ചായ വിത്തൗട്ടായാല്‍ മാത്രം പ്രമേഹം കുറയുമോ? 'കടി'യുടെ കാര്യത്തിലും വേണം കരുതല്‍

വിത്തൗട്ട് ചായകളുടെ എണ്ണം മലയാളികള്‍ക്കിടയില്‍ വല്ലാതെ കൂടിയിട്ടുണ്ട്. കാപ്പിയും മധുരമില്ലാതെ കഴിക്കുന്നവര്‍തന്നെയാണ് കൂടുതല്‍. പ്രമേഹം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള കരുതല്‍ നടപടികളിലൊന്നാണ് വിത്തൗട്ട്. പ്രമേഹമുണ്ടോ, വിത്തൗട്ട് നിര്‍ബന്ധം എന്നതാണ് സ്ഥിതി. എന്നാല്‍ ചായയും കാപ്പിയും വിത്തൗട്ട് ആക്കിയതുകൊണ്ടുമാത്രം പ്രമേഹം നിയന്ത്രണത്തിലാക്കാന്‍ കഴിയുമോ? ചായക്കൊപ്പം ധാരാളമായി ചെറുകടികള്‍ കഴിച്ചാലോ?
കടികളുടെ കാര്യം
ചായ മധുരമില്ലാതെ കഴിച്ചാലും അതിനൊപ്പം ചെറുകടികള്‍ അകത്താക്കുന്നുണ്ടെങ്കില്‍ പണി പാളിയേക്കാം. കടികളിലൂടെ എത്തുന്ന ഗ്ലൂക്കോസ്, ഒഴിവാക്കിയ മധുരത്തേക്കാള്‍ കൂടുതലായേക്കാം. അതിനാല്‍ ചെറുകടികള്‍ കഴിക്കുമ്പോള്‍ അല്പം കരുതലാവാം.
ഉദാഹരണത്തിന് ഒരുകപ്പ് ചായയുടെ കാര്യമെടുക്കാം. 50 മില്ലി പാലും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ന്നതാണ് ശരാരശരി ചായ. ഇങ്ങനെയുള്ള ഒരു ചായയില്‍ നിന്ന് ഏതാണ്ട് 75 കലോറി ഊര്‍ജം ലഭിക്കും. മധുരം ഒഴിവാക്കിയാല്‍ ഏതാണ്ട് 40-45 കലോറി. ഇതിനൊപ്പം സമൂസ, ബോണ്ട, പഫ്‌സ്, പഴംപൊരി, അരിയുണ്ട, കേക്ക് തുടങ്ങി എന്തെങ്കിലുമൊക്കെ നാം കഴിക്കാറുണ്ട്. ഒരു പഴംപൊരിയില്‍നിന്ന് 180 കലോറിയും പരിപ്പുവടയില്‍ 150 കലോറിയും ബോണ്ടയില്‍ 200 കലോറിയും വരെ ഊര്‍ജമാണ് ലഭിക്കുന്നത്. ദിവസം കുറഞ്ഞത് രണ്ടു ചായയെങ്കിലും കുടിക്കുമ്പോള്‍ ശരീരത്തിലെത്തുന്ന കലോറി എത്രയെന്ന് ആലോചിച്ചുനോക്കൂ.
കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണം പ്രമേഹരോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസ് നില താറുമാറാക്കിയേക്കാം. അതോടൊപ്പം ഇന്‍സുലിന്‍ പ്രതിരോധശേഷി കുറയ്ക്കുകയും രക്തത്തിലെ കൊളസ്‌ട്രോള്‍ നില കൂടാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ പ്രമേഹം തടയുകയാണ് ലക്ഷ്യമെങ്കില്‍ വിത്തൗട്ട് ചായ തുടരാം, എന്നാല്‍ അതിനൊപ്പം ചെറുകടികള്‍ വേണ്ട. ശരീരഭാരം നിയന്ത്രിച്ച്, കൃത്യമായ വ്യായാമം ചെയ്ത് ഷുഗര്‍നില നിയന്ത്രണത്തിലാക്കി ജീവിതം ഹെല്‍ത്തിയായി തുടരാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: can sugarless tea reduce the impact of diabetes