തമിഴ് സിനിമ അതിന്റെ വ്യക്തിത്വം നിലനിർത്താൻ അതിരുകൾ ഭേദിക്കണമെന്ന് നടൻ കാർത്തി. ഡിസംബർ 12-ന് തന്റെ പുതിയ ചിത്രമായ 'വാ വാതിയാർ' റിലീസ് ചെയ്യാനിരിക്കെയാണ് കാർത്തിയുടെ പ്രതികരണം. ഇന്നത്തെ തമിഴ് ചിത്രങ്ങളെ എന്താണ് നിർവചിക്കുന്നതെന്ന് താൻ ചിന്തിക്കാറുണ്ടെന്ന് ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിൽ അദ്ദേഹം പറഞ്ഞു.
"തെലുങ്ക് സംവിധായകർ വലിയ സിനിമകൾ ചെയ്യുന്നുണ്ടെന്നും മലയാള സംവിധായകർ വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നുണ്ടെന്നും ഞാനെപ്പോഴും ആലോചിക്കാറുണ്ട്. തമിഴ് സിനിമയുടെ വ്യക്തിത്വം എന്താണ്? പരീക്ഷിക്കാൻ ഭയന്നാൽ നമുക്ക് പുതിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. നമ്മൾ തടസ്സങ്ങളെ ഭേദിക്കണം."-അദ്ദേഹം പറഞ്ഞു.
'മെയ്യഴകൻ' ചെയ്ത് ഒരു വർഷത്തിനു ശേഷമാണ് കാർത്തിയുടെ ചിത്രം തിയേറ്ററുകളിലെത്തുന്നത്. നളൻ കുമാരസ്വാമിയാണ് 'വാ വാതിയാർ' സംവിധാനം ചെയ്യുന്നത്. അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ എം.ജി. രാമചന്ദ്രനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നളന്റെ സമീപനത്തെ പ്രശംസിച്ച കാർത്തി, അദ്ദേഹം തമിഴ് സിനിമയിലേക്ക് ഒരു യുനീക് ശൈലി കൊണ്ടുവന്നിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.
'അദ്ദേഹത്തെപ്പോലുള്ള നിരവധി സംവിധായകരുണ്ട്. ഞാൻ ഏത് സെറ്റിൽ പോയാലും 'നിങ്ങൾ നളൻ സാറിന്റെ സിനിമയിൽ അഭിനയിക്കുന്നുണ്ടോ?' എന്ന് പലരുമെന്നോട് ചോദിക്കും. നളന്റെ ആശയങ്ങൾ മനസ്സിലാവാൻ സമയമെടുക്കും. സെൽവരാഘവന്റെ 'ആയിരത്തിൽ ഒരുവൻ' എന്ന ചിത്രത്തിൽ പ്രവർത്തിച്ചപ്പോഴും ഇതുപോലൊരു അനുഭവമായിരുന്നു എനിക്ക്. ചില രംഗങ്ങൾ സംവിധായകൻ വിശദീകരിച്ചശേഷം മാത്രമേ അർഥവത്താകൂ' എന്നും അദ്ദേഹം വിശദീകരിച്ചു.
'ഈ വേഷം വലിയ വെല്ലുവിളിയായിരുന്നു. എനിക്കത് ചെയ്യാൻ കഴിയുമോയെന്നും സംശയമുണ്ടായിരുന്നു, പക്ഷേ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ നമ്മൾ നമ്മുടെ ഭയങ്ങളെ അഭിമുഖീകരിക്കണമെന്ന് ഞാൻ മനസ്സിലാക്കി. ഒരു വാളിൽ നടക്കുന്നതിന് തുല്യമാണ് ഈ വേഷം, ഒന്നുകിൽ നിങ്ങൾ വിജയിക്കും അല്ലെങ്കിൽ ദയനീയമായി പരാജയപ്പെടും'-അദ്ദേഹം പറഞ്ഞു. കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായിക. രാജ്കിരൺ, സത്യരാജ്, ആനന്ദരാജ്, ജിഎം സുന്ദർ, ശിൽപ മഞ്ജുനാഥ് തുടങ്ങിയവരും അഭിനയിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Karthi questions Tamil cinema`s identity, urging boundary-pushing ahead of his film Vaa Vaathiyaar. Explore his thoughts and the movie`s MGR-inspired character
Published: 09 Dec 2025, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented