യുന്നതാണ് രീതി. നിലവില്‍ അത്തരത്തിലൊരു സമയമാണിത്. അടുത്തത് റിയലിസത്തില്‍നിന്ന് വിട്ട് അല്പം സിനിമാറ്റിക്ക് ആയൊരു വര്‍ക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. അപ്പോഴും എന്റേതായൊരു ലോകം ആ സിനിമയില്‍ ഉണ്ടാകും.
സിനിമ എടുക്കുമ്പോള്‍ പുരസ്‌കാരങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ?
ഇല്ല, 'മഹേഷിന്റെ പ്രതികാര'ത്തിന് പുരസ്‌കാരം കിട്ടുന്ന ദിവസംവരെ അത്തരമൊരു അവാര്‍ഡിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കാരണം ഒരു കമേഴ്സ്യല്‍ സിനിമ ചെയ്യാനാണ് അന്ന് ശ്രമിച്ചത്. അംഗീകാരം കിട്ടിയപ്പോള്‍ പ്രോത്സാഹനമായി. പിന്നെ എന്റെ കാഴ്ചപ്പാടില്‍ കലയെ പുരസ്‌കാരത്തിന്റെ പേരില്‍ വിലയിരുത്തേണ്ടതില്ല.
കാലടിയില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന കാര്യമൊക്കെ എല്ലാവര്‍ക്കും അറിയാം. എം.എ. പൂര്‍ത്തിയാകാറായപ്പോള്‍ സിനിമ, നാടക പരിചയങ്ങള്‍വെച്ച് പലസ്ഥലത്തുനിന്ന് കലോത്സവ നാടകമത്സരങ്ങള്‍ക്ക് ജഡ്ജായി ക്ഷണിച്ചു. സാമ്പത്തികപരമായി ഏറെ ബുദ്ധിമുട്ടുള്ള കാലമായതിനാല്‍ എന്നെ സംബന്ധിച്ച് അതൊരു ചെറിയ വരുമാനമാര്‍ഗം കൂടിയായി. കുറച്ചുകാലം ജഡ്ജായി പോയപ്പോള്‍ എനിക്കത് വലിയ മാനസികസമ്മര്‍ദം ഉണ്ടാക്കി. അതോടെ ആ പരിപാടി നിര്‍ത്തി. പിന്നീട് ഇതുവരെ ഒരു ജൂറിയോ ജഡ്ജോ ആയി എവിടെയും പോയിട്ടില്ല.
പോയ വര്‍ഷങ്ങളില്‍ സംസ്ഥാന ചലച്ചിത്രപുരസ്‌കാര നിര്‍ണയം, ഐ.എഫ്.എഫ്.ഐ. തുടങ്ങി പ്രമുഖ ഇടങ്ങളില്‍ ജൂറിയായി ക്ഷണിച്ചിരുന്നു. എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് പറഞ്ഞ് ഒഴിവായി. കലയെ എങ്ങനെ താരതമ്യം ചെയ്യും എന്ന കാര്യത്തില്‍ ഇപ്പോഴും എനിക്ക് ആശയക്കുഴപ്പമുണ്ട്. വിലയിരുത്തുമ്പോള്‍ എപ്പോഴും ജൂറിയുടെ വ്യക്തിപരമായ കാഴ്ചപ്പാട്, താത്പര്യങ്ങള്‍ എന്നിവ അതിനെ സ്വാധീനിക്കും. സ്പോര്‍ട്സില്‍ ഒരുവിജയിയെ കണ്ടെത്തുന്നതുപോലെ ഒരിക്കലും ആര്‍ട്ടില്‍ വിജയിയെ കണ്ടെത്താനാവില്ല.
ജീവിതത്തില്‍ ആനന്ദം കണ്ടെത്തുന്ന വഴികള്‍.?
സിനിമയോളം ആനന്ദം തരുന്ന മറ്റൊന്നും ഇല്ല. യാത്രകള്‍ ചെയ്യും. എന്നാലും ഒരിടത്തുതന്നെ ഇരുന്ന് സിനിമ കാണാനും വായിക്കാനുമാണ് താത്പര്യം. ഏതെങ്കിലും ഒരുസ്ഥലത്ത് പോകണം എന്നുപറഞ്ഞാല്‍ത്തന്നെ മടിതോന്നുന്ന ആളാണ്. അഭിനയിക്കുന്ന സമയത്ത് സിനിമ കാണാനും വായിക്കാനുമൊക്കെ ഒത്തിരി സമയം ലഭിക്കും.
അന്യഭാഷയില്‍ നിന്ന് സംവിധാനത്തിന് ഓഫറുകളുണ്ടാകാം, എന്തുകൊണ്ടാണ് അവ സ്വീകരിക്കാത്തത്.?
തമിഴ്, ഹിന്ദി, തെലുഗ് ഭാഷകളില്‍നിന്ന് സിനിമകള്‍ ചെയ്യാന്‍ ഓഫറുകള്‍ വന്നിട്ടുണ്ട്. അവിടെയുള്ള പ്രമുഖ തിരക്കഥാകൃത്തുക്കളും നിര്‍മാണക്കമ്പനികളുമാണ് വിളിച്ചത്. എനിക്ക് ഒരിക്കലും മറ്റൊരുഭാഷയില്‍ ഒരുപടം ചെയ്യാനുള്ള ആത്മവിശ്വാസം നിലവില്‍ തോന്നിയിട്ടില്ല. അതുകൊണ്ട് ആ ഓഫറുകളൊന്നും സ്വീകരിച്ചില്ല. കാരണം ഞാന്‍ ഹിന്ദിയില്‍ ഒരു പടം ചെയ്യുമ്പോള്‍ ആ ഭാഷയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും നാടിനെക്കുറിച്ചും ഒരുധാരണവേണം. അതില്ലാതെ എനിക്ക് സിനിമ ചെയ്യാന്‍ പാടാണ്.
'റൈഫിള്‍ ക്ലബ്ബി'ല്‍ കേന്ദ്രകഥാപാത്രമായിരുന്നു, ആ വിജയത്തിന്റെ സന്തോഷം.?
'റൈഫിള്‍ ക്ലബ്' എന്നെ സംബന്ധിച്ച് വളരെ പ്രാധാനപ്പെട്ടതായിരുന്നു. ആഷിഖേട്ടന്റെ സിനിമയില്‍ ഒരു പ്രധാനവേഷം ചെയ്യാന്‍ പറ്റി എന്നതിന്റെ സന്തോഷമുണ്ട്. ശ്യാമും ദിലീഷും ഒക്കെക്കൂടി എഴുതിയ തിരക്കഥയാണ്. അത്തരമൊരു സിനിമയില്‍ പ്രധാന കഥാപാത്രം ലഭിക്കുക, ക്രിസ്മസ് അവധിക്കാലത്ത് തിയേറ്ററിലെത്തുക എന്നതെല്ലാം സന്തോഷമുള്ള കാര്യമാണ്. കാരണം ഇവരെല്ലാം എന്റെ സിനിമാജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള ആള്‍ക്കാരാണ്.
Content Highlights: malayalam actor director dileesh pothan interview
Published: 19 Jan 2025, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented