
വിജയ എന്ന വില്ലത്തി തമിഴ്‌നാട്ടില്‍ ശരിക്കുമൊരു താരമാണ്. കുശുമ്പും പരിഹാസവും തമാശയും ദേഷ്യവും ശാഠ്യവുമെല്ലാമായി തമിഴ്‌പ്രേക്ഷകരെ അത്രയേറെ രസിപ്പിക്കുന്ന അമ്മക്കഥാപാത്രം. വിജയ് ടി.വി.യിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ 'സിറഗടിക്ക ആസൈ'യിലെ ആ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ നടിയെ മലയാളികള്‍ അറിയും. കൊച്ചുത്രേസ്യയായി മലയാളികളുടെ മനം കവര്‍ന്ന അനിലാ ശ്രീകുമാര്‍. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത 'ജ്വാലയായ്' സീരിയലും അതിലെ കൊച്ചുത്രേസ്യയും മലയാളിക്ക് അങ്ങനെയൊന്നും മറക്കാനാവാത്ത ഇഷ്ടങ്ങളാണ്. സിനിമയില്‍ നിന്നാണ് അനില സീരിയലിലേക്ക് എത്തുന്നത്. മുപ്പതുവര്‍ഷങ്ങള്‍, അറുപതിലേറെ കഥാപാത്രങ്ങള്‍. മിനിസ്‌ക്രീനിലെ മിന്നുംതാരമാണ് അന്നും ഇന്നും അനില.
''തമിഴ് മക്കളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദിയുണ്ട്. 'സിറഗടിക്ക ആസൈ'യിലൂടെ അവര്‍ എന്നെ അവരില്‍ ഒരാളായിക്കണ്ട് സ്‌നേഹിച്ചു. സീരിയലിന്റെ തെലുഗു പതിപ്പിലും അതേ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്കായി. എങ്കിലും അതിന്റെ മലയാളംപതിപ്പായ 'ചെമ്പനീര്‍പ്പൂവി'ന്റെ ഭാഗമാവാന്‍ കഴിഞ്ഞില്ല. മൂന്ന് ഭാഷകളിലും ഒരേ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സന്തോഷത്തിന് മധുരമേറിയേനെ. പരിഭവമോ പരാതിയോ ഇല്ല, എല്ലാം ജോലിയുടെ ഭാഗമാണല്ലോ.'' ഷൂട്ടിങ് തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലിരുന്ന് അനില ഗൃഹലക്ഷ്മിയോട് സംസാരിച്ചുതുടങ്ങി...
ചിന്ന ചിന്ന ആസൈകള്‍
''2017-ലാണ് ഞാന്‍ തമിഴില്‍ അഭിനയിച്ചുതുടങ്ങിയത്. എന്റെ ഭര്‍ത്താവ് ശ്രീകുമാറിന്റെ സുഹൃത്താണ് തമിഴ് സീരിയല്‍ സംവിധായകന്‍ അരുള്‍രാജ്. 'കളത്ത് വീട്' എന്ന സീരിയലില്‍ അദ്ദേഹം എനിക്കൊരു അമ്മവേഷം തന്നു. അദ്ദേഹത്തിന്റെതന്നെ അടുത്ത സീരിയലായ 'ചിന്നത്തമ്പി'യിലും അഭിനയിച്ചു. തമിഴില്‍ ഞാന്‍ പുതുമുഖമായിരുന്നല്ലോ. അതുകൊണ്ട് അരുള്‍രാജ് നിര്‍മാതാവിനെ ഏറെ നിര്‍ബന്ധിച്ച് എനിക്ക് അവസരം തരികയായിരുന്നു. എന്നാല്‍ ആദ്യസീന്‍ കഴിഞ്ഞപ്പോള്‍തന്നെ അഭിനന്ദനങ്ങള്‍ കിട്ടിത്തുടങ്ങി. ഞാന്‍ നൃത്തം ചെയ്യുമെന്ന് മനസ്സിലാക്കി 'ജോഡി നമ്പര്‍വണ്‍' എന്ന തമിഴ് റിയാലിറ്റിഷോയിലും എന്നെ പങ്കെടുപ്പിച്ചു.
സീരിയലിലെ അഭിനയത്തിന് രണ്ടു തവണ വിജയ് ടി.വി.യുടെ അവാര്‍ഡും ലഭിച്ചു. അങ്ങനെ എല്ലാ തരത്തിലും അവര്‍ എന്നെ സഹായിച്ചു, കൂടെനിന്നു. കാട്രിന്‍ മൊഴി, ദേവത-അനുബന്ധല അലയം, പാവം ഗണേശന്‍, കസ്തൂരി, രാധാക്ക് നീ വേറ പ്രാണം, ഗുണ്ടെ നിന്റ ഗുഡിഗാണ്ടലു...തുടങ്ങി തമിഴ്-തെലുഗു സീരിയലുകളുടെ ഭാഗമായി.''

സിനിമ വന്നുവിളിച്ചപ്പോള്‍
കോഴിക്കോട് ചേവായൂര്‍ സ്വദേശിനിയായ അനിലയുടെ സ്വപ്‌നങ്ങളില്‍ സിനിമ ഉണ്ടായിരുന്നില്ല. ''അച്ഛന്‍ പീതാംബരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചീഫ് റേഡിയോളജിസ്റ്റായിരുന്നു. അമ്മ പത്മാവതി ഹെഡ് നഴ്സും. മൂന്നാം വയസ്സുതൊട്ട് നൃത്തം പഠിച്ചുതുടങ്ങി. ഒരുപാട് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ഹരിഹരന്‍-എം.ടി. ടീമിന്റെ 'സര്‍ഗം' സിനിമയില്‍ അഭിനയിച്ചു. നൃത്തം ചെയ്യാനായിരുന്നു എന്നെ വിളിച്ചത്. നായിക രംഭയ്‌ക്കൊപ്പം ഒരു പാട്ടുസീനില്‍ ഞാനുണ്ടായിരുന്നു. 'കുട്ടിക്ക് നല്ല താളമൊക്കെ ഉണ്ട്, അഭിനയിപ്പിച്ചുകൂടെ' എന്ന് ഹരിഹരന്‍ സാര്‍ അച്ഛനോട് ചോദിച്ചു. നല്ല കഥാപാത്രം കിട്ടിയാല്‍ നോക്കാമെന്ന് അച്ഛന്‍ പറഞ്ഞു.
ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്നകാലം. 'പരിണയം' സിനിമയിലെ ഒരു കഥാപാത്രത്തിനായി ഹരിഹരന്‍ സാര്‍ കുറേപ്പേരെ അഭിമുഖം ചെയ്തു. പക്ഷേ, ആരും ശരിയായില്ല. ആ സമയത്ത് ഞാന്‍ എം.ടി. സാറിന്റെ ഭാര്യ സരസ്വതി ടീച്ചറുടെ അടുത്ത് നൃത്തം പഠിക്കുകയായിരുന്നു. ഹരിഹരന്‍ സാര്‍ പറഞ്ഞിട്ട് ചെറുതുരുത്തിയില്‍ പോയി ഞാന്‍ എം.ടി. സാറിനെ കണ്ടു. അങ്ങനെ ആ വേഷം എനിക്ക് കിട്ടി. അതിനുശേഷം ചകോരം, കല്യാണ്‍ജി ആനന്ദ്ജി, പൈ ബ്രദേഴ്‌സ്, വൃദ്ധന്മാരെ സൂക്ഷിക്കുക, സാദരം, ആലഞ്ചേരി തമ്പ്രാക്കള്‍, പല്ലാവൂര്‍ ദേവനാരായണന്‍, പട്ടണത്തില്‍ സുന്ദരന്‍...തുടങ്ങി ഒരുപാട് സിനിമകളില്‍ അഭിനയിച്ചു.''
എന്നും ജ്വാലയായ്...
സിനിമയില്‍ കുഞ്ഞുകുഞ്ഞു വേഷങ്ങള്‍ ചെയ്യുന്നതിനിടയിലാണ് അനില സീരിയലുകളിലും മുഖംകാണിച്ചുതുടങ്ങിയത്. ''പരിണയത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഉണ്ണിനാരായണന്‍ സംവിധാനം ചെയ്ത 'കുലം' എന്ന ടെലിഫിലിമില്‍ ഞാനായിരുന്നു നായിക. അതിന്റെ എഡിറ്റിങ് വര്‍ക്കുകള്‍ ചെയ്ത വി ട്രാക്‌സ് സ്റ്റുഡിയോ അവരുടെ 'ദീപനാളങ്ങള്‍ക്കുചുറ്റും' എന്ന പുതിയ സീരിയലിലേക്ക് എന്നെ വിളിച്ചു.
പിന്നെ സീമന്തം, വിനോദശാല, തുഞ്ചത്താചാര്യന്‍, ദേശാടനപക്ഷി, ഗന്ധര്‍വയാമം, താമരക്കുഴലി, ദ്രൗപദി...തുടങ്ങിയ സീരിയലുകള്‍. അതിനുശേഷം ലഭിച്ച വേഷമാണ് 'ജ്വാലയായി'ലെ കൊച്ചുത്രേസ്യ. സംവിധായകന്‍ വയലാര്‍ മാധവന്‍കുട്ടി സാറാണ് എന്നെ വിളിച്ചത്. അന്ന് ഇരുപത്തിരണ്ട് വയസ്സേയുള്ളൂ. മുതിര്‍ന്ന സത്രീയുടെ വേഷം. പക്വതയുള്ള കഥാപാത്രമാണ്, നെടുമുടി വേണുച്ചേട്ടന്റെ നായികയാണ് എന്നൊക്കെ മാധവന്‍കുട്ടി സാര്‍ പറഞ്ഞു.

അറുപതുകാരിയുടെ കഥാപാത്രം ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ ഫ്‌ളോപ്പായിപ്പോകുമോ എന്ന പേടിയുണ്ടായിരുന്നു. എന്തായാലും ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 'സര്‍ഗം' സിനിമയില്‍ എന്റെ ആദ്യ കോമ്പിനേഷന്‍ സീന്‍ വേണുച്ചേട്ടനൊപ്പമായിരുന്നു. അദ്ദേഹം കുറെ ടിപ്‌സുകള്‍ പറഞ്ഞുതന്നു. കഥാപാത്രത്തിനായി മുടി നരപ്പിച്ചു. പ്രായം തോന്നിക്കാനായി കണ്ണിനുതാഴെ കറുപ്പിച്ചു. സംഭാഷണം പതിയെയാക്കി. ഇപ്പോഴും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ത്രേസ്യാമ്മയായിട്ടാണ്. ത്രേസ്യാമ്മയോടുള്ള സ്‌നേഹവും കരുതലും എന്നിലേക്കും പകര്‍ന്നു. ഇപ്പോഴും അത് തുടരുന്നു. 'സത്യ എന്ന പെണ്‍കുട്ടി'യിലാണ് അവസാനമായി അഭിനയിച്ചത്.''
മാറ്റം നല്ലതാണ്...
''കരിയറില്‍ നിന്ന് ഇതുവരെ വിട്ടുനില്‍ക്കേണ്ടി വന്നിട്ടില്ല. കൊറോണ സമയത്ത് മലയാളത്തില്‍ ഇടവേള വന്നു. തമിഴിലും തെലുഗുവിലും ഷൂട്ട് ഉള്ളതുകൊണ്ട് ഇവിടെ തുടര്‍ച്ചയായി ഡേറ്റ് നല്‍കാന്‍ കഴിയാത്തതായിരുന്നു കാരണം.
ദൂരദര്‍ശനില്‍ സീരിയലുകള്‍ സംപ്രേഷണം ചെയ്തിരുന്ന കാലം മറക്കാനാകില്ല. ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യാന്‍ രണ്ട് ദിവസമെടുക്കും. തിരക്കഥയും അഭിനയവുമൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ച് ഉറപ്പുവരുത്തിയാണ് ഷൂട്ട്. ഇപ്പോള്‍ ഒരുദിവസം രണ്ട് എപ്പിസോഡ് ഷൂട്ട് ചെയ്യും. അത്രയ്ക്ക് വേഗമായി കാര്യങ്ങള്‍. അന്ന് കലയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. പതിമ്മൂന്ന് എപ്പിസോഡ് മാത്രമുള്ള സീരിയലായിരുന്നു 'ദ്രൗപദി'. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി പിന്മാറി. എന്റെ ഭര്‍ത്താവ് ആദ്യമായി നിര്‍മിച്ച സീരിയലായിരുന്നു. ഒടുവില്‍ ആ വേഷം ഞാന്‍ ചെയ്തു. എനിക്ക് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിത്തന്ന കഥാപാത്രമായിരുന്നു അത്.
മലയാളത്തെക്കാളും പ്രതിഫലം തമിഴിലും തെലുഗുവിലാണ്. ആര്‍ട്ടിസ്റ്റുമാരെ പരിഗണിക്കുന്നതിലും വ്യത്യാസമുണ്ട്. ബഹുമാനവും ആദരവും നല്‍കും. ഷൂട്ടിങ് കൃത്യമായി നടക്കും. ഇപ്പോള്‍ എന്റെ ആവശ്യങ്ങള്‍ തുറന്നുപറയാന്‍ ഒരു മടിയുമില്ല. പണ്ട് പേടിയായിരുന്നു.
സീരിയല്‍ ലോകത്ത് താന്‍ ഹാപ്പിയാണെന്ന് അനില. വ്യത്യസ്ത ഭാഷകളില്‍ വ്യത്യസ്ത വേഷങ്ങള്‍. ''നല്ല വേഷങ്ങള്‍ കിട്ടാതിരുന്നതുകൊണ്ടാണ് സിനിമയില്‍നിന്ന് വിട്ടുനിന്നത്. അഭിനയിക്കാന്‍ വിളിച്ചിട്ട് ഷൂട്ടിന് തൊട്ടുമുന്‍പ് എന്നെ മാറ്റിയവരുണ്ട്. ഇപ്പോഴുമുണ്ട് സിനിമാ-സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന വേര്‍തിരിവ്. മലയാളത്തില്‍ പുതിയൊരു സീരിയല്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.''

സീരിയലുകളില്‍ നിന്ന് അനിലയുടെ സംസാരം ജീവിതത്തിലേക്ക് വഴിമാറി. പ്രണയവും സ്വപ്‌നങ്ങളും അതില്‍ നിറഞ്ഞു. ''ആദ്യ സീരിയല്‍ 'ദീപനാളങ്ങള്‍ക്കു ചുറ്റും' ചെയ്യുമ്പോഴാണ് ഞാനും ചേട്ടനും (ഭര്‍ത്താവ് ശ്രീകുമാര്‍) തമ്മില്‍ കാണുന്നത്. ആ സീരിയലിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു അദ്ദേഹം. സൗഹൃദം വളര്‍ന്ന് പ്രണയമായി. അഭിനേതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമൊക്കെയായിരുന്നു അദ്ദേഹം. അച്ഛനും അമ്മയ്ക്കും ഞങ്ങളുടെ ബന്ധത്തില്‍ താത്പര്യമില്ലായിരുന്നു. എന്റെ നിര്‍ബന്ധത്തിന് അവര്‍ വഴങ്ങി.
ഞങ്ങള്‍ക്ക് രണ്ട് മക്കള്‍. മകന്‍ അഭിനവ് ജോലി ചെയ്യുന്നു. മകള്‍ ആദിലക്ഷ്മി പ്ലസ് വണ്ണിന് പഠിക്കുന്നു. ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. പിന്നെ യൂട്യൂബ് ചാനലുണ്ട്. ഒഴിവുനേരങ്ങളില്‍ മ്യൂറല്‍ പെയിന്റ് ചെയ്യും, നെറ്റിപ്പട്ടം ഉണ്ടാക്കും. ഓര്‍ഡറുകള്‍ വരുന്നതിനനുസരിച്ച് ചെയ്തുനല്‍കും. ഇതൊക്കെയാണ് മനസ്സിന് സന്തോഷവും സംതൃപ്തിയും നല്‍കുന്ന കാര്യങ്ങള്‍. പിന്നെ, ഒരു വരുമാനമാര്‍ഗം കൂടിയാണല്ലോ. എല്ലാത്തിനും കുടുംബത്തിന്റെ പിന്തുണയുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ കരുത്ത്. പരസ്പരം തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും വിമര്‍ശിച്ചും അഭിനന്ദിച്ചും അംഗീകരിച്ചും ജീവിതം സുന്ദരമായി പോവുന്നു.''
Content Highlights: actor anila sreekumar is talking about acting and life
Published: 30 Jun 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented