മുഖക്കുരു ആണോ പ്രശ്‌നം? എങ്കിൽ ഇക്കാര്യങ്ങൾ ചെയ്യാതിരിക്കാം

മുഖക്കുരു മുളയ്ക്കുന്ന
കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടു ഞാന്‍
കവര്‍ന്നെടുത്തു...എന്ന് പാടാന്‍ എളുപ്പമാണ്. പക്ഷേ മുഖക്കുരു വന്നാലാണ് പ്രയാസം. ഒരിക്കലെങ്കിലും മുഖക്കുരു കാരണം ബുദ്ധിമുട്ടനുഭവിക്കാത്തവര്‍ കുറവായിരിക്കും. കൗമാരക്കാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന സൗന്ദര്യപ്രശ്‌നങ്ങളിലൊന്നാണ് മുഖക്കുരു.
ചര്‍മത്തിന് എണ്ണമയം നല്‍കുന്നത് സീബം എന്ന സ്രവമാണ്. സെബേഷ്യസ് ഗ്രന്ഥികളാണ് ഇത് ഉത്പാദിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തനംമൂലം സീബത്തിന്റെ ഉത്പാദനം കൂടും. ഗ്രന്ഥികള്‍ക്കുള്ളില്‍ സ്രവം നിറഞ്ഞ് വീര്‍ത്ത് മുഖക്കുരുവായി മാറുന്നു.
ഇടയ്ക്കിടെ മുഖംകഴുകല്ലേ
മുഖക്കുരു ഉള്ളവർ ഇടയ്ക്കിടെ മുഖംകഴുകുന്നതും മുഖം അമര്‍ത്തിത്തുടയ്ക്കുന്നതും നല്ലതല്ല. ശുദ്ധമായ വെള്ളത്തില്‍ ഒന്നോ രണ്ടോതവണ കഴുകിയാല്‍ മതിയാകും. വീര്യം കുറഞ്ഞ സോപ്പോ, ഫെയ്‌സ് വാഷോ, ക്ലെന്‍സറോ ഇതിനായി ഉപയോഗിക്കാം.
- പി.സി.ഒ.ഡി., തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ അതിനുള്ള ചികിത്സ തേടണം.
- ആവശ്യം കഴിഞ്ഞാല്‍ മേക്കപ്പ് പൂര്‍ണമായി നീക്കം ചെയ്യണം.
- ചര്‍മം വെളുക്കാനായി ഉപയോഗിക്കുന്ന ലേപനങ്ങളില്‍ ചിലപ്പോള്‍ സ്റ്റിറോയ്ഡുകള്‍ അടങ്ങിയിട്ടുണ്ടാകാം. അവ ഉപയോഗിക്കുന്നതിന് മുന്‍പ് ചര്‍മരോഗവിദഗ്ധന്റെ നിര്‍ദേശം തേടണം.
- ചര്‍മത്തിന്റെ ആരോഗ്യത്തില്‍ മാനസികാരോഗ്യം പ്രധാനമാണ്. അമിതസമ്മര്‍ദം, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുക.
- ദിവസം എട്ടുമണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കാം.
ആഹാരത്തില്‍ ശ്രദ്ധിക്കാം
ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ സീബബത്തിന്റെ ഉത്പാദനം നിയന്ത്രിക്കാന്‍ കഴിയും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തിയ ഡയറ്റാണ് ഇതിനായി പിന്‍തുടരേണ്ടത്.
* ഇടയ്ക്കിടെ ശുദ്ധജലം കുടിക്കാം.
* എണ്ണയുടേയും മധുരത്തിന്റെയും അമിതോപയോഗം നിയന്ത്രിക്കണം.
* ബേക്കറി പലഹാരങ്ങള്‍, ചോക്ലേറ്റ് എന്നിവയും കുറയ്ക്കാം.
* പാല്‍, ചീസ് എന്നിവയുടെ അമിതോപയോഗവും മുഖക്കുരു വര്‍ധിപ്പിച്ചേക്കാം.
* മുഴുധാന്യങ്ങള്‍, ഗോതമ്പ്, ഓട്‌സ്, ബ്രൗണ്‍റൈസ് എന്നിവ ആഹാരത്തിന്റെ ഭാഗമാക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Teenage Acne: Effective Skincare and Lifestyle Strategies for Clear Skin