യൗവനകാലത്ത് എന്നെ ഏറെ സ്വാധീനിച്ച എറണാകുളത്തെ പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തെരേസാസ് കോളേജ്. നമ്മുടെ സാഹിത്യ-സിനിമാ-രാഷ്ട്രീയരംഗത്തെ ഒട്ടേറെ പ്രഗത്ഭവ്യക്തിത്വങ്ങൾക്ക് അറിവിന്റെ വിദ്യാധനം പകർന്നുകൊടുക്കാൻ മഹാരാജാസും സെന്റ് ആൽബെർട്ട്‌സും തേവര കോളേജുമൊക്കെ ഇവിടെയുണ്ടായിരുന്നെങ്കിലും എന്നെപ്പോലുള്ള പുതുയൗവനങ്ങൾക്ക് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സെന്റ് തെരേസാസിനോടായിരുന്നു ഏറെ താത്പര്യം. വിദ്യാഭ്യാസത്തിലും അച്ചടക്കത്തിലും ഇത്രമേൽ ഉന്നതനിലവാരം പുലർത്തുന്നതും കേരളത്തിനും പുറത്തുമുള്ള സമ്പന്നന്മാരുടെ അതിസുന്ദരികളായ പെൺസൂനങ്ങൾ പഠിക്കുന്നതുമായ ഏക കോളേജാണ് സെന്റ് തെരേസാസ് എന്ന് അക്കാലത്ത് പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ഇവിടെ പഠിക്കുന്ന സൗന്ദര്യലാവണ്യങ്ങളെ കാണാൻ കോളേജിന് മുൻപിലുള്ള ബസ് സ്‌റ്റോപ്പിൽ കാത്തുകെട്ടിക്കിടക്കുന്ന യുവമനസ്സുകളുടെ ആഘോഷങ്ങൾക്ക് പലവട്ടം ഞാൻ സാക്ഷിയായിട്ടുണ്ട്. പലവട്ടം ഞാനും ഈ ബസ് സ്റ്റോപ്പിൽപോയി സുന്ദരികളെ കാണാൻ നിന്നിട്ടുണ്ട്. ഇത്രയും ആമുഖമായി ഇവിടെ കുറിക്കാൻ നിമിത്തമായത് കഥയിലെ നായികമാർ എന്ന കോളത്തിലേക്ക് നായികാതാരവും പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ മുൻഭാര്യയുമായ ലിസിയെക്കുറിച്ചുള്ള ഓർമസഞ്ചാരങ്ങളിലേക്ക് പെട്ടെന്ന് സെന്റ് തെരേസാസ് കോളേജ് കടന്നുവന്നതുകൊണ്ടാണ്. ഇനി മനസ്സുനിറയെ സിനിമാമോഹവുമായി നടന്നിരുന്ന കൗമാരക്കാരിയായ ലിസി സിനിമയിൽ അഭിനയിക്കാനുള്ള അവസരംചോദിച്ചുകൊണ്ട് എന്നെ കാണാൻ വന്ന ആ കാലത്തിലേക്ക് വരാം.

 

1984 ഫെബ്രുവരിയിലാണ് ജഗൻ പിക്‌ചേഴ്‌സ് അപ്പച്ചന്റെ 'ചക്കരയുമ്മ'യുടെ ഷൂട്ടിങ് എറണാകുളത്ത് തുടങ്ങുന്നത്. ഞാൻ തിരക്കഥ എഴുതി, ജോഷി സംവിധാനം ചെയ്ത രക്തം, കർത്തവ്യം എന്നീ വിജയചിത്രങ്ങൾക്കുശേഷം സംവിധായകൻ സാജനെവെച്ച് ചെയ്യുന്ന പുതിയ ചിത്രമാണ് ചക്കരയുമ്മ. പൂർണമായും എറണാകുളത്തുവെച്ചായിരുന്നു ഇതിന്റെ ഷൂട്ടിങ്. രണ്ടുമൂന്നു ദിവസത്തെ ഷൂട്ടിങ് കലൂരുള്ള എന്റെ വീട്ടിലുമുണ്ടായിരുന്നു. മമ്മൂട്ടിയും ഹിന്ദി നടി കാജൽ കിരണും, ബേബിശാലിനിയുമാണ് എന്റെ വീട്ടിൽ അഭിനേതാക്കളായി എത്തിയിരിക്കുന്നത്.
വീട്ടിൽ ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്ന് രാത്രി 'സംഭവം' എന്ന ചിത്രത്തിന്റെ നിർമാതാക്കളിലൊരാളും സുഹൃത്തുമായ ബാബു എന്നെ വിളിച്ചു.
“ ഡെന്നിച്ചായോ ഞാൻ 'സംഭവം' ബാബുവാണ്”.
“എന്താ ബാബു, പ്രത്യേകിച്ച് എന്തെങ്കിലും 'സംഭവം' ഉണ്ടോ?”
എന്റെ സംഭവം വിളികേട്ടപ്പോൾ ബാബുവിന്റെ ഉച്ചത്തിലുള്ള പ്രത്യേകതരത്തിലുള്ള ചിരി ഉയർന്നുകേട്ടു. ചിരി ഒന്നാറിയപ്പോൾ ബാബു ചോദിച്ചു.
“നാളെ 'ചക്കരയുമ്മ'യുടെ ഷൂട്ട് ഡെന്നിച്ചായന്റെ വീട്ടിൽവച്ചാണെന്ന് കേട്ടല്ലോ?”
“അതെ. എന്താ ബാബു വരുന്നുണ്ടോ?”
”ഇല്ല. ഞാൻ ഇപ്പോൾ വിളിച്ചത് ഒരു അഭിനയമോഹിനിയുടെ കാര്യം പറയാനാണ്. പേര് ലിസി. സെന്റ് തെരേസാസിൽ പത്താംതരത്തിൽ പഠിക്കുന്നു. റാങ്ക് ഹോൾഡറാണ്. കാണാൻ സുന്ദരി. നല്ല വെളുത്തനിറം. ഭംഗിയുള്ള ചിരി. നല്ല എളിമയും വിനയവും. ഭാവിയിൽ നടിയാകാനുള്ള നല്ല ലക്ഷണമൊത്ത ഒരു കുട്ടിയാണ്. 'ചക്കരയുമ്മ'യിൽ അതിന് ഒരു വേഷം കൊടുക്കണം. എനിക്ക് വേണ്ടപ്പെട്ട കുട്ടിയാണ്.”
ബാബു വാചാലനാകാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു.
"എല്ലാ ആർട്ടിസ്റ്റുകളെയും ഫിക്‌സ് ചെയ്ത് ഷൂട്ടിങ് തുടങ്ങിയശേഷമാണോ ഈ റാങ്ക്‌ഹോൾഡറുടെ കാര്യം ഓർത്തത്? ഇതിൽ ഇനി വേഷമൊന്നുമില്ല. ആള് കൊള്ളാമെങ്കിൽ നമുക്ക് അടുത്ത പടത്തിൽ കൊടുക്കാം.”
പെട്ടെന്നുതന്നെ ബാബുവിന്റെ സ്വരത്തിൽ നിരാശപടർന്നു.
”ഏതായാലും ആ കുട്ടിയുമായി നാളെ രാവിലെ ഞാൻ വീട്ടിലേക്ക് വരാം. ഡെന്നിച്ചായന് ആളെ നേരിട്ട് കാണുകയും ചെയ്യാമല്ലോ?”
പറഞ്ഞതുപോലെ പിറ്റേന്ന് രാവിലെ പതിനൊന്നു മണിയോടെ ബാബു ലിസിയുമായി എന്റെ വീടിനു മുന്നിൽ വന്നിറങ്ങി.

ഫാസിലിന്റെ 'എന്റെ മാമാട്ടിക്കുട്ടിയമ്മ'ക്കുശേഷം ബേബിശാലിനി അഭിനയിക്കുന്ന ചിത്രമായതുകൊണ്ട് ആ കുഞ്ഞ് താരത്തെ കാണാനായി വീടും പരിസരവും സ്ത്രീകളെയും കുട്ടികളെയുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്.
