ഭാരക്കുറവ് ചര്‍മത്തിലും മുടിയിലും തൊട്ട് എല്ലിലും പല്ലിലും വരെ അപകടങ്ങളുണ്ടാക്കും

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

സീറോ സൈസ് ലക്ഷ്യമിട്ടുള്ള ഡയറ്റിങ്ങിനു പുറകെ ആളുകള്‍ പോകുന്ന കാലമാണിത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാതെയും ആരോഗ്യം ശ്രദ്ധിക്കാതെയുമുള്ള മെലിച്ചില്‍ പ്രവണത ആളുകളില്‍ കണ്ടുവരുന്നു. പക്ഷേ, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തേണ്ടത് ആരോഗ്യമുള്ള ശരീരത്തിന് അത്യന്താപേക്ഷിതമാണ്. അമിതമായി ഭാരം കുറയ്ക്കുന്നവരെ കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ്.

പ്രതിരോധശേഷി കുറയുന്നതു മുതല്‍ എല്ലിന്റെയും പല്ലിന്റെയും വരെ ആരോഗ്യത്തെ ഇത് ബാധിക്കും. ഭാരക്കുറവുള്ളവര്‍ ഡോക്ടറില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ആവശ്യമായ ഭാരത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. ജീവിതശൈലിയില്‍ ആവശ്യമായ മാറ്റം വരുത്തിയും സന്തുലിതമായ ഡയറ്റിലൂടെയും വേണം ഇതു ചെയ്യാന്‍. 

ഭാരം കുറയുന്നതുമൂലമുള്ള ബുദ്ധിമുട്ടുകള്‍

1. പ്രതിരോധശേഷി കുറയും 
തീരെ ഭാരക്കുറവുള്ളവര്‍ക്ക് അടിക്കടി അസുഖങ്ങള്‍ വരാം. അണുബാധകളും മറ്റും കൂടുതലായി വരാം. രോഗപ്രതിരോധശേഷി കുറവായതിനാലാണത്. അവശ്യ പോഷകങ്ങളുടെ അഭാവം രോഗകാരികളോട് പോരാടുന്നതില്‍ നിര്‍ണായകമായ വെളുത്ത രക്താണുക്കള്‍ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തും.

2. പോഷകക്കുറവ്
ഭാരക്കുറവ് പലതരത്തിലുള്ള പോഷകാഹാരക്കുറവിന് കാരണമാകും. ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍ ഡി തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത വിളര്‍ച്ച, ദുര്‍ബലമായ എല്ലുകള്‍ പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകും. ഈ കുറവുകള്‍ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തിലും ഊര്‍ജ്ജത്തിലും ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കും. 

3. അസ്ഥിക്ഷയം
ഭാരക്കുറവുള്ള ആളുകള്‍ക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എല്ല് പൊട്ടുകയോ ദുര്‍ബലമാവുകയോ ചെയ്യുന്ന അവസ്ഥയാണിത്. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ അപര്യാപ്തതയാണ് ഇതിന് കാരണം. കാലക്രമേണ, ഒടിവുകളും അസ്ഥി സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും.

4. പ്രത്യുത്പാദനശേഷി
സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഭാരക്കുറവ് ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ക്കും ആര്‍ത്തവമില്ലാത്ത അവസ്ഥകള്‍ക്കും കാരണമാകും. പ്രത്യുല്‍പാദനക്ഷമതയെയും ബാധിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയുന്നത് പ്രത്യുല്‍പാദന ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും, ഇത് ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കുന്നു. കൂടാതെ, ഭാരക്കുറവുള്ള സ്ത്രീകളിലെ ഗര്‍ഭധാരണം, മാസം തികയാതെയുള്ള ജനനം, കുഞ്ഞിന്റെ ഭാരക്കുറവ് തുടങ്ങിയ സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നു. 

5. പേശീക്ഷയം, ക്ഷീണം
പോഷകാഹാരത്തിന്റെ അഭാവം പേശികളുടെ ബലഹീനതയ്ക്കും വിട്ടുമാറാത്ത ക്ഷീണത്തിനും കാരണമാകും. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ കലോറിയും പ്രോട്ടീനും ലഭിച്ചില്ലെങ്കില്‍ ശരീരം ഊര്‍ജ്ജത്തിനായി പേശികലകളെ തകര്‍ക്കാന്‍ തുടങ്ങും. ഇത് പേശികളുടെ ശക്തി കുറയുന്നതിനും നിരന്തരമായ ക്ഷീണത്തിനും കാരണമാവുകയും ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കുകുയും ചെയ്യും. 

6. ചര്‍മത്തെയും മുടിയെയും പല്ലിനെയും ബാധിക്കും
ചര്‍മത്തിന്റെ തിളക്കത്തിനും ആരോഗ്യമുള്ള മുടിവളരുന്നതിനും പോഷകാഹാരം ആവശ്യമാണ്. ഒരു വ്യക്തിക്ക് അവരുടെ ദൈനംദിന ഭക്ഷണത്തില്‍ നിന്ന് വേണ്ടത്ര പോഷകങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, മുടികൊഴിച്ചില്‍, വരണ്ടചര്‍മ്മം, ആരോഗ്യമില്ലാത്ത പല്ല് എന്നീ അവസ്ഥകള്‍ക്ക് കാരണമാകും.
 

(കടപ്പാട്: MEDICAL NEWS TODAY)

Content Highlights: potential health risks of being underweight