രക്തദാനം ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത കുറയ്ക്കുന്നു; അറിയാം നേട്ടങ്ങള്‍

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ജൂണ്‍ 14 ലോകരക്തദാന ദിനമാണ്. ബ്ലഡ് ഗ്രൂപ്പുകളെ വര്‍ഗീകരണം നടത്തിയ കാള്‍ ലാന്‍ഡ്സ്റ്റീനറുടെ ജന്മദിനമാണ് ലോകരക്തദാന ദിനമായി ആഘോഷിക്കുന്നത്. ഒരാള്‍ക്ക് രക്തദാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ ജീവന്‍തന്നെയാണ് നല്‍കുന്നത്. ഓരോ തവണയും രക്തം ദാനംചെയ്യുമ്പോഴും 2-3 രോഗികള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. 

രക്തദാനത്തിലൂടെ ശരീരത്തിന് ഏറെ പ്രയോജനം ലഭിക്കുന്നുണ്ട്. ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. കൃത്യമായ ഇടവേളകളിലെ രക്തദാനം സ്‌ട്രോക്കില്‍ നിന്ന് സംരക്ഷിക്കുന്നു. 

ആര്‍ക്കെല്ലാം ദാനം ചെയ്യാം
18നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള വ്യക്തികള്‍ക്ക് രക്തം ദാനം ചെയ്യാം. ശരീരഭാരം 50 കിലോയില്‍ കൂടുതയാലിരിക്കണം. 

അപസ്മാരം, ഉയര്‍ന്ന രക്തസമ്മര്‍ദം, തൈറോയ്ഡ് പ്രയാസങ്ങള്‍, വൃക്ക, ഹൃദയം എന്നിവയ്ക്ക് തകരാറുള്ളവര്‍, അസാധാരണമായ രക്തസ്രാവം ഉള്ളവര്‍ എന്നിവര്‍ സാധാരണഗതിയില്‍ രക്തദാനം ചെയ്യാറില്ല. 

രക്തം നല്‍കുന്നതിന് മുന്‍പ്
രക്തദാനത്തിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. രക്തദാനത്തിന് മുന്‍പ് ആരോഗ്യം മികച്ചരീതിയിലാണെന്ന് ഉറപ്പാക്കണം. നന്നായി വിശ്രമിച്ചശേഷം മാത്രമേ രക്തദാനത്തിന് ഒരുങ്ങാവൂ. രക്തദാനത്തിന് മുന്‍പ് നന്നായി ഭക്ഷണം കഴിക്കണം. രക്തം കൊടുക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മദ്യപാനം ഒഴിവാക്കണം. 

രക്തം നല്‍കിയശേഷം

  • രക്തദാനത്തിനുശേഷം വ്യക്തി നന്നായി വിശ്രമിക്കണം. തലചുറ്റലോ മറ്റ് പ്രയാസങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. 
  • രക്തദാനത്തിനു ശേഷം ഉടന്‍തന്നെ മദ്യപാനം/പുകവലി എന്നിവ പാടില്ല.
  • രക്തം നല്‍കിയശേഷം ഉടന്‍തന്നെ വാഹനമോടിക്കുകയോ ജിമ്മില്‍ വര്‍ക്കഔട്ടിന് പോവുകയോ വേണ്ട.

ഓര്‍ക്കുക, മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തരമായ പ്രവൃത്തിയാണ് രക്തദാനം. കൃത്യമായ ഇടവേളകളില്‍ രക്തം ദാനം ചെയ്യുക, രക്തദാനത്തിന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കൂ.
 

Content Highlights: world blood donor day benefits of blood donation