ദിവസവും 20,000 ചുവടുകൾ, കുറച്ചത് 14 കിലോ; സ്വന്തം ഫ്‌ളാറ്റിനുള്ളിൽ നടന്ന് ഭാരം കുറച്ച അനുഭവം

ശരീരഭാരം കുറയ്ക്കാൻ വേണ്ടി പലരും പല വഴികളാണ് നോക്കാറുള്ളത്. ഭക്ഷണം കുറച്ചും വ്യായാമം ചെയ്തും മധുരം കുറച്ചും പല തരത്തിലുള്ള ഡയറ്റുകൾ പരീക്ഷിച്ചും...അങ്ങനെ എന്തെല്ലാം വഴികൾ. എന്നാൽ നടന്നുനടന്ന് ഭാരം കുറച്ചിരിക്കുകയാണ് ഫിറ്റ്‌നെസ് ഇൻഫ്‌ളുവൻസറായ അംബിക സാഗർ.

തന്റെ ദൈനംദിന ജീവിതചര്യയുടെ ഭാഗമായി നടത്തം മാറ്റുകയായിരുന്നു അവർ. അതിലൂടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യവും. അങ്ങനെ 14 കിലോ ഭാരമാണ് കുറച്ചതെന്ന് അവർ പറയുന്നു. അതിനായി അവർ വേറെ എവിടെയും പോയിരുന്നില്ല. തന്റെ രണ്ടുമുറി അപ്പാർട്ട്‌മെന്റിൽ തന്നെയാണ് അവർ നടന്നത്.

90 കിലോ ഭാരമായിരുന്നു അംബികയ്ക്കുണ്ടായിരുന്നത്. അത് കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. ട്രെഡ്മില്ലോ, വിലകൂടിയ വ്യായാമ ഉപകരണങ്ങളോ, സ്ഥിരമായി ജിമ്മിൽ പോകുന്നതോ ഒന്നും ആശ്രയിക്കാതെയാണ് അവർ ഈ നേട്ടം കൈവരിച്ചത് എന്നതാണ് അവരുടെ രീതിയെ വ്യത്യസ്തമാക്കുന്നത്. പകരം തനിക്ക് ലഭ്യമായ സ്ഥലം ഉപയോഗപ്പെടുത്തി. നടത്തം തന്റെ ശീലമാക്കുകയും ചെയ്തു.

സ്വന്തം അനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട്, തന്റെ ഫ്‌ളാറ്റിനുള്ളിൽ 20,000 ചുവടുകളാണ് താൻ എല്ലാ ദിവസവും പൂർത്തിയാക്കുന്നതെന്ന് അവർ പറയുന്നു. സ്ഥിരതയും ദൃഢനിശ്ചയവുമാണ് തന്റെ ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് അവർ വ്യക്തമാക്കി. അതേസമയം, വെറും നടത്തം മാത്രമല്ല ഭാരം കുറയാൻ സഹായിച്ചതെന്നും എടുത്തുപറഞ്ഞു.

തന്റെ മാറ്റം വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് അംബിക ഇങ്ങനെ കുറിച്ചു, ''ഒരേ ടീ-ഷർട്ട്, പക്ഷേ വ്യത്യസ്തയായ ഒരു സ്ത്രീ. 90 കിലോയിൽ നിന്ന് 76 കിലോയിലേക്ക്. 14 കിലോ കുറഞ്ഞു. എന്നാൽ അതിലുപരിയായി, ഇന്ന് ഞാൻ എന്നെത്തന്നെ കാണുന്ന രീതിയിലാണ് ഏറ്റവും വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്. സ്ഥിരതയും ക്ഷമയും, ഒപ്പം സ്വന്തം കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയും എല്ലാത്തിനെയും മാറ്റിമറിക്കാൻ പര്യാപ്തമാണ് എന്നതിന്റെ തെളിവാണിത്. എനിക്ക് കഴിയുമെങ്കിൽ, നിങ്ങൾക്കും ഇത് സാധിക്കും''.

'ദി ഇന്ത്യൻ എക്സ്പ്രസി'നോട് സംസാരിക്കവെ, നടത്തം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നിന് കാരണമായെന്ന് അംബിക വിശദീകരിച്ചു.

''എല്ലാ ദിവസവും 20,000 ചുവടുകൾ നടക്കുന്നത് എന്റെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ വലിയൊരു വഴിത്തിരിവായി മാറി. ഫിറ്റ്നെസ് നിലനിർത്താൻ എപ്പോഴും ചെലവേറിയ ഉപകരണങ്ങളോ സങ്കീർണ്ണമായ വ്യായാമമുറകളോ ആവശ്യമില്ലെന്ന് ഇത് എന്നെ പഠിപ്പിച്ചു. ചിലപ്പോൾ, ഏറ്റവും ലളിതമായ ശീലങ്ങൾ പോലും കൃത്യമായ നിഷ്ഠയോടെ പിന്തുടർന്നാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും'', അവർ പറഞ്ഞു.

''ശരീരഭാരം കുറയ്ക്കുക എന്നത് പട്ടിണി കിടക്കുകയോ എളുപ്പവഴികൾ തേടുകയോ ചെയ്യുന്നതല്ലെന്ന് എന്റെ ഈ യാത്ര പഠിപ്പിച്ചു. മറിച്ച്, സ്ഥിരതയും അച്ചടക്കവും, ഒപ്പം ഓരോ ദിവസവും ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളുമാണ് പ്രധാനം. ശ്രദ്ധയോടെയുള്ള ഭക്ഷണക്രമവും, കലോറിയുടെ അളവും പോലെ തന്നെ, നടത്തവും എന്റെ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായി മാറി. ഇതിലൂടെയുണ്ടായ ഏറ്റവും വലിയ മാറ്റം ശാരീരികമായ ഒന്നായിരുന്നില്ല; മറിച്ച്, ആ യാത്രയിൽ ഞാൻ നേടിയെടുത്ത ആത്മവിശ്വാസവും എന്നോടുള്ള സ്‌നേഹവുമായിരുന്നു''.

സ്വയം വിശ്വസിക്കണമെന്നും അവർ പറയുന്നു. ''സ്വയം വിശ്വസിക്കാൻ തുടങ്ങുക എന്നതാണ് ഏറ്റവും പ്രധാനം. ഞാൻ 14 കിലോ കുറയ്ക്കുക മാത്രമല്ല ചെയ്തത്; മറിച്ച്, എന്റെ ആത്മവിശ്വാസവും കരുത്തും കണ്ടെത്തി. എന്നെത്തന്നെ ഒരു പുതിയ വ്യക്തിയായി മാറ്റിയെടുക്കുക കൂടി ചെയ്തു''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ambika Sagar lost 14 kg by walking 20,000 steps daily inside her 2BHK apartment., No gym membership, treadmill, or expensive equipment was used., Consistency, patience, and a disciplined lifestyle were key to her transformation