അമിതദേഷ്യവും സങ്കടവും ശരീരത്തിലെ നീർക്കെട്ടും വേദനയും… ഒരുപക്ഷേ, പിസിഒഎസിന്റെ ലക്ഷണങ്ങളാവാം

ഒരു ദിവസം വൈകുന്നേരം ക്ലിനിക്കിൽ അമ്മയും 15 വയസ്സുള്ള മകളും എത്തി. 15 വയസ്സേ ഉള്ളൂവെങ്കിലും കുട്ടിയുടെ ശരീരപ്രകൃതിയിൽ അതിലേറെ പ്രായം തോന്നിക്കുന്നുണ്ട്. ക്രമം തെറ്റിയ ആർത്തവമാണ് (Irregular periods) പ്രധാനപ്രശ്‌നം. 11-ാം വയസ്സിൽ ആർത്തവം ആരംഭിച്ചുവെങ്കിലും ഒരു വർഷത്തിന് ശേഷം കൃത്യമല്ലാതായി.
ഹോർമോൺ വ്യതിയാനങ്ങൾ ഉള്ള പ്രായമായതിനാൽ ശരീരം ഒരു പക്വതയിൽ എത്തുന്നതുവരെ ആർത്തവത്തിൽ മാറ്റങ്ങൾ വരാം എന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാൽ ഒരു USG റിപ്പോർട്ടുമായാണ് അവർ വന്നത്. അലോപ്പതി ഡോക്ടറും സമാനമായ അഭിപ്രായമാണ് പറഞ്ഞിരുന്നത്. അവരുടെ നിർബന്ധപ്രകാരം എടുത്ത USG പരിശോധിച്ചപ്പോഴാണ് ആ കുട്ടിക്ക് PCOS ആണെന്ന് മനസ്സിലാക്കുന്നത്. ഇന്ന് ഡയബറ്റിസ് അല്ലെങ്കിൽ കൊളസ്‌ട്രോൾ പോലെ തന്നെ സ്ത്രീകൾക്കിടയിൽ സാധാരണയായി കേൾക്കുന്ന ഒന്നാണ് PCOS (Polycystic Ovary Syndrome).
എന്താണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം
അണ്ഡാശയം അമിതമായി ആൻഡ്രോജൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണിത്. ഇത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തകർക്കുകയും പ്രത്യുത്പാദന ഹോർമോണുകളെ ബാധിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ക്രമം തെറ്റിയ ആർത്തവം, ആർത്തവം ഇല്ലാതിരിക്കുക, അണ്ഡോത്പാദനം കൃത്യമല്ലാതാവുക എന്നിവ സംഭവിക്കുന്നു.
USG എടുക്കുമ്പോൾ അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ (Cysts) കാണപ്പെടാം. എന്നാൽ സിസ്റ്റുകൾ കണ്ടതുകൊണ്ട് മാത്രം ഒരാൾക്ക് PCOS ഉണ്ടെന്ന് പറയാനാവില്ല. ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിന്റെ പ്രധാന ലക്ഷണം. അമിതമായ ദേഷ്യം, സങ്കടം, മൂഡ് മാറ്റങ്ങൾ (Mood swings), ശരീരത്തിലെ നീർക്കെട്ടുകൾ, വേദനകൾ എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടാകാം.
പ്രധാന ലക്ഷണങ്ങൾ:
- ക്രമം തെറ്റിയ ആർത്തവം: ആർത്തവം ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ അമിത രക്തസ്രാവം ഉണ്ടാവുകയോ ചെയ്യാം.
- അമിത രോമവളർച്ച: മുഖം, കൈകൾ, നെഞ്ച് എന്നിവിടങ്ങളിൽ അമിതമായി രോമം വളരുന്നു.
- പുറംഭാഗം, നെഞ്ച്, മുഖം എന്നിവിടങ്ങളിൽ കുരുക്കൾ ഉണ്ടാവുക.
- ശരീരഭാരം വർദ്ധിക്കുക: 40% മുതൽ 80% വരെ രോഗികളിൽ പൊണ്ണത്തടി കണ്ടുവരുന്നു.
