ഏറെക്കാലത്തിനുശേഷം ധനുഷ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'ഇഡ്ഡലി കടൈ'. ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ 1'-ൽ നിന്ന് കടുത്ത മത്സരം നേരിട്ടിട്ടും, തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ചിത്രത്തിനു സാധിച്ചു. ഇന്ത്യയിൽ നിന്ന് 50 കോടി രൂപയാണ് 'ഇഡ്ഡലി കടൈ' നേടിയത്. ഈ ചിത്രത്തിന് ധനുഷിന്റെ കുട്ടിക്കാലവുമായി ബന്ധമുണ്ടെന്ന് പറയുകയാണ് ചലച്ചിത്രകാരൻ കൂടിയായ അദ്ദേഹത്തിന്റെ അച്ഛൻ കസ്തൂരി രാജ ഇപ്പോൾ. ഒപ്പം ധനുഷിനെപ്പറ്റി ചില വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തി. ആദ്യ ചിത്രമായ 'തുള്ളുവതോ ഇളമൈ'യിൽ ധനുഷിനെ വീട്ടുകാർ നിർബന്ധിച്ച് അഭിനയിപ്പിക്കുകയായിരുന്നത്രേ.

To advertise here,

കോളേജിൽ രണ്ടാം വർഷം പഠിക്കുമ്പോഴാണ് ധനുഷ് പഠനം ഉപേക്ഷിച്ച് സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം പറയുന്നത്. എന്നാൽ, കസ്തൂരി രാജ മകനെ പിന്തിരിപ്പിച്ച്, ഡിഗ്രി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. ധനുഷ് അത് അനുസരിക്കുകയും ചെയ്തു. പിന്നീട് ഒരു നടനാവാൻ ആവശ്യപ്പെട്ടപ്പോൾ ധനുഷിന് ഇഷ്ടമുണ്ടായിരുന്നില്ല. 19 വയസ്സിലായിരുന്നു അത്.

“തുടക്കത്തിൽ, 'തുള്ളുവതോ ഇളമൈ'യിൽ നായകനാകാൻ ആവശ്യപ്പെട്ടപ്പോൾ അവൻ പറഞ്ഞു, 'അപ്പാ, ദയവായി എന്നെ വെറുതെ വിടൂ. എനിക്കൊരു ഷെഫ് ആകാനാണ് ആഗ്രഹം'. ആ സമയത്ത് അവന് സിനിമയിൽ യാതൊരു താൽപ്പര്യവുമുണ്ടായിരുന്നില്ല. എന്നാൽ ഞാൻ എങ്ങനെയോ അവനെ നായകനാകാൻ സമ്മതിപ്പിച്ചു. എന്നെ വെറുതെ വിടണമെന്ന് പറഞ്ഞ് അവൻ കരയുകയും യാചിക്കുകയും ചെയ്യുമായിരുന്നു. പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്ന് ധനുഷ് തിരിച്ചെത്തുന്നതും കാത്ത് ഞങ്ങൾ ലൈറ്റുകളും സെറ്റപ്പുകളുമായി സെറ്റിൽ കാത്തിരിക്കും" അദ്ദേഹം പറഞ്ഞു.

അതേസമയം, സഹോദരൻ സെൽവരാഘവൻ സിനിമയുടെ സംവിധാനം ഏറ്റെടുത്ത ശേഷം, ഒരു ഘട്ടത്തിൽ ധനുഷ് അമ്മയുടെ മടിയിൽ കിടന്ന് കരയുമായിരുന്നുവെന്നും കസ്തൂരി രാജ ഓർത്തു. “സെൽവ കർക്കശക്കാരനായ സംവിധായകനായിരുന്നു. സെറ്റിൽ ആരാണെന്ന് അവൻ ശ്രദ്ധിക്കില്ല, എല്ലാവർക്കും സെൽവയിൽ നിന്ന് വഴക്ക് കേൾക്കും. 'എനിക്ക് ഈ സിനിമ വേണ്ട. അണ്ണൻ തെറ്റുകൾ വരുത്തിയിട്ട് എന്നോട് ദേഷ്യപ്പെട്ട് ഒച്ചയിടുകയാണ്' എന്നും പറഞ്ഞ് ധനുഷ് അമ്മയുടെ മടിയിൽ കിടന്ന് കരയുമായിരുന്നു. ഞങ്ങൾ എങ്ങനെയൊക്കെയോ പറഞ്ഞ് അഭിനയിക്കാൻ സമ്മതിപ്പിച്ചു" ബിഹൈൻഡ്‌വുഡ്‌സുമായുള്ള അഭിമുഖത്തിൽ കസ്തൂരിരാജ ഓർത്തെടുത്തു.

'ഇഡ്ഡലി കടൈ'ക്ക് പ്രചോദനമായ ഒരു കഥയും കസ്തൂരി രാജ പങ്കുവെച്ചു. “ചെറുപ്പത്തിൽ ധനുഷും സെൽവരാഘവനും ശങ്കരപുരത്ത് മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പോകും, അവിടെ ഒരു ചെറിയ ഇഡ്ഡലിക്കട ഉണ്ടായിരുന്നു. അവിടുത്തെ ഇഡ്ഡലി അവർക്ക് വലിയ ഇഷ്ടവുമായിരുന്നു. ഇഡ്ഡലി വാങ്ങാൻ അവർ മുത്തശ്ശനോടും മുത്തശ്ശിയോടും പണം ചോദിച്ചിരുന്നില്ല. ആ പ്രദേശത്ത്, പൂക്കൾ പറിക്കുന്ന കുട്ടികൾക്ക് പണം കൊടുക്കുന്ന ഒരു രീതിയുണ്ടായിരുന്നു. ആ പണം കൊണ്ടാണവർ ഇഡ്ഡലി വാങ്ങിക്കഴിച്ചത്. അതാണ് ആ കഥയുടെ ഉറവിടം" അദ്ദേഹം പറഞ്ഞു.

മരിച്ചുപോയ മാതാപിതാക്കളുടെ പ്രശസ്തമായ ഇഡ്ഡലിക്കട, നടത്താൻ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തുന്ന മകന്റെ കഥയാണ് 'ഇഡ്ഡലി കടൈ' പറയുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi