കൈപ്പത്തിയിലെ വേദനയും പെരുപ്പും അവഗണിക്കല്ലേ; പരിഹരിക്കാന്‍ ചികിത്സയുണ്ട്

#Dr Unnikuttan D, Consultant Orthopedic Surgeon, SUT Hospital, Pattom, www.drunnikuttanortho.com
പ്രതീകാത്മക ചിത്രം/Shutterstock
പ്രതീകാത്മക ചിത്രം/Shutterstock

കൈപ്പത്തിയില്‍ വേദനയും മറ്റു ബുദ്ധിമുട്ടുകളുമായി ഒ.പിയില്‍ ധാരാളം രോഗികള്‍ വരാറുണ്ട്. മനുഷ്യ ശരീരത്തിലെ വളരെ സങ്കീര്‍ണ്ണമായ അവയവമാണ് കൈ. മുപ്പതോളം പേശികളാണ് കൈയുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ പേശികളില്‍ നിന്നും നാര് പോലെ ഉത്ഭവിക്കുന്ന സ്‌നായുക്കള്‍ (tendon) എല്ലുകളില്‍ ചേരുന്നു. ഇവയുടെ ഇടയിലൂടെ പോകുന്ന ഞരമ്പുകളും (nerve) രക്തധമനികളും (blood vessel) ഉണ്ട്. സ്‌നായു-ഞരമ്പ് എന്നിവയ്ക്ക് ചില പ്രത്യേക ഇടങ്ങളില്‍ എത്തുമ്പോള്‍ ചുറ്റുമുള്ള ആവരണത്തിന്റെ സമ്മര്‍ദ്ദം മൂലം ഞെരുക്കം അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഞരമ്പിന്റെ ഞെരുക്കം വിരലുകളില്‍ പെരുപ്പും പേശികള്‍ ശോഷിക്കാനും കാരണമാകുന്നു. സ്‌നായുക്കള്‍ ഞെരുങ്ങുന്നത് മൂലം വിരലുകള്‍ മടക്കുന്ന സമയത്ത് ഉടക്കും വേദനയും അനുഭവപ്പെടുന്നു. പ്രമേഹം തൈറോയ്ഡ് മുതലായ അസുഖങ്ങള്‍ ഉള്ളവരിലും ഗര്‍ഭകാലത്തും ഈ അവസ്ഥകള്‍ കൂടുതല്‍ ആയി കാണപ്പെടുന്നു.

കാര്‍പെല്‍ ടണല്‍ സിന്‍ഡ്രോം
മീഡിയന്‍ നെര്‍വ് എന്ന ഞരമ്പ് കൈത്തണ്ടയിലൂടെ കടന്നു പോകുന്നിടത്ത് ഞെരുക്കം ഉണ്ടാകുന്നതാണ് കാര്‍പെല്‍ ടണല്‍ സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണം. തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവിടങ്ങളില്‍ പെരുപ്പ്, തള്ളവിരലിന്റെ പേശികളില്‍ ശോഷിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍.

കൈത്തണ്ടയിലെ വേദന
തള്ളവിരല്‍ നിയന്ത്രിക്കുന്ന സ്‌നായു, കൈത്തണ്ടയിലൂടെ പോകുന്നിടത്ത് ഞെരുക്കം ഉണ്ടാകുന്നത് മൂലമുള്ള അവസ്ഥയാണ് ഡിക്യൂര്‍വന്‍ ടീനോസൈനോവൈറ്റിസ്. ഈ അവസ്ഥയില്‍ കൈത്തണ്ടയില്‍ വേദനയും നീരും അനുഭവപ്പെടുന്നു. തള്ളവിരല്‍ അനക്കുന്നതിനും ഭാരം എടുക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നു.

വിരലുകളിലെ മുറുക്കം
വിരലുകളെ ചലിപ്പിക്കുന്ന സ്‌നായുക്കള്‍ കൈപ്പത്തിയിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന മുറുക്കം ആണ് ട്രിഗര്‍ ഫിംഗര്‍. വിരലുകള്‍ അനക്കുവാന്‍ ശ്രമിക്കുമ്പോള്‍ കാഞ്ചി വലിക്കുന്നത് പോലെ ഉടക്ക് വീഴുന്നതാണ് ഇതിന്റെ ലക്ഷണം. ചില അവസരങ്ങളില്‍ കൈവിരല്‍ മടക്കിയതിനുശേഷം നിവര്‍ത്തുവാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായേക്കാം.

ചികിത്സ
മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ പ്രാരംഭ ഘട്ടങ്ങളില്‍ കണ്ടെത്തിയാല്‍ മരുന്നിലൂടെ ഭേദമാക്കാന്‍ സാധിക്കും. മുറുക്കം അനുഭവിക്കുന്ന ഭാഗത്തെ നീര് കുറയ്ക്കാനുള്ള മരുന്നും പെരുപ്പ് കുറയ്ക്കാനുള്ള മരുന്നും വിശ്രമവും ഭൂരിഭാഗം രോഗികളിലും ഫലം നല്‍കുന്നു. എന്നാല്‍ വളരെ നാളുകള്‍ കൊണ്ട് മുറുക്കം കഠിനമായ രോഗികളില്‍ മരുന്ന് ഫലം നല്‍കില്ല. മുറുക്കമുള്ള ഭാഗത്ത് നല്‍കുന്ന സ്റ്റിറോയ്ഡ് കുത്തിവയ്പ്പുകള്‍ താല്‍ക്കാലികമായ ശമനം നല്‍കുന്നു.

ശസ്ത്രക്രിയ
വളരെ നാളുകള്‍ കൊണ്ട് മുറുക്കം കഠിനമായ രോഗികളില്‍ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ മുറുക്കം അയച്ചു വിടുന്ന രീതിയാണ് ഉത്തമം. ആ ഭാഗം മരവിപ്പിച്ച ശേഷം ചെറിയ മുറിവുകളിലൂടെയാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. രാവിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയി വൈകുന്നേരം തിരികെ പോകാന്‍ പറ്റുന്ന സര്‍ജറി ആയിട്ടാണ് പൊതുവേ ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യാറുള്ളത്. മുറിവ് ഉള്ളതിനാല്‍ രണ്ടാഴ്ചയോളം നനയ്ക്കാന്‍ പറ്റാത്ത വിധം കൈയ്യില്‍ ബാന്‍ഡേജ് ഉണ്ടാകും. പിന്നീട് തുന്നലുകള്‍ എടുത്ത ശേഷം കൈ നനയ്ക്കുകയും സാധാരണ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യാം.

ഞരമ്പ്, സ്‌നായു എന്നിവയ്ക്ക് വളരെനാള്‍ ഞെരുക്കം അനുഭവപ്പെട്ടാല്‍ പേശികള്‍ ശോഷിച്ച് പോകാന്‍ സാദ്ധ്യത കൂടുതലാണ്. കൃത്യ സമയത്തുള്ള ഇടപെടലുകള്‍ കൈപ്പത്തിയിലെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. 

Content Highlights: Joint pain and swelling on hand can be cured