ചർമ്മത്തിലെ മാറ്റങ്ങൾ: കഴുത്ത്, കക്ഷം എന്നിവിടങ്ങളിൽ കറുത്ത നിറം, സ്‌കിൻ ടാഗുകൾ എന്നിവ.
മുടികൊഴിച്ചിൽ: മുടി കൊഴിയുന്നതിനും കഷണ്ടിക്കും കാരണമാവാം.
വന്ധ്യത: കൃത്യമായ അണ്ഡോത്പാദനം നടക്കാത്തതിനാൽ ഗർഭധാരണത്തിന് തടസ്സം നേരിടാം.
ആയുർവേദ പരിഹാരങ്ങൾ
രോഗത്തിന്റെ മൂലകാരണം കണ്ടെത്തി ചികിത്സിക്കുക എന്നതാണ് ആയുർവേദ രീതി. ഹോർമോൺ സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരുന്നതിനൊപ്പം രോഗിയുടെ ജീവിതശൈലിയും ഭക്ഷണക്രമവും ക്രമീകരിക്കുന്നു.
പഞ്ചകർമ്മ ചികിത്സ: PCOS ചികിത്സയിൽ പഞ്ചകർമ്മ വളരെ ഫലപ്രദമാണ്. ചികിത്സയ്ക്ക് മുൻപായി സ്‌നേഹപാനം, ഫാസ്റ്റിംഗ് എന്നിവ നൽകുന്നു. തുടർന്ന് വമനം, വിരേചനം, ബസ്തി എന്നിവയിലൂടെ ശരീരത്തിലെ മെറ്റബോളിസവും ഹോർമോൺ അളവും ക്രമീകരിക്കുന്നു.
ജീവിതശൈലി മാറ്റങ്ങൾ: വ്യായാമം: യോഗയോ നടത്തമോ ദിനചര്യയുടെ ഭാഗമാക്കുക.
ഭക്ഷണക്രമം: കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. പൊരിച്ചതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ, സോസ്, മധുരം കൂടിയ പാനീയങ്ങൾ, മസാലകൾ എന്നിവ ഒഴിവാക്കുക.
മാനസികാരോഗ്യം: മെഡിറ്റേഷൻ, പ്രാണായാമം എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുക.
പ്രധാന ഔഷധങ്ങൾ:
ശതാവരി: ഹോർമോൺ ബാലൻസിനും പ്രത്യുത്പാദന ആരോഗ്യത്തിനും.
അശ്വഗന്ധ: സ്‌ട്രെസ് കുറയ്ക്കാനും എൻഡോക്രൈൻ സിസ്റ്റത്തെ സഹായിക്കാനും.
കാഞ്ചനാര ഗുൽഗുലു: സിസ്റ്റുകളുടെ വലിപ്പം കുറയ്ക്കാൻ.
അശോകാരിഷ്ടം / ദശമൂലാരിഷ്ടം: ആർത്തവം ക്രമപ്പെടുത്താൻ.
ത്രിഫല: ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും.
പുനർന്നവാദി കഷായം: ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ.
PCOS നിയന്ത്രിക്കുന്നതിന് പ്രാണായാമം ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് മാനസികവും ശാരീരികവുമായ ക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രധാനപ്പെട്ട ചില പ്രാണായാമങ്ങൾ താഴെ പറയുന്നവയാണ്:
നാഡിശുദ്ധി പ്രാണായാമം: ശരീരത്തിലെ ഹോർമോൺ നില സന്തുലിതമാക്കാൻ ഇത് സഹായിക്കുന്നു.
ഭ്രാമരി പ്രാണായാമം: മനസ്സ് ശാന്തമാക്കാനും പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും ഉത്തമം.
കപാലഭാതി: ശരീരത്തിലെ മെറ്റബോളിക് പ്രവർത്തനങ്ങളെ വേഗത്തിലാക്കാനും ആന്തരികാവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഉജ്ജയി പ്രാണായാമം: ഏകാഗ്രതയും ശ്വസനക്ഷമതയും വർധിപ്പിക്കാൻ സഹായിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Understanding PCOS as a hormonal imbalance condition, Key symptoms like irregular periods, hirsutism, and weight gain, Ayurvedic approach involving Panchakarma and lifestyle modification, Effective herbs like Shatavari and Ashwagandha for hormonal balance, Role of Pranayama in managing stress and metabolic health