അവരുടെ ഇടയിലൂടെ വീടിനുള്ളിലേക്ക് കടന്നുവരാൻ അവർക്ക് നന്നെ പാടുപെടേണ്ടിവന്നു. ബാബു വന്നപാടെതന്നെ സെന്റ് തെരേസാസിലെ കൗമാരക്കാരിയെ എനിക്ക് പരിചയപ്പെടുത്തി. ഞാൻ ലിസിയെ നന്നായിട്ടൊന്നു വീക്ഷിച്ചു. കൊള്ളാം. പതിനഞ്ച്-പതിനാറ് വയസ്സേയുള്ളൂവെങ്കിലും കാഴ്ചയിൽ മുഖത്ത് നിറയൗവനം ഊഞ്ഞാലാടുന്നതുപോലെ എനിക്ക് തോന്നി. ഷൂട്ട് നടക്കുന്നതുകൊണ്ട് ഞാൻ ഒന്നുരണ്ടു വാചകങ്ങളിൽ കൂടുതലൊന്നും ആ കുട്ടിയോട് ചോദിക്കാൻ നിന്നില്ല.
“ഇതിൽ ചാൻസ് കിട്ടിയില്ലെന്നു കരുതി വിഷമിക്കണ്ട. അടുത്ത പടത്തിൽ എന്തായാലും ഒരു വേഷം തരാം.” എന്റെ വാക്കുകൾക്ക് ആ കുട്ടി നിസ്സംഗതയോടെ മൗനംപേറി നിന്നു.
വീടിനകത്ത് മമ്മൂട്ടിയും കാജൽ കിരണും ബേബിശാലിനിയും തമ്മിലുള്ള കോമ്പിനേഷൻ സീൻ എടുത്തുകഴിഞ്ഞപ്പോൾ മമ്മൂട്ടി ഹാളിലേക്കുവന്നു. മമ്മൂട്ടിയെ കണ്ടപ്പോൾ ലിസിയുടെ മുഖത്ത് പെട്ടെന്ന് അത്ഭുതം വിടർന്നു.
മമ്മൂട്ടി ബാബുവിനെ കണ്ടപാടെ ചോദിച്ചു: “അടുത്ത പടത്തിന്റെ എഴുത്താളരെ കാണാൻ വന്നതാണോ?”
ബാബു വെളുക്കെ ചിരിച്ചുകൊണ്ടുനിന്നതല്ലാതെ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ലിസി മമ്മൂട്ടിയുടെ മുൻപിൽ വിനയംകൂറിനിൽക്കുന്നതുകണ്ട് അയാൾ ഒന്നു നോക്കി ചെറുതായി ചിരിച്ചതല്ലാതെ ആരാണ് എന്താണെന്നൊന്നും ചോദിക്കാൻ നിൽക്കാതെ ഏതോ ചിന്തയിൽ അകത്തേക്ക് പോയി. ലിസിക്ക് സിനിമയിൽ ചാൻസ് വാങ്ങിക്കൊടുക്കാൻവേണ്ടി കൂടെ കൊണ്ടുവന്നതാണെന്ന് ബാബുവിന് പറയാനുള്ള ചമ്മലുള്ളതുകൊണ്ട് ഞാനാണ് ആ കുട്ടിയെ മമ്മൂട്ടിക്ക് പരിചയപ്പെടുത്തിയത്.
അൽപം കഴിഞ്ഞപ്പോൾ ബേബിശാലിനി ഞങ്ങളുടെ അടുത്തേക്ക് വന്നു. ശാലിനിയെ കണ്ടപ്പോൾ പിന്നെ ലിസി അവളുടെ കുസൃതിയും വലിയവായിലുള്ള സംസാരവുമൊക്കെ കേട്ട് അവളുടെ കൂടെ കൂടി. അൽപനേരം കൂടി ഞാനും സാജനും ബാബുവുമായിരുന്ന് സംസാരിച്ചതിനുശേഷം അവർ തിരിച്ചുപോയി.

പിന്നീട് മൂന്നാല് മാസം കഴിഞ്ഞ് ബാബുവിന്റെ പുതിയ പടത്തിന്റെ ചർച്ചയ്ക്കായി ഞാൻ മാതായിൽ ഇരിക്കുമ്പോഴാണ് ഒരു സന്തോഷ വാർത്ത അറിയിക്കുന്നതുപോലെ ബാബു പെട്ടെന്ന് മുറിയിലേക്ക് കടന്നുവന്നത്.
“ഡെന്നിച്ചായാ ലിസിക്ക് ബാലചന്ദ്രമേനോന്റെ 'ഇത്തിരിനേരം ഒത്തിരികാര്യ'ത്തിൽ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടിയിട്ടുണ്ട്. കൊള്ളാവുന്ന വേഷമാണെന്നാണ് കേട്ടത്.” അതുകേട്ടപ്പോൾ ഞാൻ പറഞ്ഞു:
“ബാലചന്ദ്രമേനോന്റെ പടത്തിൽ ചാൻസ് കിട്ടുകയെന്നത് വലിയ ഭാഗ്യമാണ്. മേനോൻ കൊണ്ടുവന്നിട്ടുള്ള താരങ്ങളെല്ലാംതന്നെ രക്ഷപ്പെട്ടിട്ടുണ്ട്.”
പിന്നീട് അഞ്ചാറു മാസക്കാലത്തേക്ക് ലിസിയെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ല. ഞാനും ജോഷിയുംകൂടി ചെയ്ത 'ഒന്നിങ്ങുവന്നെങ്കിൽ' എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരുദിവസം ലിസി എന്നെ വിളിക്കുന്നു. അടുത്ത പടത്തിൽ ചാൻസ് കൊടുക്കാമെന്നു പറഞ്ഞതിന്റെ ഒരു ഓർമ്മപ്പെടുത്തലായിരുന്നത്. അപ്പോൾ ലിസി പ്രിയദർശന്റെ പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം തുടങ്ങിയ സിനിമകളിൽ ഉപനായികയായി വേഷമിട്ടിരുന്നു.

‘ഒന്നിങ്ങുവന്നെങ്കിലി’ൽ നാദിയാമൊയ്തുവിന്റെ ഒരു കൂട്ടുകാരിയുടെ വേഷം ഉണ്ടായിരുന്നു. ആ വേഷം ലിസിക്ക് കൊടുക്കാനായി ഞാൻ തീരുമാനിച്ചതാണ്. ജോഷിക്കും ലിസി ആ റോൾ ചെയ്യുന്നതിനോട് താത്പര്യമായിരുന്നു.
രണ്ടുദിവസം കഴിഞ്ഞപ്പോൾ ലിസിയെ വിളിച്ച് ഞാൻ ഈ വിവരം പറയുകയും ചെയ്തു. എന്റെ വീട്ടിൽ ചക്കരയുമ്മയുടെ ഷൂട്ടിങ് നടക്കുമ്പോൾ മമ്മൂട്ടിയെ കാണാനും പരിചയപ്പെടാനും വേണ്ടി ഓടിയെത്തിയ തനിക്ക് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം വന്നുചേർന്നതിന്റെ സന്തോഷത്തിലും ത്രില്ലിലുമായിരുന്നു ലിസി.
തേക്കടിയിലായിരുന്നു 'ഒന്നിങ്ങുവന്നെങ്കിലി'ന്റെ ഷൂട്ടിങ്. ശങ്കർ, ജഗതി, ലാലു അലക്‌സ് തുടങ്ങിയ വലിയ താരനിരതന്നെ ഇതിലുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്ന് സന്ധ്യയോടെയാണ് ലിസി തേക്കടിയിലെത്തുന്നത്. കൂടെ ഒരു ആയയുമുണ്ടായിരുന്നു. അവിടത്തെ ആരണ്യാ നിവാസ് എന്ന ഹോട്ടലിലായിരുന്നു ആർട്ടിസ്റ്റുകളും ഞാനും ജോഷിയുമൊക്കെ താമസിച്ചിരുന്നത്. ലിസി ഹോട്ടലിൽ എത്തിയപ്പോൾ തന്നെ എന്നെ കാണാൻ വന്നു. ചക്കരയുമ്മയുടെ ഷൂട്ടിങ് സമയത്തുകണ്ടതിൽനിന്നു അൽപംകൂടി ഉയരവും സൗന്ദര്യവും കൂടിയതുപോലെ എനിക്ക് തോന്നി. ബാലചന്ദ്രമേനോന്റെയും പ്രിയദർശന്റെയും ചിത്രങ്ങളിലെ ലൊക്കേഷൻ അനുഭവങ്ങളൊക്കെ പറഞ്ഞ് പോകാൻനേരം ലിസി പറഞ്ഞ ഒരു വാചകം ഇന്നും എന്റെ മനസ്സിലുണ്ട്.
