ഉച്ചവരെ കിടന്നുറങ്ങുന്നവരോണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രതീകാത്മക ചിത്രം/ freepik
പ്രതീകാത്മക ചിത്രം/ freepik

എല്ലാ ദിവസവും ഉച്ചവരെ കിടന്നുറങ്ങാറുണ്ടോ? നൈറ്റ് ഷിഫ്റ്റ്, ശീലങ്ങള്‍, അങ്ങനെ കാരണം എന്തുമാകട്ടെ, ഉച്ചവരെയുളള ഉറക്കം നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കാം.ആറുമാസത്തോളം ഈ ശീലങ്ങള്‍ തുടരുന്നത് ഹോര്‍മോണുകള്‍, മെറ്റബോളിസം, തുടങ്ങിയവയെ നിയന്ത്രിക്കുന്ന ആന്തരിക ഘടികാരത്തിന്റെ (circadian rhythm) താളം തെറ്റാന്‍ ഇടയാക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം ലഭിച്ചാലും ഒരു വ്യക്തി, വൈകി ഉറങ്ങുന്നത് ശരീരത്തിൻ്റെ ജൈവഘടികാരത്തെ തകരാറിലാക്കാം. ഇതുമൂലം ദൈനംദിന ജീവിതത്തില്‍ ശ്രദ്ധക്കുറവും, ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ഉന്മേഷക്കുറവും അനുഭവപ്പെടാം. 

ഉറക്കം നന്നായാല്‍
നന്നായി ഉറങ്ങുന്നത് ശരീരത്തിന് വിശ്രമിക്കാനും, ഊര്‍ജം വീണ്ടെടുക്കാനും, ഹോര്‍മേണുകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കും. എന്തിനേറെ പറയുന്നു ചര്‍മ്മകാന്തി പോലും നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തിനെ ആശ്രയിച്ചിരിക്കും. രാത്രി കൃത്യസമയത്ത് ഉറങ്ങുകയും രാവിലെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പൊതുവെ കുറവായിരിക്കും. ദിവസവും വൈകിയുളള ഉറക്കം ശരീരത്തെ കൂടുതല്‍ ക്ഷീണിപ്പിക്കും . അതുവഴി ഉണ്ടാകുന്ന ഉന്മേഷക്കുറവും നിരാശയും മാനസികാരോഗ്യത്തെയും ബാധിക്കും.

ജീവിതശെലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍
ഭക്ഷണം,ഉറക്കം എന്നിവ മനുഷ്യ ശരീരത്തിന് ഏറ്റവും അനിവാര്യമായ കാര്യങ്ങളാണ്. രാത്രി കൂടുതല്‍ നേരം ഉറങ്ങാതിരിക്കുന്നത് ലഘുഭക്ഷണങ്ങൾ കഴിക്കാന്‍ കാരണമാകും. വ്യായാമക്കുറവും മടിയും ശരീരഭാരം കൂടാനും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കാനും ഇടയാക്കും.

കൂടുതല്‍ ഉറങ്ങുന്നത് ലോ-ഗ്രേഡ് ഇന്‍ഫ്‌ളമേഷന്‍ കൂടാനും ഹൃദ്രോഗസാധ്യത വര്‍ധിക്കാനും ഇടയാക്കുമെന്ന് ചില പഠനങ്ങളും പറയുന്നു. പകല്‍ സമയം കൂടുതല്‍ ഉറങ്ങുന്നത് മൂലം സൂര്യപ്രകാശം പൊതുവെ ശരീരത്തിലെത്തുന്നത് കുറവായിരിക്കും. അതുകൊണ്ട് വൈറ്റമിന്‍ ഡിയുട‌െ അപര്യാപ്തത ഉണ്ടാകാനിടയുണ്ട്. ഉച്ചവരെ ഉറങ്ങുന്ന ശീലമുളളവർക്ക് സമൂഹത്തിൽ നിന്ന് വിട്ട് നില്‍ക്കാനുളള പ്രവണത കൂടും. ഉല്‍പാദക ക്ഷമത കുറയാനും ഇത് കാരണമാകും. 

സമീകൃത ആഹാരം, വ്യായാമം എന്നിവ ജീവിതശൈലി മെച്ചപ്പെടുത്താന്‍ സഹായിക്കും. ആരോഗ്യമുളള ജീവിതത്തിന് കൃത്യമായ സമയങ്ങളിലുളള ഉറക്കവും അനിവാര്യമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Understand how sleeping late and oversleeping affects your health, hormones, metabolism, and mental well-being. Discover lifestyle changes for better sleep and health.