തൊണ്ടവേദനയുണ്ടോ? കാരണങ്ങള്‍ അറിയാം പരിഹാരങ്ങളും

സുഖജീവനം, എഐ നിർമിതചിത്രം
സുഖജീവനം, എഐ നിർമിതചിത്രം

മഴക്കാലം, മഞ്ഞുകാലം, വേനല്‍ക്കാലം എന്നിങ്ങനെ ഏതു കാലമായാലും നമ്മള്‍ സാധാരണയായി കടന്നുപോകുന്ന ഒരു അവസ്ഥയാണ് തൊണ്ടവേദന. ഇത് പനിയോടൊപ്പവും വരാം, അല്ലെങ്കില്‍ തനിച്ചും വരാം.

എങ്ങനെ ഉണ്ടാകുന്നു?

തൊണ്ടവേദന അഥവാ ഫാരിംഗൈറ്റിസ്, എന്നത് തൊണ്ടയുടെ പിന്‍ഭാഗത്ത് (ശ്വാസനാളം) ഉണ്ടാകുന്ന കുത്തുന്നത് പോലെയോ, പോറല്‍ പോലെയോ ഉള്ള വേദന നിറഞ്ഞ ഒരു അവസ്ഥയാണ്. തൊണ്ടയിലെ ടിഷ്യൂ അല്ലെങ്കില്‍ മ്യൂക്കോസ വീക്കം വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പെട്ടെന്നുതന്നെ തൊണ്ട വേദന കൂടുകയും ഉമിനീര്‍ ഇറക്കുമ്പോഴോ, ഭക്ഷണം വിഴുങ്ങുമ്പോഴോ, വെള്ളം കുടിക്കുമ്പോഴോ അതിയായി വേദന അനുഭവപ്പെടുകയും ചെയ്തേക്കാം.

തൊണ്ടവേദനയുടെ കാരണം?

ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള വൈറല്‍ അണുബാധ മൂലമാണ് മിക്ക തൊണ്ടവേദനകളും ഉണ്ടാകുന്നത്. താഴെ പറയുന്ന കാരണങ്ങള്‍കൊണ്ടും തൊണ്ടവേദന ഉണ്ടാകാം:

ബാക്ടീരിയല്‍ അണുബാധ: ബാക്ടീരിയല്‍ സൈനസ് അണുബാധകള്‍ സാധാരണയായി തൊണ്ടവേദനയ്ക്ക് കാരണമാകാറുണ്ട്.

ടോണ്‍സിലൈറ്റിസ്: തൊണ്ടയിലെ ടോണ്‍സിലുകള്‍ക്ക് അണുബാധയും വീക്കവും വരുമ്പോഴാണ് ടോണ്‍സിലൈറ്റിസ് ഉണ്ടാകുന്നത്. ഇതും തൊണ്ടവേദനയ്ക്ക് കാരണമാകാറുണ്ട്.

അലര്‍ജി: പൂമ്പൊടി, പൊടിപടലങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, അല്ലെങ്കില്‍ പൂപ്പല്‍ എന്നിവയില്‍നിന്നുള്ള അലര്‍ജി നിങ്ങളുടെ മൂക്കില്‍നിന്ന് കഫം തൊണ്ടയുടെ പിന്‍ഭാഗത്തേക്ക് ഒലിച്ചിറങ്ങാന്‍ (പോസ്റ്റ് നാസല്‍ ഡ്രിപ്പ്) കാരണമാകും. ഇത് തൊണ്ടവേദനയ്ക്ക് കാരണമാകുന്നു.

ആസിഡ് റിഫ്‌ലക്‌സ്:GERD (ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ലക്‌സ് ഡിസോര്‍ഡര്‍) ഉള്ളവര്‍ക്ക് തൊണ്ടയില്‍ പുകച്ചിലും എരിച്ചിലും അനുഭവപ്പെടാറുണ്ട്.

വോക്കല്‍ കോര്‍ഡിന്റെ അമിതമായ ഉപയോഗം: വളരെ ഉച്ചത്തില്‍ അലറുക, പൊട്ടിക്കരയുക എന്നിവയെല്ലാം തൊണ്ടയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും.
പുകവലി: നിരന്തരം പുകവലിക്കുന്നവര്‍ക്ക് തൊണ്ടവേദന വരാന്‍ സാധ്യത കൂടുതലാണ്.

വായിലൂടെ ശ്വാസമെടുക്കുക: ഉറങ്ങുമ്പോള്‍ മൂക്കിലൂടെ ശ്വാസമെടുക്കാതെ വായിലൂടെ ശ്വസിക്കുന്നവര്‍ക്ക് തൊണ്ടവേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മുഴകള്‍: തൊണ്ടയില്‍ ഉണ്ടാകുന്ന മുഴകള്‍ (പല കാരണങ്ങള്‍കൊണ്ടാകാം) തൊണ്ടവേദനയ്ക്ക് കാരണമാകാറുണ്ട്.

അണുബാധ: സാധാരണയായി തൊണ്ടവേദന അണുബാധ മൂലമാണ് ഉണ്ടാകുന്നത്.
അണുബാധയുമായി ബന്ധപ്പെട്ട തൊണ്ടവേദനയുടെ ലക്ഷണങ്ങള്‍:

  • സൈനസൈറ്റിസ് കട്ടിയുള്ള മഞ്ഞ നിറത്തിലുള്ള കഫം
  • വീര്‍ത്ത ലിംഫ് നോഡുകള്‍
  • മൂക്കടപ്പ്
  • ചുമ
  • ക്ഷീണം
  • ടോണ്‍സില്‍ വീക്കം

മുളയിലേ നുള്ളാം

തൊണ്ടവേദന കുറയ്ക്കാന്‍ ആയുര്‍വേദ ചര്യകളിലൂടെയും ഔഷധങ്ങളിലൂടെയും സാധിക്കും.

  • ദിവസവും രാവിലെയും കിടക്കുന്നതിനു മുന്‍പും ചെറു ചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും (ഇന്തുപ്പ്) മിക്‌സ് ചെയ്ത് രണ്ടുനേരം ഗാര്‍ഗിള്‍ ചെയ്യുക. ഇത് തൊണ്ടയില്‍ വരുന്ന അണുബാധകളെ കുറയ്ക്കും.
  • പനിക്കൂര്‍ക്കയില വെള്ളത്തിലിട്ട് തിളപ്പിച്ച്, അതില്‍ ഒരു നുള്ള് കുരുമുളകുപൊടിയും തേനും ചേര്‍ത്ത് ഇളം ചൂടോടെ കുടിക്കുക.
  • യഷ്ടിമധു ചൂര്‍ണ്ണം തേനില്‍ ചേര്‍ത്ത് കഴിക്കുക (ഒരു ടീസ്പൂണ്‍ ചൂര്‍ണ്ണം + ഒരു ടീസ്പൂണ്‍ തേന്‍).
  • ആവി പിടിക്കുക. സൈനസൈറ്റിസ് പോലുള്ള അസുഖങ്ങള്‍ വരുമ്പോള്‍ തന്നെ ആവി പിടിക്കുന്നത് തൊണ്ടവേദന ഒഴിവാക്കാന്‍ സഹായിക്കും.
  • ശുദ്ധമായ ചൂടുവെള്ളം കുടിക്കുക.
  • ദശമൂല കടുത്രയം + ധന്വന്തരം ഗുളിക: ജലദോഷം, പനി, കഫക്കെട്ട് എന്നിവ വരുമ്പോള്‍ തന്നെ ദശമൂല കടുത്രയവും ഒപ്പം ധന്വന്തരം ഗുളികയും സേവിക്കാം. ഇത് നിങ്ങളുടെ പ്രതിരോധശേഷി കൂട്ടാനും, പനി, തൊണ്ടവേദന തുടങ്ങിയവയില്‍ നിന്ന് വേഗം മുക്തി നേടാനും സഹായിക്കും.
  • വ്യോഷാദി വടകം: തൊണ്ടയിലെ കരകരപ്പ്, തൊണ്ടവേദന എന്നിവ തുടങ്ങുമ്പോള്‍ തന്നെ വ്യോഷാദി വടകം ശീലമാക്കുക. വേഗം തന്നെ ഭേദമാകും. (ഒരു ടീസ്പൂണ്‍ + ഒരു ടീസ്പൂണ്‍ തേനില്‍ ചാലിച്ച് കഴിക്കുക).
  • രാത്രിയില്‍ കിടക്കുമ്പോള്‍ ചെവി മൂടിക്കെട്ടി കിടക്കുക. ഇത് തൊണ്ടവേദന, ജലദോഷം, കഫക്കെട്ട് എന്നിവ ഒഴിവാക്കാന്‍ സഹായിക്കും.

പ്രതിരോധ മാർഗങ്ങൾ

ഒരു ചെറിയ ജലദോഷത്തില്‍ നിന്നോ തൊണ്ടവേദനയില്‍ നിന്നോ ആവാം ഒരു വൈറല്‍ അണുബാധയുടെ തുടക്കം. 

  • കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക (ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിക്കാം).
  • വൈറല്‍ ഇന്‍ഫെക്ഷന്‍സ് ഉള്ളപ്പോള്‍ ആഹാരപാനീയങ്ങള്‍ പങ്കുവെക്കുന്നത് ഒഴിവാക്കുക.
  • പനിയോ ജലദോഷമോ ഉള്ളവര്‍ മാസ്‌ക് ധരിക്കുക.
  • മഴക്കാലത്തും മഞ്ഞുകാലത്തും ചൂടുവെള്ളത്തില്‍ കുളി ശീലമാക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Understand the common causes of sore throat, including infections, allergies, and acid reflux. Discover effective Ayurvedic remedies and preventive measures to find relief.