
ഈ ആഴ്ചയിലെ കഥയിലെ നായികമാർ എന്ന കോളം കുറിക്കാനിരുന്നപ്പോൾ പെട്ടെന്ന് ഓവർടേക്ക് ചെയ്ത് എന്റെ മനസ്സിലേക്ക് കടന്നുവന്നത് ഒരു വലിയ താരബിംബമാണ്. ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണവുമായി ചലച്ചിത്രലോകം അടക്കിവാണിരുന്ന ആ താരസ്വരൂപത്തെ വിജയശാന്തി എന്നാണ് നമ്മൾ വിളിച്ചിരുന്നത്. ആക്ഷൻരംഗങ്ങളിൽ നമ്മുടെ നായകസ്വരൂപങ്ങളെക്കാൾ കളംനിറഞ്ഞാടിയ വിജയശാന്തിയുടെ ചിത്രങ്ങൾക്കുള്ള വിപണനമൂല്യം മറ്റൊരു നായകതാരത്തിനും അന്നുവരെ ഉണ്ടായിട്ടില്ല. അന്ന് എവിടെ തിരിഞ്ഞുനോക്കിയാലും ഒരു വിജയശാന്തി തരംഗം തന്നെയായിരുന്നു.
അതുകണ്ടപ്പോൾ എന്റെ മനസ്സിലേക്ക് പെട്ടെന്നാണ് ഒരു കച്ചവടക്കണ്ണ് കടന്നുവന്നത്. നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാറായ വിജയശാന്തിയെയുംവെച്ച് ഒരു ത്രില്ലർ സിനിമ ചെയ്താലോ? അവർക്ക് പറ്റിയ ഒരു കഥയും എന്റെ കൈയിലുണ്ടായിരുന്നു. ആദ്യമേ തന്നെ ഐഎഎസ് v/s ഐപിഎസ് എന്ന പേരും കഥയ്ക്കിട്ടിരുന്നു. ജോഷിയെക്കൊണ്ട് ചെയ്യിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.
ആ സമയത്താണ് എന്റെ സുഹൃത്തും ഞാൻ തിരക്കഥയെഴുതിയ ‘വെൽക്കം ടു കൊടൈക്കനാൽ’ എന്ന സിനിമയുടെ നിർമാതാവുമായ സിംന ഹമീദ് പുതിയ പടം എടുക്കാനുള്ള ആലോചനയുമായി വരുന്നത്. അധികം ബജറ്റുള്ള സിനിമയല്ല ഹമീദിന്റെ മനസ്സിലുള്ളത്. എന്നാലും ഞാൻ വെറുതെ ഈ കഥയുടെ രത്‌നചുരുക്കം ഹമീദിനോട് പറഞ്ഞു. കഥകേട്ട് ത്രില്ലടിച്ച ഹമീദിന് ഈ സിനിമ തനിക്ക് ചെയ്യണമെന്നായി. വിജയശാന്തിയാണ് നായിക എന്നുകൂടി കേട്ടപ്പോൾ ഹമീദിന് പെരുത്ത് സന്തോഷമായി. വിജയശാന്തിയുടെ ഡേറ്റ് എങ്ങനെ വാങ്ങിക്കും? അപ്പോഴാണ് ക്യാപ്റ്റൻ രാജുവിന്റെ കാര്യം ഞാനോർത്തത്. ഞാൻ അപ്പോൾതന്നെ ക്യാപ്റ്റനെ വിളിച്ച് വിജയശാന്തിയുടെ കാര്യം പറഞ്ഞു. ക്യാപ്റ്റൻ വിജയശാന്തിയുടെ കൂടെ പല തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ളതുകൊണ്ട് അവർ തമ്മിൽ നല്ല ഇഴയടുപ്പമുണ്ട്.
ഒരാഴ്ച കഴിഞ്ഞപ്പോൾ മദ്രാസ്സിൽനിന്നും ക്യാപ്റ്റൻ രാജുവിന്റെ വിളിവന്നു.
