ബൈക്ക് ഓടിക്കുമ്പോള്‍ നടുവിനും കഴുത്തിനും വേദനയുണ്ടോ?

അല്പമൊന്ന് ബൈക്ക് ഓടിക്കുമ്പോഴേക്കും നടുവിന് വേദന വരുന്നവരാണോ നിങ്ങള്‍? റൈഡിങ്ങിന് ശേഷം തോളിനും കഴുത്തിനും ഒരു പിടിത്തം വരുന്നതുപോലെ അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ബൈക്ക് റൈഡിങ് ശാസ്ത്രീയമല്ല എന്നാണ് അത്തരം വേദനകള്‍ നല്‍കുന്ന സൂചന. നിത്യവും ബൈക്കില്‍ ദീര്‍ഘയാത്രചെയ്യുന്ന ഭൂരിഭാഗം പേരിലും നടുവേദനയും ഡിസ്‌ക് തേയ്മാനവും കാണാറുണ്ട്.
പണികിട്ടുന്നത് ഡിസ്‌കിന്
ബൈക്ക് ഓടിക്കുമ്പോള്‍ ഏറ്റവുമധികം സമ്മര്‍ദം വരുന്ന ഭാഗമാണ് ലംബാര്‍ വെര്‍ട്ടിബ്രയുടെ ഭാഗം അഥവാ നടുഭാഗം. ബൈക്ക് ഓടിക്കുമ്പോഴുണ്ടാകുന്ന വൈബ്രേഷന്‍ നേരെ ഇവിടെയാണ് സമ്മര്‍ദമേല്‍പ്പിക്കുന്നത്. ഇത് പതിയെ ഡിസ്‌കിനെ ബാധിച്ചു തുടങ്ങും.
നട്ടെല്ലിലെ കശേരുക്കള്‍ക്കിടയില്‍ കാണുന്ന വഴക്കമുള്ളതും മൃദുവായതുമായ ഭാഗമാണ് ഡിസ്‌കുകള്‍. കശേരുക്കള്‍ തമ്മില്‍ ഉരസുന്നത് തടയുന്ന ഷോക് അബ്‌സോര്‍ബര്‍ ആണ് ഡിസ്‌ക്. ബൈക്ക് യാത്ര
സ്ഥിരമാകുന്നതോടെ ഈ ഡിസ്‌കുകള്‍ പതിയെ പുറത്തേക്ക് തള്ളിവരാന്‍ തുടങ്ങും. അത് സുഷുമ്‌നയെയും മറ്റും ഞെരുക്കി കഠിനമായ നടുവേദനയിലേക്ക് നയിക്കുകയും ചെയ്യും. കശേരുക്കളുടെ മുറുക്കം വര്‍ധിക്കുന്നതാണ് കഴുത്തിന് വേദനവരാന്‍ കാരണം.
ബൈക്ക് ഓടിക്കുമ്പോള്‍ ചെയ്യേണ്ടത്
- നടുനിവര്‍ത്തി നേരെയിരുന്നുവേണം വണ്ടിയോടിക്കാന്‍.
- കാലുകള്‍ ഫുട്ട്‌റസ്റ്റില്‍ വെച്ച് കൈകള്‍ ഹാന്‍ഡിലില്‍ പിടിച്ചിരിക്കണം.
- മുന്നോട്ട് അമിതമായി കുനിഞ്ഞിരുന്ന് വാഹനമോടിക്കരുത്.
- കുഴികള്‍ നിറഞ്ഞ റോഡിലൂടെ പതിയേ ഓടിക്കുക.
- ദീര്‍ഘദൂരം തുടര്‍ച്ചയായി ഡ്രൈവ് ചെയ്യരുത്. അല്പം ഇടവേളകളെടുത്ത് പതിയെ ഡ്രൈവിങ് പൂര്‍ത്തിയാക്കാം.
Content Highlights: tips to drive bike carefully