“എല്ലാം ഇടപ്പള്ളി സെന്റ്‌ജോർജ്ജ് പുണ്യാളന്റെ അനുഗ്രഹമാണ്.”
'ഒന്നിങ്ങുവന്നെങ്കിലി'ൽ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമായിരുന്നു ലിസിക്ക്. ചിത്രം പുറത്തുവന്നപ്പോൾ വൻ വിജയമായിമാറുകയും ചെയ്തു. ഈ ചിത്രം കഴിഞ്ഞ് ഞാൻ തിരക്കഥ എഴുതിയ 'തമ്മിൽതമ്മിൽ', മോഹൻലാലും കാർത്തികയും നായികാനായകന്മാരായിവന്ന ജേസിചിത്രമായ 'ഇവിടെ എല്ലാവർക്കും സുഖം' എന്നീ ചിത്രങ്ങളിലാണ് ലിസി പിന്നീട് അഭിനയിച്ചത്. 'ഇവിടെ എല്ലാവർക്കും സുഖ'ത്തിൽ നായികാപ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു. മനസ്സിൽ പ്രണയംകൊണ്ടുനടക്കുന്ന ഒരു കാമുകിയുടെ മോഹങ്ങളും പ്രതീക്ഷകളുമൊക്കെ സ്വന്തം കൂട്ടുകാരിയുമായി പങ്കുവെക്കുന്ന ഒരു സ്വപ്‌നാടനക്കാരിയുടെ വേഷം. കൊടൈക്കനാലിന്റെ പ്രകൃതിഭംഗിയിൽ ലയിച്ച് കാർത്തികയോട് കാവ്യാത്മകമായി ഉരുവിടുന്ന ഒരു സംഭാഷണമുണ്ടതിൽ…
“മഞ്ഞുപുതച്ചുനിൽക്കുന്ന മൊട്ടക്കുന്നുകൾ. പച്ചപ്പകിട്ടുപോലുള്ള പുൽമേടുകൾ. പ്രണയം പൂക്കുന്ന നേർത്ത കുളിർകാറ്റ്. കല്യാണം കഴിഞ്ഞ് ഞാനും എന്റെ മൂപ്പരും കുഞ്ഞുങ്ങളുംകൂടി ഇവിടെ ഒരു കൊച്ചുബംഗ്ലാവ് വാങ്ങിക്കും. പച്ചവിരിച്ച ജാലകവും വാതിലുകളും മുറ്റം നിറയെ സൂര്യകാന്തിപൂക്കളും നിറഞ്ഞ ഈ മഞ്ഞിൻമടിയിൽ ഞങ്ങളങ്ങനെ ഒഴുകിയൊഴുകിനടക്കും...”
ഒത്തിരി വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ 'ഇവിടെ എല്ലാവർക്കും സുഖം' ഇടയ്ക്ക് ടിവിയിൽ വരുമ്പോൾ ഞാൻ കാണാറുണ്ട്.

'ഇവിടെ എല്ലാവർക്കും സുഖം' കഴിഞ്ഞ് ജോൺപോളും ഞാനും ചേർന്നെഴുതിയ 'ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസി'ൽ ലിസി ഒരു ബ്രാഹ്‌മണ പെൺകുട്ടിയായാണ് വരുന്നത്.
