ഭര്‍തൃബലാത്സംഗത്തിന് ഇരയായി ഗർഭിണിയായി...അമ്മയാകണോ? അവള്‍ തീരുമാനിക്കട്ടെ!

''പ്രസവിച്ച് മടുത്തൊരു പെണ്ണുണ്ടെങ്കില്‍ അത് ഞാനായിരിക്കും. കള്ളുകുടിയനായ അയാള്‍ കല്യാണം കഴിഞ്ഞാല്‍ നന്നാവുമെന്ന് പറഞ്ഞിട്ടാണ് എന്റെ വീട്ടുകാര്‍ പറഞ്ഞയച്ചത്. ഉപദ്രവിക്കുകയല്ലാതെ സ്‌നേഹത്തോടെ ഇന്നേവരെ അയാള്‍ എന്നെ നോക്കിയിട്ടില്ല. ഞാന്‍ കൂലിപ്പണിയെടുത്താണ് മൂന്നുമക്കളെ നോക്കുന്നത്. നാലാമതും ഗര്‍ഭിണിയായപ്പോള്‍ കളയാന്‍ ജില്ലാ ആശുപത്രിയില്‍ പോയതാണ്. ഭര്‍ത്താവില്ലാതെ പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. വിവരം അറിഞ്ഞ് അയാള്‍ എന്നെ പൊതിരെ തല്ലി. പാടത്ത് പണിയെടുക്കുമ്പോള്‍ വേദന വന്നാണ് മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. പെറ്റ് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പണിക്ക് പോയതാണ്. തിരിഞ്ഞ് നോക്കാത്ത അയാളെ വിശ്വസിച്ച് ഇരുന്നാല്‍ വീട് പട്ടിണിയാവൂല്ലേ...'' വിതുമ്പലോടെയാണ് പാലക്കാട്ടുകാരി ബിന്ദു തന്റെ കഥ പറഞ്ഞത്.
ആലുവക്കാരിയായ മറ്റൊരു സ്ത്രീ ഗൃഹലക്ഷ്മിയോട് പങ്കുവെച്ചത് പ്രസവിച്ചു ക്ഷീണിച്ച കഥയാണ്... ''നാലുപേരെ പ്രസവിച്ചു. എങ്ങനെ പ്രസവിച്ചു, എങ്ങനെ വളര്‍ത്തി എന്നതൊന്നും ഓര്‍ക്കാന്‍കൂടി വയ്യ. പട്ടിയും പൂച്ചയും വളരുന്ന പോലെയങ്ങ് വളര്‍ന്നു. കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. പിള്ളേരെ പോറ്റേണ്ടതല്ലേ. പ്രസവം നിര്‍ത്താന്‍ പറയുമ്പോള്‍ അത് പാപമാണ്, വിശ്വാസത്തിന് എതിരാണ് എന്നെല്ലാം ഭര്‍ത്താവ് പറയും. ഗര്‍ഭനിരോധന മാര്‍ഗങ്ങളുപയോഗിക്കാനും സമ്മതിക്കില്ല. പെറ്റുകൂട്ടിയിട്ട് കാര്യമില്ലല്ലോ... നോക്കാനുള്ള പ്രാപ്തിയും വേണ്ടേ...'' അവള്‍ ചോദിക്കുന്നു...
പൊലിഞ്ഞ പിഎച്ച്.ഡി. സ്വപ്നം
പ്രസവത്തിനായി സ്വന്തം കരിയറും വിദ്യാഭ്യാസവും പാതിവഴിയിലുപേക്ഷിച്ചതാണ് ഹര്‍ഷ (യഥാര്‍ഥ പേരല്ല). ''വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം പിഎച്ച്.ഡി. കാലത്താണ് വിവാഹം കഴിയുന്നത്. എം.എസ്‌സി. കെമിസ്ട്രി നല്ല മാര്‍ക്കോടെ പാസായി ആദ്യ അവസരത്തില്‍ തന്നെ പിഎച്ച്.ഡി പ്രവേശനം കിട്ടിയതാണെനിക്ക്. വിദേശ പഠന സ്‌കോളര്‍ഷിപ്പ് വരെ വിവാഹത്തിനു വേണ്ടി ഒഴിവാക്കി. മൂന്നാംമാസം തന്നെ ഗര്‍ഭിണിയായി. ആക്‌സിഡന്റല്‍ പ്രഗ്‌നന്‍സിയായിരുന്നു.
രണ്ടാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ ആശുപത്രിയിലേക്കോടി. അബോര്‍ഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡോക്ടര്‍ ചോദിച്ചത് ഇതൊന്നും ഓര്‍ക്കാതെയാണോ ഈ പണിക്ക് പോയതെന്നാണ്. ശേഷം എന്നെ സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് പറഞ്ഞയച്ചു, അവിടെ നിന്നും മനസ്സു മടുപ്പിക്കുന്ന സംസാരമാണ് ഉണ്ടായത്. നിവൃത്തിയില്ലാതെ എനിക്ക് പ്രസവിക്കേണ്ടി വന്നു. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ കാരണം ആത്മഹത്യക്ക് ശ്രമിച്ചു. ഒരു വിധത്തിലാണ് ഞാന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ഇന്നും മകനെ കാണുമ്പോള്‍ പാതിവഴിയില്‍ നിന്നുപോയ പിഎച്ച്.ഡി.യാണ് ഓര്‍മ വരുന്നത്. മകനെ ഇഷ്ടമില്ലാഞ്ഞിട്ടല്ല, കരിയറിനെക്കുറിച്ചുള്ള നഷ്ടബോധമാണ് ജീവിതം മുഴുവന്‍''- ഹര്‍ഷ പറയുന്നു.
ഗര്‍ഭച്ഛിദ്രം നടത്തണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണെന്ന തിരിച്ചറിവിനെ പലപ്പോഴും റദ്ദുചെയ്യാറുണ്ട് സമൂഹം. വിവാഹിതയായ ഒരു സ്ത്രീ അബോര്‍ഷനുവേണ്ടി സമീപിക്കുമ്പോള്‍ ഭര്‍ത്താവ്, മാതാപിതാക്കള്‍, ഭര്‍ത്താവിന്റെ കുടുംബം എന്നിവരെയെല്ലാം വിളിച്ചുവരുത്തി അവരുടെ സമ്മതമുണ്ടോ ഇതിനെന്ന് ആരായുന്ന ഡോക്ടര്‍മാരാണ് ഭൂരിഭാഗവും. സ്ത്രീകളിലേറെയും സംസാരിച്ചതും ഇതേപ്പറ്റിത്തന്നെയാണ്. എന്താണ് ഗര്‍ഭധാരണത്തിന് കാരണമെന്ന് പോലും അന്വേഷിക്കാതെയാണ് ഇത്തരത്തില്‍ അബോര്‍ഷന്‍ നിഷേധിക്കപ്പെടുന്നത്. അവിചാരിതമായി ഗര്‍ഭം ധരിച്ചവരും ഭര്‍തൃബലാത്സംഗം നേരിടേണ്ടി വന്ന് താത്പര്യമില്ലാതെ ഗര്‍ഭിണിയാകേണ്ടി വന്നവരുമൊക്കെയുണ്ടാവും ഈ സ്ത്രീകളില്‍. അബോര്‍ഷന് മുന്നോടിയായുള്ള കൗണ്‍സലിങ്ങില്‍ താനെടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദമുണ്ടായെന്നും പലരും തുറന്നുപറയുന്നു.
അനുഭവങ്ങളുടെ നോവ്
കല്യാണം കഴിഞ്ഞ് ആദ്യ മാസമാണ് ഫാത്തിമ (യഥാര്‍ഥ പേരല്ല) ഗര്‍ഭിണിയായത്. പഠിക്കാന്‍ മിടുക്കിയായിരുന്നത് കൊണ്ട് വിദ്യാഭ്യാസത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന ഉറപ്പോടെയാണ് അവള്‍ വിവാഹത്തിന് സമ്മതിച്ചത്. പഠിപ്പിക്കാമെന്ന വാക്ക് കല്യാണത്തോടെ കാറ്റില്‍ പറന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഗര്‍ഭിണിയാവുന്നതിനെ കുറിച്ചായിരുന്നു ക്ലാസ്. ഭര്‍തൃബലാത്സംഗത്തിന് ഇരയായാണ് അവള്‍ ഗര്‍ഭിണിയാവുന്നത്. തനിക്ക് നേരിടേണ്ടി വന്നത് ബലാത്സംഗമാണെന്ന് തന്നെ വളരെ വൈകിയാണ് അവള്‍ മനസ്സിലാക്കിയത്. ആദ്യം വലിയ പിന്തുണയില്ലാതിരുന്ന വീട്ടുകാര്‍ ഭര്‍ത്താവിന്റെ ക്രൂരമായ ലൈംഗിക ആക്രമണങ്ങളെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ അവളെ തിരികെ കൊണ്ടുവന്നു. പാതിയിലുപേക്ഷിച്ച പഠനം തുടരുകയാണ് അവളിപ്പോള്‍... കിടപ്പറയില്‍ നേരിടേണ്ടി വന്ന ക്രൂരതകളെപ്പറ്റി പറയുമ്പോള്‍ ഫാത്തിമയുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു...
നിര്‍ബന്ധിത രതി
ഗര്‍ഭച്ഛിദ്ര നിയമത്തില്‍ പരിഗണിക്കുന്ന 'ബലാത്സംഗ'ത്തില്‍ 'ഭര്‍തൃബലാത്സംഗ'വും ഉള്‍പ്പെടുമെന്നതും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കുന്നു. സ്ത്രീക്ക് താത്പര്യമില്ലാതിരിക്കെ തന്റെ പങ്കാളിയുമായി നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടി വരുന്നതിനെയാണ് ഭര്‍തൃബലാത്സംഗമെന്ന് പറയുന്നത്. ഇന്ത്യയില്‍ മൂന്നിലൊന്ന് ഭാര്യമാരും ഭര്‍ത്താവിനാല്‍ നിര്‍ബന്ധിത ലൈംഗികബന്ധത്തിന് വിധേയയാവുന്നെന്നാണ് യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ 2000-ത്തിലെ കണക്കുകള്‍ പറയുന്നത്.
ഗര്‍ഭം അലസിപ്പിക്കാനുള്ള പരമാവധി സമയപരിധി 24 ആഴ്ചയാണ്. 20 ആഴ്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ ഒരു ഡോക്ടറുടേയും 20 മുതല്‍ 24 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് രണ്ട് ഡോക്ടര്‍മാരുടേയും സേവനം ആവശ്യമാണ്. ഗര്‍ഭച്ഛിദ്രത്തിനായി ഒരു സ്ത്രീ സമീപിച്ചാല്‍ അവരുടെ സാഹചര്യം നിയമാനുസൃതമാണോ എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഇത്. ഗര്‍ഭച്ഛിദ്രം ആവശ്യപ്പെട്ട് ചെല്ലുന്ന എല്ലാ സ്ത്രീകള്‍ക്കും അത് അനുവദിക്കപ്പെടണമെന്നില്ല. അങ്ങനെ വരുമ്പോള്‍ പിന്നെ ഗര്‍ഭിണിക്ക് കോടതിയാണാശ്രയം.
ലിവിങ് ടുഗദര്‍ കുറ്റമാക്കുന്നവര്‍
വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ നിയമപരമായ വിലക്കുകളില്ലാത്ത രാജ്യമാണ് നമ്മുടേത്. എന്നാല്‍ ആ ബന്ധത്തില്‍ ഗര്‍ഭം ധരിക്കുകയും അത് വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്താല്‍ കഥമാറി. അവിവാഹിതകള്‍ ഗര്‍ഭം ധരിച്ചാല്‍ നേരിടേണ്ടിവരുന്ന സദാചാര ആക്രമണങ്ങള്‍ അതിഭീകരമാണ്. ലിവിങ് ടുഗദര്‍ ബന്ധങ്ങളെ നിയമവിരുദ്ധമായി കാണുന്നവര്‍ ഡോക്ടര്‍മാരിലുമുണ്ട്.
ബാങ്ക് ജീവനക്കാരിയായ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത പെണ്‍കുട്ടിയുടെ അനുഭവത്തിലേക്ക്... ''ജോലിസ്ഥലത്തുവെച്ചാണ് അവനുമായി പ്രണയത്തിലാവുന്നത്. എന്നാല്‍ വിവാഹം കഴിച്ച് ജീവിക്കാനൊന്നും പ്ലാനുണ്ടായിരുന്നില്ല. പീരീഡ്‌സ് തെറ്റിയപ്പോള്‍ തന്നെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു. വിവാഹം കഴിക്കാനായിരുന്നു ആദ്യ ഉപദേശം. താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ വഴക്കുപറഞ്ഞു. വിവാഹം, ഗര്‍ഭം ഇതെല്ലാം എന്റെ ചോയ്‌സല്ലേ? പരസ്യമായ ശകാരം... കുറ്റപ്പെടുത്തല്‍... വളരെ കഷ്ടപ്പെട്ടാണ് പിന്നെയൊരു ഡോക്ടറെ സമീപിച്ച് അബോര്‍ഷന്‍ നടത്തിയത്. സമയം വൈകുന്തോറും റിസ്‌കും കൂടുകയല്ലേ...'' അവള്‍ ചോദിക്കുന്നു.
