ടാറ്റൂ, ബോഡി പിയേഴ്‌സിങ് എന്നിവ ചെയ്തവർ രക്തം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രതീകാത്മകചിത്രം / AFP
പ്രതീകാത്മകചിത്രം / AFP

ഇന്ന് ലോക രക്തദാന ദിനം. രക്തദാനത്തിന്റെ ആവശ്യകത പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഈ ദിനം ആചരിക്കുന്നത്. രക്തദാനം ചെയ്യുന്നത് നല്ലതാണ്. എന്നാൽ, ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. 

18 മുതൽ 65 വയസ്സുള്ളവരിൽനിന്നാണ് സാധാരണയായി രക്തം സ്വീകരിക്കാറുള്ളത്. 50 കിലോയെങ്കിലും ഭാരമുള്ളവരേ രക്തദാനം നടത്താവൂ എന്നാണ് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നത്. ആരോഗ്യമുള്ളവരാണെങ്കിൽ, ഓരോ മൂന്നുമാസം കൂടുമ്പോഴും രക്തം നൽകുന്നതിൽ കുഴപ്പമില്ല.

ടാറ്റൂ ചെയ്തവരും ബോഡി പിയേഴ്‌സിങ് ചെയ്തവരും രക്തം നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അംഗീകൃതസ്ഥാപനങ്ങളിൽനിന്ന്, അണുവിമുക്തമായ സൂചികളും മെഷീനും ഉപയോഗിച്ചാണ് ടാറ്റൂ ചെയ്യുന്നതെങ്കിൽ, മൂന്നാഴ്ച കഴിഞ്ഞ് രക്തദാനം ചെയ്യാം. ഇക്കാര്യത്തിൽ ഉറപ്പില്ലെങ്കിൽ, മൂന്നുമാസം കഴിഞ്ഞ് രക്തം കൊടുക്കുന്നതാണ് നല്ലത്. ബോഡി പിയേഴ്‌സിങ് ചെയ്തവരുടെ കാര്യവും ഇങ്ങനെത്തന്നെ. ഏതെങ്കിലും മരുന്ന് കഴിക്കുന്നവരും രക്തദാനത്തിൽനിന്ന് വിട്ടുനിൽക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്

  • ആവശ്യത്തിന് വെള്ളം കുടിക്കണം
  • കൃത്യമായി ഭക്ഷണവും കഴിക്കണം. വെറുംവയറ്റിൽ രക്തദാനം ചെയ്യരുത്.
  • രക്തം നൽകിയശേഷം 24 മണിക്കൂർ നേരത്തേക്ക്, കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കണം.

രക്തദാനത്തിൽനിന്ന് മാറിനിൽക്കേണ്ടവർ

24 മണിക്കൂറിനുള്ളിൽ മദ്യം കഴിച്ചവർ
ലഹരിമരുന്ന് ഉപയോഗിക്കുന്നവർ
പനി, ജലദോഷം, മറ്റ് ഏതെങ്കിലും അസുഖം എന്നിവ ബാധിച്ചവർ
ഏതെങ്കിലും അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ
ശസ്ത്രക്രിയ കഴിഞ്ഞവർ
മുലയൂട്ടുന്ന അമ്മമാർ
ഗർഭിണികൾ
ആർത്തവമുള്ളവർ
ഉയർന്ന ബി.പിയുള്ളവർ
ഒന്നിൽക്കൂടുതൽ ലൈംഗികപങ്കാളികളുള്ളവർ
പ്രമേഹരോഗികൾ