ഒരാൾ രക്തദാനം ചെയ്യുമ്പോൾ, ഗുണകരമാകുന്നത് ഒരു രോഗിക്ക് മാത്രമോ?

ഇന്ന് ലോക രക്തദാന ദിനം (world blood donor day). മനുഷ്യത്വത്തിന്റെ ഒരു തുള്ളി, രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ എന്നതാണ് ഇത്തവണത്തെ വിഷയം. നമ്മൾ രക്തം നൽകുമ്പോൾ അതൊരാൾക്ക് മാത്രമല്ല ഉപകാരപ്പെടുന്നത്. ദാനം ചെയ്യുന്ന രക്തം റെഡ് ബ്ലഡ് സെൽസ്, പ്ലാസ്മ, പ്ലേറ്റ്ലെറ്റ്സ് എന്നീ ഘടകങ്ങളായി വേർതിരിക്കാം. അതിനാൽ ഒരാൾ രക്തം ദാനം ചെയ്യുമ്പോൾ ഒന്നിലധികം രോഗികൾക്ക് അത് പ്രയോജനകരമാണ്.
സാധാരണയായി, പുരുഷന്മാർക്ക് മൂന്നുമാസം കൂടുമ്പോഴും സ്ത്രീകൾക്ക് നാലുമാസം കൂടുമ്പോഴും രക്തം നൽകാം. അതുപക്ഷേ അവരുടെ ആരോഗ്യസ്ഥിതിയും നോക്കിവേണമെന്ന് മാത്രം.
18-നും 60 വയസ്സിനുമിടയിൽ പ്രായമുള്ള ആരോഗ്യമുള്ള വ്യക്തികൾക്ക് രക്തം ദാനം ചെയ്യാം. ശരീരഭാരം 50 കിലോയിൽ കൂടുതലായിരിക്കണം. ആരോഗ്യമുള്ള വ്യക്തിയാണെങ്കിൽ ഓരോ മൂന്നുമാസം കൂടുമ്പോൾ രക്തദാനം നടത്താം.
നന്നായി വിശ്രമിച്ചശേഷം മാത്രമേ രക്തദാനത്തിന് ഒരുങ്ങാവൂ. അതിനുമുൻപ് നന്നായി ഭക്ഷണം കഴിക്കണം. രക്തം കൊടുക്കുന്നതിന് 24 മണിക്കൂർ മുൻപ് മദ്യപാനം ഒഴിവാക്കണം.
ശ്രദ്ധിക്കേണ്ടത്
രക്തദാനത്തിനുമുമ്പ് ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും വേണം. അതിനുശേഷം നന്നായി വിശ്രമിക്കണം. കഠിനമായ വ്യായാമങ്ങൾ ചെയ്യുകയുമരുത്.
ആരൊക്കെ വിട്ടുനിൽക്കണം
എല്ലാവർക്കും രക്തദാനം നടത്താമെങ്കിലും, ചില അസുഖങ്ങളുള്ളവർ അതിൽനിന്ന് വിട്ടുനിൽക്കണം. പനി, ജലദോഷം, ഉയർന്ന ബി.പി.യുള്ളവർ, പ്രമേഹരോഗികൾ എന്നിവരാണ് അതിൽ പ്രധാനപ്പെട്ടവർ. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും രക്തദാനം നടത്തരുത്. ഏതെങ്കിലും അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവരും മാറിനിൽക്കണം. അതിനൊപ്പം ലഹരിമരുന്ന് ഉപയോഗിക്കുന്നവരും 24 മണിക്കൂറിനുള്ളിൽ മദ്യപിച്ചവരും രക്തം ദാനംചെയ്യരുത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: One blood donation can benefit multiple patients by separating components like red blood cells, plasma, and platelets. Healthy individuals aged 18-60 weighing over 50kg are eligible to donate.