തൈറോയ്‌ഡ്; മുൻകൂട്ടി എങ്ങനെ അറിയാം,ലക്ഷണങ്ങൾ

തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍. തൈറോയ്ഡ് രോഗങ്ങള്‍ തീവ്രതയില്‍ എത്തുന്ന ഒന്നല്ല, എന്നാല്‍ ദൈനംദിന ജീവിതത്തെ അലട്ടുന്ന ഒരു അവസ്ഥയാണിത്. ഉദാഹരണത്തിന് സ്ഥിരമായി നമ്മള്‍ ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുക, ശരീരഭാരം കൂടുക, മാസമുറയില്‍ വ്യത്യാസങ്ങള്‍ വരിക, വന്ധ്യതയ്ക്ക് കാരണമാവുക അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാലതാമസം നേരിടുക എന്നിങ്ങനെ തുടരുന്നു.
ഇതില്‍ എടുത്തു പറയേണ്ട കാര്യമെന്തെന്നാല്‍ കൃത്യമായി ചികിത്സ തേടുകയാണെങ്കില്‍ തൈറോയ്ഡ് രോഗങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും എന്നതാണ്. തൈറോയ്ഡിന്റെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയം സാദ്ധ്യമാക്കുന്നത് വര്‍ഷംതോറും തൈറോയ്ഡ് സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെയാണ്. ഇതിന് സാധാരണയായി ചെയ്യുന്ന രക്ത പരിശോധനയാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്. തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നും ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനായി പിറ്റ്വുറ്ററി ഗ്രന്ഥി (Pituitary gland) നല്‍കുന്ന ഹോര്‍മോണ്‍ ആണ് TSH. ഇതിന്റെ ഉത്പാദനക്കുറവും (Hypothyroidism) കൂടുതലും (Hyperthyroidism) ശരീരത്തെ രണ്ടു തരത്തില്‍ ബാധിക്കുന്നു. ഇത് പ്രത്യേകമായി ഒരു അവയവത്തെ അല്ല ബാധിക്കുന്നത്, ശരീരത്തെ പൊതുവായി ബാധിക്കുന്നു. ക്ഷീണം, തളര്‍ച്ച, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയാണ് പ്രകടമാകുന്നത്. അതിനാല്‍ അസുഖം ഒന്നും ഇല്ലെങ്കില്‍ പോലും സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. ഇത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത തൈറോയ്ഡ് രോഗത്തെ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സഹായിക്കുന്നതിനോടൊപ്പം ചികിത്സിച്ച് ഭേദമാക്കാനും സാധിക്കുന്നു.
ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍- ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയുക, കൈ വിറയ്ക്കുക, നെഞ്ചിടിപ്പ് കൂടുക, ക്ഷീണം തോന്നുക, മാസമുറയിലെ വ്യത്യാസം, എന്നിങ്ങനെയാണ്. ഹൈപ്പോ തൈറോയ്ഡിസം ആണെങ്കില്‍ വിപരീത ലക്ഷണങ്ങളാണ് പ്രകടമാവുക. ശരീരഭാരം കൂടുക, മാസമുറയിലെ വ്യത്യാസങ്ങള്‍, ശബ്ദത്തില്‍ വ്യതിയാനം ഉണ്ടാവുക, ഉന്മേഷക്കുറവ് എന്നിങ്ങനെ.
സ്‌ക്രീനിംഗ് ടെസ്റ്റായ TSH രക്ത പരിശോധനയില്‍ Normal value ല്‍ കുറവ് ആണെങ്കില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന കൂടുതലും മറിച്ചാണെങ്കില്‍ പ്രവര്‍ത്തനക്കുറവും സൂചിപ്പിക്കുന്നു. TSH കൂടാതെ T3, T4, Antibody ടെസ്റ്റുകളും രോഗ നിര്‍ണ്ണയത്തിന് സഹായിക്കുന്നു. ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ രക്ത പരിശോധന നടത്തുന്നത് വഴി മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയവും പ്രതിരോധവും സാദ്ധ്യമാകുന്നു.
കടപ്പാട്
ഡോ. ഹേമലത പി. (പട്ടം എസ് യു ടി ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ സീനിയർ കൺസൽട്ടൻറ്)
Content Highlights: thyroid diagnosis and symptoms