' ഞായറാഴ്ച വിജയശാന്തി ഒരു തമിഴ് പടത്തിൽ അഭിനയിക്കാൻ വേണ്ടി ഇവിടെ വരുന്നുണ്ട്. നിങ്ങൾ നാളെ കഴിഞ്ഞു വന്നാൽ അവരെ കാണാനുള്ള ഏർപ്പാട് ഞാൻ ചെയ്യാം. എപ്പോഴാണ് വരുന്നതെന്ന് നാളെ രാവിലെ വിളിച്ച് പറയണം.'
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാനും നിർമ്മാതാവായ ഹമീദും കൂടി മദ്രാസ്സിന് പുറപ്പെട്ടു. മദ്രാസ്സിലെ പാംഗ്രോവ് ഹോട്ടലിലാണ് ഞങ്ങൾ മുറിയെടുത്തിരുന്നത്. എഗ്മൂറിലുള്ള ഒരു സ്‌കൂൾ കെട്ടിടത്തിലായിരുന്നു വിജയശാന്തിയുടെ ഷൂട്ട്. പതിനൊന്ന് മണിയോടെ ഞങ്ങൾ ലൊക്കേഷനിലെത്തി. ക്യാപ്റ്റൻ രാജു ഞങ്ങളെ കാത്ത് സ്‌കൂളിന്റെ ഗേറ്റിൽതന്നെ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളെ സ്‌കൂളിന്റെ ഓഫീസ് മുറിയിൽ കൊണ്ടിരുത്തിയിട്ട് ക്യാപ്റ്റൻ വിജയശാന്തിയെ കാണാൻ പോയി.
എങ്ങനെയാണ് വിജയശാന്തിയെ ഇംപ്രസ് ചെയ്യുന്ന വിധത്തിൽ കഥ ചൊല്ലേണ്ടതെന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ് തെല്ല് ദൂരെനിന്ന് ക്യാപ്റ്റന്റെ കൂടെ ഒരു സ്ത്രീരൂപം നടന്നുവരുന്നത് കണ്ടത്. ആരാണ് കൂടെയുള്ള സ്ത്രീ എന്ന് ശ്രദ്ധിച്ചപ്പോൾ കസവുസാരിയണിഞ്ഞ് നെറ്റിയിൽ ചന്ദനവും വട്ടപ്പൊട്ടും തൊട്ട് ഒരു സാധാരണ ബ്രാഹ്‌മണസ്ത്രീയായി വരുന്നത് വിജയശാന്തിയാണെന്ന് എനിക്ക് മനസ്സിലായത്. പാന്റ്‌സും ജീൻസും മോഡേൺ വസ്ത്രങ്ങളും ധരിച്ച് ആക്ഷൻ രംഗങ്ങളിൽ തിരശ്ശീല നിറഞ്ഞാടുന്ന ലേഡി സൂപ്പർസ്റ്റാറിന്റെ സ്‌ക്രീൻ പ്രസന്റ്‌സിനെക്കുറിച്ച് ഓർക്കുകയായിരുന്നു ഞാൻ.
ക്യാപ്റ്റനോടൊപ്പം അവർ പതുക്കെ മുറിയിലേക്ക് കയറി. ക്യാപ്റ്റൻ ഞങ്ങളെ പരിചയപ്പെടുത്തി. വളരെ ഹൃദ്യമായ ചെറുചിരിയോടെ ''ഹലോ'' പറഞ്ഞുകൊണ്ട് അവർ തിടുക്കം കാണിച്ചപ്പോൾ കഥ പറയാൻ ഞാൻ തയ്യാറായി ക്യാപ്റ്റനെ നോക്കി.
'എന്നാൽ സമയം കളയണ്ട. അടുത്ത സീൻ തുടങ്ങുന്നതിന് മുമ്പ് ആളെ എത്തിക്കാമെന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്.'
വിജയശാന്തി വേഗംതന്നെ കഥ കേൾക്കാൻ തയ്യാറായി ഒരു കസേരയിൽ ഇരുന്നു. ഞാൻ എതിരെ കിടന്നിരുന്ന മറ്റൊരു കസേരയിലും ഇരുന്ന് കഥ പറയാൻ തുടങ്ങിയപ്പോൾ ഹമീദും ക്യാപ്റ്റനുംകൂടി പുറത്തേക്കിറങ്ങി.
പതിനഞ്ച് മിനിറ്റുകൊണ്ട് ഞാൻ കഥ പറഞ്ഞുകേൾപ്പിച്ചു. കഥകേട്ട ഉടനെ തന്നെ അവർ നല്ല അഭിപ്രായവും പറഞ്ഞു. രണ്ട് മൂന്ന് തെലുങ്ക് സിനിമകളുടെ തിരക്കിലായിരുന്നെങ്കിലും മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനുള്ള അവസരം വളരെ സന്തോഷത്തോടെയാണ് അവർ സ്വീകരിച്ചത്. മൂന്നുമാസം കഴിഞ്ഞ് രണ്ട് തവണയായി കോൾഷീറ്റ് തരാമെന്നും അവർ പറഞ്ഞു. ഐഎഎസ് v/s ഐപിഎസ് എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. രണ്ട് നിയമപാലകർ തമ്മിലുള്ള കിടമത്സരവും പോർവിളിയുമൊക്കെയുള്ള വളരെ പുതുമയുള്ള കഥയും ടൈറ്റിലുമാണെന്ന് അവർ കൂട്ടിച്ചേർത്തു.
വിജയശാന്തി ആദ്യമായി മലയാളത്തിൽ അഭിനയിക്കാൻ പോകുന്നു എന്നതിന്റെ സന്തോഷത്തിൽ നിർമാതാവ് ഹമീദ് അപ്പോൾതന്നെ അവിടെവച്ച് ഒരു പ്രഖ്യാപനവും നടത്തി.
'ഐഎഎസ് v/s ഐപിഎസ് ഒരു ഇൻഡസ്ട്രി ഹിറ്റായിരിക്കും.'
ആലുവാ പെരിയാർ ഹോട്ടലിലിരുന്നാണ് ഞാൻ ഇതിന്റെ സീൻ ഓർഡർ എഴുതിയത്. മറ്റ് ആർട്ടിസ്റ്റുകൾ ആരൊക്കെ വേണമെന്നറിയണമെങ്കിൽ ആദ്യം സീൻ ഓർഡർ ഉണ്ടാക്കണമെന്ന് ഹമീദിന് നന്നായിട്ടറിയാം. എന്നാൽ അവിടെ ഒരു കൺഫ്യൂഷൻ കിടന്നുകളിക്കുന്നതുകൊണ്ട് കൃത്യമായ ഒരു ഡേറ്റ് ആരോടും പറഞ്ഞുവെക്കാനാവില്ല. വിജയശാന്തി രണ്ട് ഷെഡ്യൂളായിട്ട് ഡേറ്റ് തരാമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ ടെൻഷനിൽ ഹമീദ് ഓടിനടക്കുമ്പോൾ പെട്ടെന്നാണ് മമ്മൂട്ടിയുടെയും വിജയശാന്തിയുടെയും ഡേറ്റ് തമ്മിൽ ക്ലാഷാകുമെന്നുള്ള വിവരം ഞങ്ങൾ അറിയുന്നത്. അതുമാത്രമല്ല, പിന്നെയും പല പല കാരണങ്ങൾ കയറിവന്നതുകൊണ്ടും ഹമീദിന്റെ നിർഭാഗ്യംകൊണ്ടും അകാലത്തിൽ ആ പ്രോജക്ടിന് തിരശ്ശീലവീഴുകയായിരുന്നു. ഹമീദാണ് തകർന്നുപോയത്. പിന്നീട് ഒരു കൊല്ലം കഴിഞ്ഞപ്പോഴാണ് ഈ പ്രോജക്ടിന് ഒരു പുനർജന്മമുണ്ടാകുന്നത്. തമിഴിൽ സത്യരാജിനെയും വിജയശാന്തിയെയും വെച്ച് എടുക്കാനുള്ള പുതിയൊരു ആസൂത്രണവുമായി തരംഗിണി ശശി വരുന്നത്. ഞാനും ജോഷിയുംകൂടി ചെയ്ത 'ജനുവരി ഒരു ഓർമ്മ'യുടെ നിർമാതാവാണ് ശശി. സത്യരാജിന്റെ മാനേജരായ രാമനാഥനാണ് നിർമാതാവ്. ജോഷിതന്നെയായിരുന്നു ഇതിന്റെയും സംവിധായകൻ. കഥയും തിരക്കഥയും ഞാൻ തന്നെയാണ് എഴുതിയത്.
ജന്റിൽമാൻ, കാതലൻ തുടങ്ങിയ മെഗാഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുള്ള തമിഴിലെ പ്രശസ്ത ബാലമുരുകനെ കൊണ്ടാണ് സംഭാഷണം എഴുതിച്ചത്. കഥയെക്കുറിച്ച് വിജയശാന്തി നല്ല അഭിപ്രായം പറഞ്ഞതുകൊണ്ട് സത്യരാജിന്റെ നിർമാണകമ്പനി പ്രത്യേക താത്പര്യം കാണിച്ചത്. ഞാൻ മദ്രാസിൽപോയി സത്യരാജിനോട് കഥ പറഞ്ഞ് കേൾപ്പിക്കുകയും ചെയ്തു. ചിത്രത്തിന് 'രാജാറാണി' എന്നാണ് പേരിട്ടിരിക്കുന്നത്.
മലയാളത്തിൽനിന്നും ചെറിയ മാറ്റങ്ങൾ വരുത്തി തമിഴ് കൾച്ചറിലുള്ള സ്‌ക്രീൻപ്ലേ ഉണ്ടാക്കുന്നതിനുവേണ്ടി എന്റെ സഹായിയായി മദ്രാസ്സിൽനിന്നും മഹാരാജാ എന്നു പേരുള്ള ഒരു സഹസംവിധായകനെയും അവർ എന്റെ കൂടെ വിട്ടു. ആലുവാ പെരിയാർ ഹോട്ടലിൽതന്നെയാണ് ഇതിന്റെയും രചന നടത്തിയത്.
ഒരുദിവസം ഞാൻ ഹോട്ടൽ പെരിയാറിലേക്ക് ചെന്നപ്പോൾ താഴെ മഹാരാജ താമസിച്ചിരുന്ന മുറിയിൽനിന്നും വല്ലാത്തൊരു ഒച്ചയും ബഹളവും കേട്ടു. ആരോടോ വഴക്കുകൂടുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഞാൻ വേഗംതന്നെ മഹാരാജായുടെ മുറിയിലേക്ക് ചെന്നു. അവിടെ രണ്ടുമൂന്ന് ചെറുപ്പക്കാർ പരസ്പരം ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറയുന്നത് കേൾക്കാം. പെട്ടെന്ന് എന്നെ കണ്ടപ്പോൾ അവർ നിശബ്ദരായി. മഹാരാജാ ചെറിയ ചമ്മലോടെ എന്നോട് പറഞ്ഞു.
' ഇത് എന്റെ ഫ്രണ്ട്‌സാണ് സാർ. ഡിസ്‌കഷനുവേണ്ടി വന്നതാണ്.'
അയാളുടെ ഒന്നുരണ്ട് സുഹൃത്തുക്കൾ വരുമെന്ന് രണ്ടുദിവസം മുൻപ് പറഞ്ഞ കാര്യം ഞാൻ അപ്പോഴാണ് ഓർത്തത്.
തമിഴ് സിനിമയുടെ ചർച്ച നടക്കുന്നത് കാണാൻ നല്ല രസമാണ്. ഏതോ ശത്രുക്കൾ തമ്മിൽ കൊമ്പ് കോർക്കുന്നതുപോലെയേ തോന്നുകയുള്ളൂ. തൊഴിലിനോടുള്ള അവരുടെ ആത്മാർഥതയാണ് അവിടെ പ്രതിഫലിക്കുന്നത്.
പത്തുദിവസം കൊണ്ട് ഞാൻ പുതിയ സീൻ ഓർഡർ എഴുതിത്തീർത്തു. അതിന്റെ ഒരു കോപ്പിയുംകൊണ്ടാണ് മഹാരാജയും സംഘവും മദ്രാസ്സിലേക്ക് മടങ്ങിയത്. അന്ന് മഹാരാജയുടെ സഹായികളായി എത്തിയവരിൽ വെങ്കിടേഷ് എന്ന ചെറുപ്പക്കാരനാണ് പിന്നീട് വിജയിയെ നായകനാക്കി ആദ്യചിത്രം സംവിധാനം ചെയ്തത്.
രണ്ടുദിവസം കഴിഞ്ഞ് ഞാൻ മദ്രാസ്സിലെത്തി. രാജാറാണിയ്ക്കുവേണ്ടി സംഭാഷണം എഴുതാൻ ഏൽപ്പിച്ചിരുന്ന ബാലമുരുകന്റെകൂടെ അരദിവസം ഞാൻ ഡിസ്‌കഷന് ഇരിക്കുകയും ചെയ്തു.
ഒരുമാസം കഴിഞ്ഞപ്പോൾ രാജാറാണിയുടെ പൂജയും സ്വിച്ചോണും താജ് ഹോട്ടലിൽ വെച്ചാണ് നടന്നത്. അമിതാഭ് ബച്ചനാണ് രാജാറാണിയുടെ സ്വിച്ചോൺ കർമം നിർവഹിച്ചത്. പ്രത്യേക ക്ഷണിതാവായിട്ട് എത്തിയത് മമ്മൂട്ടിയാണ്. അദ്ദേഹം ചെയ്യാനിരുന്ന ഐഎഎസ്സ്v/sഐപിഎസ് സത്യരാജ് ചെയ്യാൻ പോകുന്നതിന്റെ ആകാംക്ഷയിലായിരുന്നു കക്ഷി. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേതന്നെ രാജാറാണിയുടെ കട്ടൗട്ടും പോസ്റ്ററുകളും ഒരു അലങ്കാരച്ചാർത്തുപോലെ മദ്രാസ് നഗരം മുഴുവൻ വ്യാപിച്ചിരുന്നു.
സത്യരാജിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജയ്ക്ക് തമിഴ്, തെലുങ്ക് സിനിമയിലുള്ള ഒത്തിരി പ്രമുഖവ്യക്തിത്വങ്ങളാണ് എത്തിയിരുന്നത്. പൂജ കഴിഞ്ഞ് സത്യരാജും വിജയശാന്തിയും ചേർന്നുള്ള ചില കട്ട്‌സുകൾ മാത്രമേ സ്വിച്ചോൺ ദിവസം എടുത്തിരുന്നുള്ളൂ.
എന്നാൽ മമ്മൂട്ടിചിത്രമായ ഐഎഎസ് v/s ഐപിഎസ്സിന്റെ വിധി തന്നെയാണ് രാജാറാണിക്കും സംഭവിച്ചത്. അതിനേക്കാൾ തീവ്രത കൂടുതലായിരുന്നെന്നുവേണം പറയാൻ. ഒറ്റ രാത്രി ഇരുണ്ടുവെളുക്കുംമുൻപേതന്നെ അസ്തമയം വന്ന് രാജാറാണിയെ എന്നന്നേക്കുമായി മൂടുകയായിരുന്നു. സംവിധായകനും നിർമാതാവും തമ്മിൽ പെട്ടെന്നുണ്ടായ ചെറിയ വലിയ അഭിപ്രായഭിന്നതയിൽനിന്നാണ് ഈ ചിത്രത്തിനും രാഹുകാലം ബാധിച്ചത്. സമയവും രാഹുകാലവും നാളും പക്കവുമൊക്കെ നോക്കിത്തുടങ്ങുന്ന പല ചിത്രങ്ങളുടെയും സ്ഥിതി ഇങ്ങനെയൊക്കെത്തന്നെയാണ്. എല്ലാം നിയതിയുടെ നിശ്ചയംപോലെ നടക്കുമെന്ന് സ്വയം ആശ്വസിക്കാനല്ലാതെ വേറെ നമുക്ക് എന്ത് ചെയ്യാനാകും?
(അടുത്തത്: സുനിത)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kaloor Dennis talks about Vijayashanthi and their dropped film project
Published: 27 Dec 2025, 11:58 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented