‘അവരുടെ മുന്നിലിരുന്ന് ഞാൻ കരഞ്ഞു...എനിക്കിനി ഇത് തുടരാൻ കഴിയില്ല’: തുറന്നു പറഞ്ഞ് നിമിഷ സജയൻ

സിനിമയിലെ കഥാപാത്രങ്ങൾക്കായി ശരീരഭാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നടിയാണ് നിമിഷ സജയൻ. തൻ്റെ ഏറ്റവും പുതിയ പ്രോജക്റ്റായ 'ബബിത സിങ് റിപ്പോർട്ടിങ്' (Babita Singh Reporting) എന്ന ചിത്രത്തിനായി 14 കിലോയോളം ഭാരം കൂട്ടിയതും, പിന്നീട് അത് കുറയ്ക്കാനായി നടത്തിയ കഠിനശ്രമങ്ങളെക്കുറിച്ചും വൈകാരികമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. തൻ്റെ മുൻപത്തെയും ഇപ്പോഴത്തെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഭാരം കുറയ്ക്കുന്നതിനിടയിൽ നേരിട്ട മാനസികവും ശാരീരികവുമായ വെല്ലുവിളികളെക്കുറിച്ച് നിമിഷ തുറന്നുപറഞ്ഞത്.
58 കിലോയിൽ നിന്ന് 72 കിലോയിലേക്കായിരുന്നു കഥാപാത്രത്തിനായി ഭാരം കൂട്ടിയത്. എന്നാൽ അതിനേക്കാൾ വെല്ലുവിളി നിറഞ്ഞതായിരുന്നു ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെന്ന് നിമിഷ കുറിക്കുന്നു. ആദ്യത്തെ 10 ദിവസങ്ങൾ ഏറ്റവും പ്രയാസമേറിയതായിരുന്നു. കൃത്യമായ ഉറക്കമില്ലായ്മ, മൂഡ് സ്വിങ്സ്, കടുത്ത ക്ഷീണം, അസ്വസ്ഥതകൾ... ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഭയന്ന ഒട്ടേറെ നിമിഷങ്ങളുണ്ടായി. ട്രെയിനറുടെ മുന്നിലിരുന്ന് "എനിക്കിനി ഇത് തുടരാൻ കഴിയില്ല" എന്ന് പറഞ്ഞ് കരഞ്ഞ ദിവസങ്ങൾ പോലുമുണ്ടായി എന്ന് താരം പങ്കുവെച്ചു.
ഈ പോരാട്ടത്തിൽ തനിക്ക് പൂർണ്ണ പിന്തുണയായി നിന്ന ട്രെയിനർ അലി ഷിഫാസിനോട് (ഷിഫുക്ക) താരം നന്ദി രേഖപ്പെടുത്തി: "നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോകുമായിരുന്നു. മടുത്തു പിന്മാറാൻ തോന്നിയപ്പോഴൊക്കെയും നിങ്ങൾ എന്നെ പ്രോത്സാഹിപ്പിച്ചു. എന്റെ വിഷമഘട്ടങ്ങളിൽ ഒരിക്കൽ പോലും എന്നെ കുറ്റപ്പെടുത്താതെ ആത്മവിശ്വാസം നൽകി കൂടെനിന്നു. ഭാരം കുറയ്ക്കുക എന്നത് കേവലം ശരീരത്തിന്റെ മാത്രം കാര്യമായിരുന്നില്ല, അത് ക്ഷമയോടെ ആ പ്രക്രിയയെ വിശ്വസിക്കൽ കൂടിയായിരുന്നു."
മധ്യപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥയായ ബബിത ബേബി സിങ് എന്ന കഥാപാത്രത്തെയാണ് നിമിഷ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേസ് അന്വേഷണവും വ്യക്തിജീവിതത്തിലെ സങ്കീർണ്ണതകളും പ്രമേയമാകുന്ന ചിത്രം നിലവിൽ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Nimisha Sajayan gained 14kg (from 58kg to 72kg) for the movie 'Babita Singh Reporting'., She shared her emotional and physical struggles during the rigorous weight-loss journey., The movie features her as a Madhya Pradesh police officer named Babita Baby Singh., The film is currently streaming on Prime Video.