പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് അസ്ഥിബലക്ഷയം കൂടുതലായി കാണപ്പെടുന്നത്

നിശ്ശബ്ദനായ രോഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് എന്ന അസ്ഥിബലക്ഷയം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അസ്ഥികളുടെ ബലം കുറഞ്ഞ് വരികയും വളരെ എളുപ്പത്തില്‍ പൊട്ടലുകളും മറ്റും സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗത്തിന്റെ പരിണാമഘട്ടത്തില്‍ വലിയ തോതിലുള്ള ലക്ഷണങ്ങള്‍ കാണിക്കാറില്ല എന്നതിനാലാണ് ഇതിനെ നിശ്ശബ്ദനായ രോഗം (Silent Disease) എന്ന് വിളിക്കുന്നത്.
ലിംഗഭേദമന്യേ ആര്‍ക്കും വരാവുന്ന അവസ്ഥയാണെങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് അസ്ഥിബലക്ഷയം കൂടുതലായി കാണപ്പെടുന്നത്. ഇതില്‍ തന്നെ ആര്‍ത്തവവിരാമം സംഭവിച്ചവരില്‍ രോഗസാധ്യത കൂടുതലാണ്.
എന്താണ് ഓസ്റ്റിയോപൊറോസിസ്?
പ്രായാധിക്യം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഹോര്‍മോണില്‍ വരുന്ന വ്യത്യാസം നിമിത്തം എല്ലുകള്‍ക്ക് സംഭവിക്കുന്ന ബലക്കുറവാണ് ഓസ്റ്റിയോപൊറോസിസ്. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിലേക്ക് നയിക്കാനിടയാക്കുന്ന പ്രധാന കാരണം. ആര്‍ത്തവവിരാമശേഷം രണ്ടില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ഓസ്റ്റിയോപൊറോസിസ് കാരണമുള്ള അസ്ഥിക്ഷതം സംഭവിക്കുന്നുണ്ട്. എഴുപത് വയസ്സ് കഴിഞ്ഞവരില്‍ ഓരോ അഞ്ച് വര്‍ഷവും ഇടുപ്പെല്ലില്‍ ക്ഷതം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയായി വര്‍ദ്ധിക്കുന്നു എന്നാണ് കണക്ക്.
അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്തുന്നതില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന് ഗണ്യമായ പങ്കുണ്ട്. ആര്‍ത്തവാനന്തരം ഈ ഹോര്‍മോണിന്റെ നിലയില്‍ സംഭവിക്കുന്ന ഗണ്യമായ കുറവാണ് സ്ത്രീകളില്‍ അസ്ഥിബലക്ഷയത്തിന് പ്രധാനകാരണം. ഇതിന് പുറമെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ അസ്ഥികള്‍ക്ക് സ്വാഭാവികമായി സാന്ദ്രത കുറവാണ്. ഇതും അസ്ഥിബലക്ഷയത്തിലേക്ക് നയിക്കുന്ന സ്വാഭാവികകാരണമാണ്.
ആര്‍ക്കൊക്കെയാണ് കൂടുതല്‍ സാധ്യത?
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും അസ്ഥികളുടെ സാന്ദ്രതയ്ക്കും പുറമെ മറ്റ് ചില കാരണങ്ങള്‍ കൂടി അസ്ഥി ബലക്ഷയത്തിലേക്ക് നയിക്കാനിടയാക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ ഇനി പറയുന്നു.
പാരമ്പര്യം: കുടുംബത്തില്‍ നേരത്തെ അസ്ഥിബലക്ഷയമുള്ളവരുണ്ടെങ്കില്‍ മറ്റുള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
ജീവിതശൈലി: അലസമായ ജീവിതശൈലി അസ്ഥിബലക്ഷയത്തിനുള്ള പ്രധാനകാരണമാണ്. പുകവലി, അമിത മദ്യപാനം, കാത്സ്യവും വൈറ്റമിന്‍ ഡി- യും കുറവുള്ള ഭക്ഷണശൈലി തുടങ്ങിയവ ഈ രോഗാവസ്ഥയിലേക്ക് നയിക്കാനിടയാക്കുന്ന ഘടകങ്ങളാണ്.
രോഗാവസ്ഥകള്‍: ചില വാതരോഗങ്ങള്‍, തൈറോയിഡ് സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ രോഗത്തിലേക്ക് നയിക്കാനിടയാക്കുന്ന ഘടകങ്ങളാണ്.
ശരീരഭാരം: അമിതശരീരഭാരമുള്ളവര്‍ക്ക് സന്ധികളിലും മറ്റും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുന്നത് മൂലം രോഗസാധ്യത വര്‍ധിക്കുന്നു. അതുപോലെ തന്നെ ശോഷിച്ച ശരീരഭാരമുള്ളവര്‍ക്ക് അസ്ഥികളുടെ സാന്ദ്രത കുറവായിരിക്കാനും അത് മൂലം അസ്ഥിബലക്ഷയം അനുഭവിക്കാനും സാധ്യത കൂടുതലുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആര്‍ത്തവാനന്തരം: ആര്‍ത്തവാനന്തരം അസ്ഥിബലക്ഷയത്തിനുള്ള സാധ്യത പൊതുവെ കൂടുതലായതിനാല്‍ ഈ രോഗാവസ്ഥയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. നടക്കുമ്പോഴും മറ്റും വീഴ്ചയുണ്ടാകാതിരിക്കാന്‍ പ്രത്യേകം മുന്‍കരുതലുകള്‍ സ്വീകരിക്കുക.
ഭക്ഷണം: കാത്സ്യവും വൈറ്റമിന്‍ ഡി-യും ഉള്‍ക്കൊള്ളുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആവശ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, കശുവണ്ടി തുടങ്ങിയവ കാത്സ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്.
വ്യായാമം: ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താനാവശ്യമായ വ്യായാമം നിര്‍ബന്ധമായും ചെയ്യണം. കൃത്യമായ വ്യായാമം ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും അസ്ഥികളുടെ സാന്ദ്രത ഉറപ്പ് വരുത്താനും, ബാലന്‍സ് നിലനിര്‍ത്താനും സഹായകരമാകും.
പുകവലി, മദ്യപാനം: പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കണം. മദ്യപാനം ഉപേക്ഷിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. ഇവ രണ്ടും അസ്ഥിബലക്ഷയത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
(കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍ ഓര്‍ത്തോപീഡിക്-സ്‌പൈന്‍ സര്‍ജറിയില്‍ സീനിസര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)
Content Highlights: osteoporosis-symptoms, causes and its treatment