ചെള്ളുകൾ പെരുകി, റെഡ്മീറ്റിനോട് അലർജി കൂടി, അമേരിക്ക വലിയ ഭീഷണിയിൽ

ചെള്ളുശാപത്തിൽ മുങ്ങിയിരിക്കുകയാണ് അമേരിക്ക. ഒരുവശത്ത് വികസനപ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ടുപോകുമ്പോൾ മറുവശത്ത് കാലാവസ്ഥാ വ്യതിയാനം സ്വസ്ഥജീവിതം തകർക്കുന്നു. മുമ്പൊന്നുമില്ലാത്ത വിധത്തിൽ കൂട്ടമായി പെരുകുന്ന ചെള്ളുകൾ വലിയ ഭീഷണിയാണ് വിതച്ചിരിക്കുന്നത്. മനുഷ്യന്റെ ചോരകുടിക്കുന്ന ലോൺ സ്റ്റാർ വിഭാഗത്തിൽ പെടുന്ന ചെള്ളുകൾ പതിവിൽ നിന്ന് വ്യത്യസ്തമായി വലിയ തോതിൽ അലർജികളുണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു.
തണുത്ത കാലാവസ്ഥ പൊതുവെ ചെള്ളുകൾക്ക് അത്ര അനുകൂലമല്ല. അമേരിക്കയുടെ ചില ഭാഗങ്ങളിൽ നേരത്തേയും ഈ ചെള്ളുകളുണ്ടായിരുന്നെങ്കിലും തണുപ്പുള്ള മേഖലയിലേക്ക് അവയ്ക്ക് കടന്നുചെല്ലാൻ സാധിച്ചിരുന്നില്ല. അടുത്തിടെ താപനില വർധിച്ചത് ലോൺ സ്റ്റാർ ചെള്ളുകൾക്ക് വളരാൻ കാലാവസ്ഥ അനുകൂലമാക്കിക്കൊടുത്തു. തെക്കുകിഴക്കൻ അമേരിക്കയിലാണ് അവയെ പ്രധാനമായും കണ്ടിരുന്നതെങ്കിൽ പല പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണിപ്പോൾ.
റെഡ്മീറ്റ് അലർജി
ചോര കുടിക്കുമ്പോൾ ചെള്ളിന്റെ ഉമിനീരിലടങ്ങിയ ആൽഫ-ഗാൽ മോളിക്യൂൾ മനുഷ്യന്റെ രക്തത്തിലേക്കും കലരുന്നു. ശരീരം ഇതിനെ പ്രതിരോധിക്കാൻ ആന്റിബോഡി ഉത്പാദിപ്പിക്കും. പിന്നീട് ആൽഫ-ഗാൽ അംശമുള്ള റെഡ്മീറ്റോ മൃഗ ഉത്പന്നങ്ങളോ കഴിക്കുകയാണെങ്കിൽ ശരീരത്തിൽ ശക്തമായ അലർജി അനുഭവപ്പെടും. ആൽഫ-ഗാൽ സിൻഡ്രോം എന്നാണ് ഈ അവസ്ഥയുടെ പേര്. ശരീരത്തിലെ ആൽഫാ ഗാലിന്റെ സാന്നിധ്യം ചൊറിച്ചിലും തടിപ്പുമടക്കമുള്ള ബുദ്ധിമുട്ടുകൾക്കൊപ്പം ഹൃദയാഘാത സാധ്യതപോലുമുണ്ടാക്കുമത്രേ. 2009-ൽ ഏതാനും ഡസൻ മാത്രമായിരുന്ന കേസുകളിൽ നിന്ന് ഇപ്പോൾ 450,000 വരെയായി വർധിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ ദശലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന രീതിയിലാണ് പരാദജീവിയുടെ വ്യാപനമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. രാജ്യത്തെ ദശലക്ഷക്കണക്കിനാളുകൾക്ക് മാംസത്തോട് അലർജിയുണ്ടാകുന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടേക്കുമെന്ന് സൗത്ത് കരോലിന സർവകലാശാലയിലെ ഗവേഷകൻ ബ്രാൻഡൻ ഹോളിങ്സ്വർത്ത് പറഞ്ഞു.
ആളുകൾ തിരിച്ചറിയണമെന്നില്ല
ആൽഫ-ഗാൽ ഒരു ആശയക്കുഴപ്പമുണ്ടാക്കുന്ന അവസ്ഥയാണ്. റെഡ് മീറ്റ് കഴിച്ച് അലർജിയുണ്ടാകുമ്പോൾ ആളുകൾ പൊതുവെ അതിനെ ചെള്ളുമായി ബന്ധപ്പെടുത്താത്തതാണ് കാരണം. മാംസം കഴിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പലപ്പോഴും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. കാലക്രമേണ അലർജിയുടെ തോത് കുറയാൻ സാധ്യതയുണ്ടെങ്കിലും വീണ്ടും കടിയേറ്റാൽ നില വഷളാവും. ലോൺ സ്റ്റാർ ചെള്ളുകൾ മനുഷ്യനെ പിന്തുടർന്ന് ചോര കുടിക്കുന്നവരാണ്. അമേരിക്കയിൽ ദീർഘകാലമായി ഉണ്ടായിരുന്ന ലോൺ സ്റ്റാർ ചെള്ളുകൾ എന്തു കൊണ്ടാണ് പെട്ടെന്ന് ഈ അലർജിയുണ്ടാക്കാൻ തുടങ്ങിയതെന്ന് വ്യക്തമല്ല. കാലാവസ്ഥ അതിവേഗം ചൂടായിക്കൊണ്ടിരിക്കുന്ന അമേരിക്കയിൽ വിവിധതരം ചെള്ളുകളിൽ നിന്നുള്ള രോഗഭീഷണികൾ ഉയരുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi