എത്ര തിരക്കുണ്ടായാലും വിശന്നിരിക്കാറില്ല, മിതമായ ഭക്ഷണം, കാർബോ ഒഴിവാക്കാറില്ല; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മലെെക അറോറ

ആരോഗ്യകരമായ ഭക്ഷണക്രമത്തിലും ചിട്ടയായ വ്യായമരീതിയിലും അതീവ ശ്രദ്ധ ചെലുത്തുന്ന നടിയാണ് മലൈക അറോറ. 50 പിന്നിട്ടിട്ടും ചിട്ടയായ ശീലങ്ങളിലൂടെ യുവത്വം നിലനിർത്തുന്ന ഫിറ്റ്നസ് ഫ്രീക്കാണ് മലെെക. തന്റെ ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ചും കാർബോഹെെഡ്രേറ്റ് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള മിഥ്യധാരണകളെക്കുറിച്ചും സോഹ അലി ഖാന്റെ ‘ഓൾ എബൗട്ട് ഹെർ വിത്ത് സോഹ അലി ഖാൻ’ എന്ന പോഡ്‌കാസ്റ്റിൽ മലെെക പറയുകയുണ്ടായി.
പട്ടിണികിടന്നും ഇഷ്ടമുള്ള കാർബോ ഭക്ഷണം ഒഴിവാക്കിയും അശാസ്ത്രീയ ഡയറ്റ് ഫോളോ ചെയ്യുന്നവരാണ് പലരും. അമിതമായി കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നത് മുടികൊഴിച്ചിൽ, തലകറക്കം, ഊർജ്ജക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും, അതിനാൽ ഏത് ഭക്ഷണക്രമം പിന്തുടർന്നാലും കാർബോ ഭക്ഷണങ്ങൾ അൽപ്പം കഴിക്കണമെന്നുമാണ് താരത്തിന്റെ അഭിപ്രായം.
"നിങ്ങൾ എല്ലാത്തിൽ നിന്നും അൽപ്പം കഴിക്കണം. ഞാൻ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിൽ വിശ്വസിക്കുന്നു. അത് ഞാൻ ശരിക്കും ചെയ്യുന്ന കാര്യമാണ്. എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ ഇത് ചെയ്തിട്ടുണ്ട്. ഞാൻ പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നത് വളരെ അപൂർവമാണ്. ഞാൻ എപ്പോഴും ഒരു ചെറിയ പാത്രത്തിലാണ് കഴിക്കുന്നത്.
എത്ര തിരക്കുള്ള ദിവസമാണെങ്കിലും വിശന്നിരിക്കാറില്ല, മിക്കപ്പോഴും വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുപോകും. പ്രോട്ടീൻ ഷേക്കുകളോ സപ്ലിമെന്റുകളോ ഉപയോഗിക്കാറില്ല”.
മലൈക ദിവസവും അസ്തമയത്തിനു മുമ്പ് അത്താഴം കഴിക്കുകയും ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിംഗ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയിൽ മൂന്ന് തവണ 18 മണിക്കൂർ ഉപവസിക്കുന്ന ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങും അവർ പരിശീലിക്കുന്നു.
"സൂര്യാസ്തമയത്തിന് ശേഷം ഞാൻ ഒന്നും കഴിക്കാറില്ല, കാരണം എൻ്റെ ശരീരത്തിനെ അത് ശരിക്കും സഹായിക്കുമെന്ന് ഞാൻ കണ്ടെത്തി. ദഹനത്തിനും ശരീരത്തിന് വിശ്രമം നൽകാനും എനിക്ക് അത്രയും മണിക്കൂറുകൾ ആവശ്യമാണ്,"
കാർബോഹൈഡ്രേറ്റുകൾ ഊർജ്ജത്തിന്റെ പ്രാഥമിക ഉറവിടമാണ്. അവ ദഹനത്തിലും പ്രധാനപങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ കാർബോഹൈഡ്രേറ്റുകൾ ആരോഗ്യത്തിന് വേണ്ട പ്രധാനഘടകമായി മാറുന്നു. കീറ്റോ, അറ്റ്കിൻസ് തുടങ്ങിയ ഡയറ്റിന്റെ ആദ്യ ഘട്ടം കാർബോഹൈഡ്രേറ്റ് ഇല്ലാത്തതോ വളരെ കുറഞ്ഞതോ ആയ ഭക്ഷണക്രമമാണ്. ഇത് നിങ്ങളുടെ ശരീരത്തെ ന്യൂട്രീഷണൽ കീറ്റോസിസിലേക്ക് (nutritional ketosis) നയിക്കുന്നു. പ്രവർത്തിക്കാൻ ആവശ്യമായ പഞ്ചസാര ശരീരത്തിൽ ഇല്ലാത്തപ്പോൾ, നിങ്ങളുടെ കരൾ കൊഴുപ്പ് വിഘടിപ്പിച്ച് കീറ്റോണുകൾ (ketones) ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ഇത് ഒരു ഇന്ധനമായി പ്രവർത്തിക്കുന്നു.
കാർബോഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണം ക്ഷീണം, തലകറക്കം, തലവേദന എന്നിവയ്ക്ക് കാരണമാകുന്നു. ഇത് പനിയുടെ ലക്ഷണങ്ങളുടേതിന് സമാനമായി അനുഭവപ്പെടാം. വിദഗ്ധരുടെ അഭിപ്രായത്തിൽ, വിട്ടുമാറാത്ത വയറുവേദന, ഓക്കാനം, ഛർദ്ദി എന്നിവയാണ് ഗുരുതരമായ പാർശ്വഫലങ്ങൾ.
നെയ്യ് ആണ് മലൈകക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണം. കൃത്യമായ ഉറക്കം, വെള്ളം, അച്ചടക്കം തുടങ്ങിയവയ്ക്ക് ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരാന്‍ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Malaika Arora reveals her fitness routine, carb intake myths, and intermittent fasting practices for sustained health and energy.