രാവിലെ 5 മണിക്ക് പ്രഭാതഭക്ഷണം കഴിക്കുന്ന അനന്യ പാണ്ഡെ; ഡിന്നർ രാത്രി 7 മണിക്കുള്ളിലും

തന്റെ ഭക്ഷണരീതികളെക്കുറിച്ചുള്ള നടി അനന്യ പാണ്ഡെയുടെ വെളിപ്പെടുത്തലുകളാണ് ആരാധകർക്ക് കൗതുകമാവുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിൽ താനൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് താരം പറയുന്നത്. രാവിലെ അഞ്ചുമണിക്ക് പോലും താൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കാറുണ്ടെന്നും താരം പറയുന്നു.
അതിരാവിലെ ഷൂട്ടിങ്ങിനായി പോകേണ്ട ദിവസങ്ങളിൽ, ഒരു മണിക്കൂർ നേരത്തെ എഴുന്നേൽക്കേണ്ടി വന്നാലും ശരി, പ്രഭാതഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറല്ല. 'പിങ്ക് വില്ല'യുമായുള്ള സംഭാഷണത്തിനിടെയാണ് തന്റെ പ്രഭാതചര്യകളെക്കുറിച്ച് താരം സംസാരിച്ചത്. ഭക്ഷണം കഴിക്കാതെ തനിക്ക് കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ലെന്ന് അനന്യ വെളിപ്പെടുത്തി.
''പ്രഭാതഭക്ഷണം കഴിക്കാതെ മറ്റുള്ളവരോട് സംസാരിക്കാൻ പോലും കഴിയാത്ത കൂട്ടത്തിൽ ഒരാളാണ് ഞാൻ. രാവിലെ അഞ്ചിന് ഷൂട്ടിങ് ഉണ്ടെങ്കിൽ പോലും, പ്രഭാതഭക്ഷണം കഴിക്കുന്നതിനായി മാത്രം ഞാൻ ഒരു മണിക്കൂർ നേരത്തെ, അതായത് നാലുമണിക്ക് തന്നെ എഴുന്നേൽക്കും'', താരം പറയുന്നു.
വീട്ടിൽ തയ്യാറാക്കിയ ഒരു ഗ്ലാസ് 'ഗ്രീൻ ജ്യൂസ്' കുടിച്ചുകൊണ്ടാണ് താരത്തിന്റെ പ്രഭാതചര്യ ആരംഭിക്കുന്നത്. അതിനു അര മണിക്കൂറിനു ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നു.
ഇതിൽ എന്തൊക്കെ ചേരുവകളാണുള്ളതെന്ന് തനിക്കറിയില്ലെന്ന് താരം പറയുന്നു. എങ്കിലും വെള്ളം, സെലറി, മറ്റ് ചില പച്ചിലകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ടാകും.
''രാവിലെ ഞാൻ ഈ ജ്യൂസ് കുടിക്കാറുണ്ട്. അമ്മയാണ് ഇത് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഇതിൽ എന്തൊക്കെയാണ് ചേർക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയില്ല. എങ്കിലും വെള്ളം, സെലറി, പിന്നെ മറ്റ് പ്രധാനപ്പെട്ട പച്ചിലകൾ എന്നിവ ഇതിൽ ഉണ്ടെന്ന് ഉറപ്പാണ്. ഇത് കുടിച്ച് അര മണിക്കൂറിനുശേഷമാണ് ഞാൻ പ്രഭാതഭക്ഷണം കഴിക്കുന്നത്''.
സെലറി പോലുള്ള പച്ചക്കറികൾ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകഘടകങ്ങളും നൽകുന്നു. ഇതൊരു ഡീറ്റോക്സ് പാനീയം കൂടിയാണ്.
ഓംലെറ്റ്, വെണ്ണ പുരട്ടിയ ടോസ്റ്റ്, ഒരു കപ്പ് ബ്ലാക്ക് കോഫി എന്നിവയാണ് താരത്തിന്റെ പ്രഭാതഭക്ഷണം. മുട്ടയിൽ നിന്നുള്ള പ്രോട്ടീനും, ബ്രെഡിൽ നിന്നുള്ള കാർബോഹൈഡ്രേറ്റും ആരോഗ്യത്തിന് നല്ലതാണ്.
പ്രഭാതഭക്ഷണത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് അനന്യ സംസാരിക്കുന്നത് ഇതാദ്യമായല്ല. 2022-ൽ 'വോഗ് ഇന്ത്യ'യുമായുള്ള ഒരു സംഭാഷണത്തിൽ, ചീസും അവക്കാഡോയും ചേർത്ത ടോസ്റ്റ്, കാപ്പി, മുട്ട എന്നിവ ഉൾപ്പെടുന്നതാണ് താൻ ആഗ്രഹിക്കുന്ന, ഏറ്റവും മികച്ച പ്രഭാതഭക്ഷണം എന്ന് താരം പറഞ്ഞിരുന്നു.
രാത്രി 7 മണിക്ക് മുമ്പ് തന്നെ ഡിന്നർ കഴിക്കുന്നതാണ് അനന്യയുടെ ശീലം. മറ്റൊരു അഭിമുഖത്തിൽ അതിനെക്കുറിച്ച് താരം പറഞ്ഞിട്ടുണ്ട്. ''കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ 'ഗട്ട് ക്ലെൻസ് ഡയറ്റ്' (ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുന്ന ഭക്ഷണക്രമം) പിന്തുടരുന്നുണ്ട്. ഇത് വളരെ ആരോഗ്യകരമാണ്. ഇത് എന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. ഭക്ഷണകാര്യത്തിൽ ഞാൻ വളരെ ശ്രദ്ധാലുവാണ്; വൈകുന്നേരം 7 മണിക്കുള്ളിൽ അത്താഴം കഴിക്കുന്നുവെന്ന് ഉറപ്പാക്കാറുണ്ട്. അതിനുശേഷം ഞാൻ ഒന്നും കഴിക്കാറില്ല. ഇതൊരു നല്ല മാറ്റമാണ്. പിറ്റേന്ന് ഉണരുമ്പോൾ ശരീരത്തിന് നല്ല ഊർജ്ജം അനുഭവപ്പെടുന്നു''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ananya Panday wakes up at 4 AM for a 5 AM shoot just to have her breakfast., Her morning routine starts with a homemade green juice made by her mother., She prefers an omelette, butter toast, and black coffee for breakfast.