ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കാം; രണ്ടുനേരത്തെ കുളി ചൂടുകുരു തടയാന്‍ നല്ലതാണ്

ഇപ്പോഴുള്ള ചൂടിനെ വെറും ചൂടെന്നല്ല, കൊടുംചൂടെന്നുതന്നെ പറയണം. നിര്‍ജലീകരണം മുതല്‍ സൂര്യാഘാതം വരെ നേരിടാനുള്ള മുന്‍കരുതലെടുത്താലെ ഈ വേനല്‍ക്കാലം മറികടക്കാന്‍ കഴിയൂ. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ആഹാരത്തിലും വസ്ത്രധാരണത്തിലും വരെ ശ്രദ്ധ ചെലുത്തി ഇപ്പോഴുള്ള കനത്ത ചൂടിനെ തടഞ്ഞുനിര്‍ത്താം.
കരുതണം സൂര്യാഘാതം
നമ്മുടെ ശരീരതാപനില ഒരു നിശ്ചിത അളവില്‍ ക്രമീകരിക്കപ്പെട്ടതാണ്. പുറമെ ചൂട് കൂടുമ്പോള്‍ ഈ ക്രമീകരണം താളംതെറ്റും. അതിന്റെ ഫലമായി ശരീര താപനില വല്ലാതെ ഉയരുകയും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യും. സൂര്യാഘാതം എന്ന അവസ്ഥയാണ് ഇത്.
ഉയര്‍ന്ന ശരീരതാപനില, ചുണ്ടുകളില്‍ വരള്‍ച്ച, തലവേദന, ബോധക്ഷയം, അമിതദാഹം, തൊലിപ്പുറത്ത് പൊള്ളല്‍, മൂത്രത്തിന്റെ അളവ് കുറയുക എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍.
- സൂര്യാഘാതം ഏറ്റ വ്യക്തിയെ ഫാനിനു ചുവട്ടില്‍ കിടത്തുക.
- വെള്ളത്തില്‍ മുക്കിയ തുണിയോ സ്‌പോഞ്ചോ കൊണ്ട് ശരീരംതുടയ്ക്കാം.
- കക്ഷം, കഴുത്ത്, പുറം എന്നിവിടങ്ങളില്‍ ഐസ് പായ്ക്കുകള്‍ വയ്ക്കുന്നത് നല്ലതാണ്.
വെള്ളം കുടിക്കണം
- വേനലില്‍ രണ്ടര മുതല്‍ നാല് ലിറ്റര്‍ വരെ വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കണം.
- ശുദ്ധജലം, ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കണം.
- വൃക്ക/കരള്‍ രോഗമുള്ളവര്‍ ഡോക്ടര്‍ നിര്‍ദേശിച്ച അളവില്‍ മാത്രം വെള്ളം കുടിക്കുക.
- ചൂടുസമയത്ത് അധികം തണുപ്പുള്ള വെള്ളം കുടിക്കരുത്.
- മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം.
- തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് കുടിക്കരുത്.
എന്തുകഴിക്കണം
- അമിതകൊഴുപ്പടങ്ങിയ, എണ്ണ കൂടുതലുള്ള ആഹാരം ചൂടുകാലത്ത് കുറയ്ക്കണം.
- ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്ത മാംസം, പൊറോട്ട, പൂരി എന്നിവയും നിയന്ത്രിക്കാം.
- തണ്ണിമത്തന്‍, ഓറഞ്ച്, പൈനാപ്പിള്‍ മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
- ഫ്രിഡ്ജിലെ ആഹാരം ഇടയ്ക്കിടെ ചൂടാക്കി കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.
- പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കി ഉപയോഗിക്കുക.
- പ്രാതലില്‍ പഴങ്ങളും ഉള്‍പ്പെടുത്താം.
- തൈര്, തൈര് കൊണ്ടുള്ള വിഭവങ്ങള്‍, പാല്‍ എന്നിവ ചൂട് കുറയ്ക്കാന്‍ സഹായിക്കും.
- മുള്ളങ്കി, കുരുമുളക്, സവാള, വെളുത്തുള്ളി, ബീറ്റ്‌റൂട്ട് എന്നിവ ശരീരതാപം കൂട്ടുന്നവയാണ്.
- പഴച്ചാറുകളില്‍ ഗ്ലൂക്കോസ് ചേര്‍ത്ത് നല്‍കാം. വിറ്റാമിന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കാം.
പുറത്തിറങ്ങുമ്പോള്‍
- പകല്‍ 11 മുതല്‍ മൂന്ന് മണിവരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
- ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.
- കുട, തൊപ്പി, സണ്‍ഗ്ലാസ്, ഫുള്‍സ്ലീവ് ഷര്‍ട്ട് എന്നിവ ഉപയോഗിക്കാം.
- ദൂരയാത്ര ചെയ്യുമ്പോള്‍ കൈയില്‍ ആവശ്യത്തിന് കുടിവെള്ളമുെണ്ടന്ന് ഉറപ്പുവരുത്തണം.
സണ്‍സ്‌ക്രീന്‍ പുരട്ടാം
പുറത്തിറങ്ങുമ്പോള്‍ സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുക. ഇവ അള്‍ട്രാവയലറ്റ് രശ്മികളെ തടയുകയും ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യും. അമിതമായി വിയര്‍ക്കുന്നവരാണെങ്കില്‍ വാട്ടര്‍ റസിസ്റ്റന്റ് സണ്‍സ്‌ക്രീന്‍ പുരട്ടാം. വെയിലേല്‍ക്കുമ്പോള്‍ ചുണ്ടുകളിലുണ്ടാവുന്ന കരുവാളിപ്പ് മാറാന്‍ ചുണ്ടുകളില്‍ പുരട്ടാനുളള സണ്‍സ്‌ക്രീനുകള്‍ ലഭ്യമാണ്.
അസുഖങ്ങളെ കരുതാം
- വേനലില്‍ ചിക്കന്‍പോക്‌സ് പടര്‍ന്നുപിടിക്കാറുണ്ട്. പനി, ശരീരവേദന, ശരീരത്തില്‍ കുമിളകള്‍, ചുവന്ന പൊട്ടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ശരീരത്തിലെ കുമിളകളില്‍ സ്പര്‍ശിക്കുന്നതുവഴിയാണ് രോഗം പടരുന്നത്.
- രോഗം സ്ഥിരീകരിച്ചാല്‍ സ്വയം ഐസൊലേഷനില്‍ കഴിയണം.
- രണ്ടുനേരം ചൂടുവെള്ളത്തില്‍ കുളിക്കാം.
- ശരീരം ഉരച്ച് കഴുകരുത്. കുമിളകള്‍ പൊട്ടാതെ മൃദുവായ തുണി ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കാം.
- രോഗിയും ഒപ്പമുള്ളവരും മാസ്‌ക് ധരിക്കണം.
ചെങ്കണ്ണ് പടരാതിരിക്കാന്‍
- വേനല്‍ക്കാലത്ത് ചെങ്കണ്ണ് എളുപ്പം പടരും. വൈറസ് മൂലവും ബാക്ടീരിയ മൂലവും ഈ രോഗമുണ്ടാകാം. കണ്ണില്‍ ചുവപ്പ്, ചൊറിച്ചില്‍, കണ്ണില്‍നിന്ന് സ്രവം ഒഴുകല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
- കണ്ണുകള്‍ ഇടയ്ക്കിടെ നന്നായി കഴുകണം.
- രോഗി ഉപയോഗിച്ചസോപ്പ്, ടവല്‍ എന്നിവ മറ്റൊരാള്‍ ഉപയോഗിക്കരുത്.
ചൂടുകുരുവും ഫംഗസ് ബാധയും
- വിയര്‍പ്പുഗ്രന്ഥികളുടെ അമിതപ്രവര്‍ത്തനമാണ് ചൂടുകുരുവിന് ഇടയാക്കുന്നത്. ദിവസം രണ്ടുനേരം കുളിക്കുന്നത് ചൂടുകുരു തടയാന്‍ നല്ലതാണ്. ചൂടുകുരുവില്‍ കലാമിന്‍ ലോഷന്‍ പുരട്ടാം.
- വേനല്‍ക്കാലത്ത് അമിതമായി വിയര്‍ക്കുന്നതുമൂലം മടക്കുകളില്‍ ഫംഗസ് ബാധയും കാണാറുണ്ട്. ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകി വെയിലത്ത് ഉണക്കിയെടുക്കണം. വിയര്‍പ്പ് പുരണ്ട വസ്ത്രങ്ങള്‍ മാറ്റണം. വായുസഞ്ചാരമുള്ള നേര്‍ത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും കൈകള്‍ ഇടയ്ക്കിടെ കഴുകുന്നതും നല്ലതാണ്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
- വെയിലിന്റെ കാഠിന്യം കൂടുതലാണെങ്കില്‍ വീടിനകത്തുതന്നെ ഇരിക്കാം.
- വെയില്‍ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം.
- വ്യക്തിശുചിത്വം പ്രധാനമാണ്. മുഖം ഇടയ്ക്കിടെ ശുദ്ധജലം കൊണ്ട് കഴുകാം. ശരീരം തുണി ഉപയോഗിച്ച് തുടയ്ക്കാം.
- പുറത്തിറങ്ങുമ്പോള്‍ പൗഡറുകള്‍, സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ എന്നിവ ശീലമാക്കാം.
- വൃത്തിഹീനമായ ഇടങ്ങളില്‍ നിന്നുള്ള ജ്യൂസും പാനീയങ്ങളും ഒഴിവാക്കുക.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം.
- കുട്ടികള്‍ക്ക് ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. എന്നിവ ഇടവിട്ട് നല്‍കാം.
- കോള, പ്രിസര്‍വേറ്റിവ്‌സ് ചേര്‍ത്തതും മധുരമേറിയതുമായ ജ്യൂസ് എന്നിവ ഒഴിവാക്കാം.
- എം. എം. ആര്‍ വാക്‌സിന്‍, ചിക്കന്‍ പോക്‌സ് വാക്‌സിന്‍ എന്നിവ എടുക്കാവുന്നതാണ്.
കടപ്പാട് : ഡോ.അബ്ദുള്‍ ലത്തീഫ് എ.ജി.,
കണ്‍സല്‍ട്ടന്റ്, ജനറല്‍ മെഡിസിന്‍
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍
കോഴിക്കോട്
Content Highlights: tips for a happy and healthy summer, summer healthcare