ടീനയുടെ കഥ
പഠനകാലത്താണ് ടീന (യഥാര്‍ഥ പേരല്ല) ആണ്‍സുഹൃത്തിനെ പരിചയപ്പെടുന്നത്. ഗര്‍ഭിണിയായതോടെ കാമുകന്‍ കൈമലര്‍ത്തി. ''വീട്ടുകാരറിഞ്ഞാല്‍ ആകെ പ്രശ്‌നമാണ്. കൂട്ടുകാരിയുടെ സുഹൃത്ത് വഴിയാണ് അബോര്‍ഷന്‍ ഗുളിക കഴിക്കുന്നത്. ദിവസങ്ങളോളം ബ്ലീഡിങ്ങ് നീണ്ടുനിന്നു. ക്ഷീണിച്ചവശയായി. ശാരീരിക ബുദ്ധിമുട്ടുകള്‍ മാറ്റാനായി അവന്‍ തന്നെയാണ് ഗുളികകള്‍ തന്നത്. ഗര്‍ഭാവസ്ഥയെക്കുറിച്ചോ ഭാവിയിലെന്ത് സംഭവിക്കുമെന്നോ ഒന്നും അപ്പോള്‍ ചിന്തിച്ചില്ല. അന്നെനിക്കാ കുഞ്ഞിനെ ഉള്‍ക്കൊള്ളാനായില്ല. കുടുംബം സ്വീകരിക്കുകയുമില്ല. ആരോരുമറിയാതെ അബോര്‍ഷന്‍ നടത്തുക മാത്രമേ എനിക്കു വഴിയുണ്ടായിരുന്നുള്ളൂ. ഭാവിയില്‍ എന്തൊക്കെ ശാരീരിക പ്രശ്‌നങ്ങള്‍ വരുമെന്നതിനെക്കുറിച്ച് ഒരു പിടിയുമില്ല...'' ടീന പറയുന്നു. വിവാഹത്തിന് മുന്‍പോ ശേഷമോ താനാഗ്രഹിക്കാതെ ഗര്‍ഭിണിയാകുകയും താത്പര്യമില്ലാതെ ആ കുഞ്ഞിനെ പ്രസവിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന 'അമ്മ'മാരുടെ നാട്ടില്‍ ടീനയുടേത് ഒറ്റപ്പെട്ട അനുഭവമല്ല.
ഗുളികയില്‍ തകരുന്ന ജീവിതം
വൈദ്യനിര്‍ദേശമില്ലാതെ അബോര്‍ഷന്‍ ഗുളിക കഴിച്ചതോടെ ജീവിതം തന്നെ തകര്‍ന്നുപോയവരും നമുക്ക് ചുറ്റിനുമുണ്ട്... മണിയുടെ കഥ കണ്ണുതുറപ്പിക്കുന്നതാണ്. ''മൂന്നാമതൊരു കുഞ്ഞിനെ പോറ്റാനുള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല. അങ്ങനെയാണ് കളയാനാലോചിച്ചത്. ഭാര്യയും സമ്മതിച്ചു. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നുവാങ്ങി ഭാര്യയ്ക്ക് നല്‍കി. അബോര്‍ഷനായി. പക്ഷേ, ദിവസങ്ങള്‍ക്ക് ശേഷം ബ്ലീഡിങ്ങും കടുത്ത പനിയും വന്നു. ആശുപത്രിയില്‍ വെച്ച് എന്റെ കണ്‍മുന്നിലാണ് അവള്‍ മരിച്ചത്. അണുബാധയായിരുന്നു. ഞാനാണവളെ കൊന്നത്...''മലപ്പുറം സ്വദേശി മണി പറയുന്നു.
ഗര്‍ഭച്ഛിദ്രത്തിന് ഏറെ കടമ്പകള്‍ കടക്കേണ്ടി വരുമ്പോള്‍ വ്യാജകേന്ദ്രങ്ങളെ ആശ്രയിക്കുന്നവരും കുറവല്ല. ഇത്തരം ശ്രമത്തില്‍ മരണം വരെ സംഭവിക്കാം. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ചില്ലറയല്ല. ഡോക്ടറുടെ നിര്‍ദേശമില്ലാതെ അബോര്‍ഷന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അപകടമാണ്.
കൗമാരക്കാരിലെ അറിവില്ലായ്മ
''നമ്മുടെ നാട്ടില്‍ കൗമാരപ്രായക്കാരുടെ ഇടയില്‍ ലൈംഗിക വിദ്യാഭ്യാസം കുറവായതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പേ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധവും ഗര്‍ഭം ധരിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിനായി ഡോക്ടറെ സമീപിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്‌സോ നിയമപ്രകാരം ഡോക്ടര്‍ക്ക് പോലീസിനെ വിവരം അറിയിക്കേണ്ടിവരും. പലരും നിയമക്കുരുക്കുകള്‍ പേടിച്ച് നിയമപരമല്ലാത്ത, സുരക്ഷിതമല്ലാത്ത അബോര്‍ഷന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ഇത് പലപ്പോഴും വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കും മരണത്തിലേക്കും വരെ നയിക്കാറുണ്ട്. ഇക്കാരണങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഗര്‍ഭച്ഛിദ്ര നിയമത്തില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ക്ക് അനുസൃതമായാണോ ഗര്‍ഭച്ഛിദ്രം നടത്തുന്നത് എന്നുമാത്രമേ ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തേണ്ടതുള്ളു''-
അഡ്വക്കേറ്റ് ജെ . സന്ധ്യ
ചരിത്രവിധി
ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി 24 ആഴ്ച ഗര്‍ഭിണിയായ അവിവാഹിതയായ സ്ത്രീ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. വിവാഹിതയല്ലാത്തതിനാല്‍ ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ, ജെ.ബി. പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ണായകവിധി പറഞ്ഞത്. വിവാഹിതയല്ലെന്ന പേരില്‍ അനുമതി നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. ഗര്‍ഭച്ഛിദ്ര കേസുകളില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും വിധിയില്‍ പറയുന്നു.
സുപ്രീം കോടതി നിര്‍ദേശങ്ങള്‍
- നിയമപരമല്ലാത്ത ഒരു നിബന്ധനയും ഗര്‍ഭച്ഛിദ്രത്തിനായി എത്തുന്ന സ്ത്രീകളോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെടരുത്.
- നിയമവിധേയമെങ്കില്‍ സ്ത്രീ വിവാഹിതയാണോ അല്ലയോ എന്നതിന് പ്രസക്തിയില്ല.
- ഭര്‍തൃബലാത്സംഗത്തിലൂടെ ഉണ്ടാകുന്ന ഗര്‍ഭധാരണം ഒഴിവാക്കാന്‍ സ്ത്രീക്ക് അവകാശമുണ്ട്.
- ഉഭയസമ്മതപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ ഗര്‍ഭം ധരിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രത്തിനായി എത്തുമ്പോള്‍ ഡോക്ടര്‍മാര്‍ അവരുടെ പേരും മറ്റു വ്യക്തിഗതവിവരങ്ങളും പോലീസിന് കൈമാറേണ്ടതുണ്ട്.
- കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ജനങ്ങള്‍ക്ക് നല്‍കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ്. അനാവശ്യഗര്‍ഭധാരണം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാണെന്ന് ഉറപ്പാക്കണം.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട്
1971 ഏപ്രില്‍ 1-നാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് നിലവില്‍ വരുന്നത്. 1960-കള്‍ വരെ ഇന്ത്യയില്‍ അബോര്‍ഷന്‍ കുറ്റകൃത്യമായിരുന്നു. അബോര്‍ഷന് വിധേയയായ സ്ത്രീ മൂന്നുവര്‍ഷം വരെ തടവും പിഴയും അടയ്‌ക്കേണ്ടിയിരുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ അംഗീകൃത ഡോക്ടറുടെ കീഴില്‍ ഗര്‍ഭച്ഛിദ്രം നടത്താമെന്നാണ് നിയമം. ഇതിനുകീഴില്‍ വരുന്ന ഏതൊരു സ്ത്രീക്കും അബോര്‍ഷന് അവകാശമുണ്ട്. അവിടെ വിവാഹിതയെന്നോ അവിവാഹിതയെന്നോ വേര്‍തിരിവില്ല.
Content Highlights: abortion, law for abortion, my body my choice, women power