നാട്ടിൻപുറത്തുകാരിയും നിഷ്‌കളങ്കയുമായ അജിത എന്ന കഥാപാത്രത്തിന് സുരേഷ്‌ഗോപിയോട് ഒരു പ്രണയമുണ്ട്. എപ്പോഴും കാണുകയോ മിണ്ടുകയോ ചെയ്യാത്ത ഒരു നിശബ്ദപ്രണയം. ആ വേഷവും ലിസി തന്റെ മൂകഭാവ പ്രകടനങ്ങൾകൊണ്ട് മനോഹരമാക്കി. ഞാനെഴുതിയ 'അർജുൻ ഡെന്നീസ്' എന്ന ചിത്രത്തിൽ ത്യാഗരാജന്റെ നായികയായും ലിസിക്ക് നല്ലൊരു വേഷമുണ്ടായിരുന്നു.
തുടർന്നുവന്ന പ്രിയന്റെ 'താളവട്ടം', 'ചിത്രം' എന്നീ സിനിമകളിലെ പ്രകടനത്തോടെ പിന്നെ ലിസിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മലയാളത്തിലെ എക്കാലത്തേയും ചലച്ചിത്ര പ്രതിഭകളായ പത്മരാജൻ, കെ.ജി. ജോർജ്, ജോഷി, ഭരതൻ, ഐ.വി.ശശി, മോഹൻ തുടങ്ങിയവരുടെ മികച്ച ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യവും ലിസിയെ തേടിയെത്തി.

പിന്നീട് നാലഞ്ചുവർഷക്കാലം ലിസിയുടെ സുവർണകാലമായിരുന്നു. തമിഴിൽ കമലഹാസൻ, പ്രഭു, മോഹൻ, റഹ്‌മാൻ തുടങ്ങിയവരോടൊപ്പം അഞ്ചുചിത്രങ്ങളിലും തെലുങ്കിൽ സുമൻ, നരേഷ് തുടങ്ങിയവരോടൊപ്പം പന്ത്രണ്ട് ചിത്രങ്ങളിലും നായികയായിട്ടഭിനയിക്കാൻ ലിസിക്ക് കഴിഞ്ഞു. ഇതിൽ തെലുങ്കിലിറങ്ങിയ എട്ടുചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു.
ഇതിനിടയിലാണ് പ്രിയദർശനുമായി ലിസി പ്രണയത്തിലാവുന്നത്. ആ പ്രണയം ഏറെ താമസിയാതെ തന്നെ വിവാഹബന്ധമായി മാറുകയും ചെയ്തു. അതോടെ ലിസി അഭിനയം ഉപേക്ഷിച്ചു. ആ ദാമ്പത്യത്തിൽ അവർക്ക് രണ്ട് പൊന്നോമനകളുമുണ്ടായി. സിദ്ധാർത്ഥും കല്യാണിയും. അമ്മയെപ്പോലെതന്നെ കല്യാണിയും ഒരു അഭിനേത്രിയായി മാറി. ഈയിടെ ഇറങ്ങിയ 'ലോക' എന്ന ചിത്രത്തിലൂടെ കല്യാണി ഒരു ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുകയും ചെയ്തു.

ലിസിയുടെ വിവാഹം കഴിഞ്ഞിട്ട് നീണ്ട മുപ്പത്തിയഞ്ചു വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും തമിഴ് സിനിമാലോകത്ത് അറിയപ്പെടുന്ന ഒരു സെലിബ്രെറ്റിയാണ് ലിസി. മദ്രാസിലാണ് സ്ഥിരതാമസം. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിത, ഇപ്പോഴത്തെ മുഖ്യമന്ത്രി സ്റ്റാലിൻ, കമലഹാസൻ, രജനീകാന്ത്, വിജയ്, അജിത്, വിക്രം, ശരത്കുമാർ, മണിരത്‌നം, സുഹാസിനി, രാധിക തുടങ്ങി എല്ലാവരുമായി ഏറെ ഇഴയടുപ്പമുള്ള ഏകമലയാളി പ്രൗഢസാന്നിധ്യമാണ് ലിസി.
(അടുത്തത്: കാർത്തിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi