വൃക്കയിൽ കല്ലുണ്ടോ? എങ്ങനെയറിയാം, പരിഹരിക്കാം?

നമ്മുടെ രക്തത്തിലെ മാലിന്യങ്ങൾ അരിച്ചെടുത്ത് നീക്കം ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രധാന ധർമ്മം. ഈ പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രാവകമാലിന്യത്തെയാണ് നമ്മൾ മൂത്രം എന്ന് വിളിക്കുന്നത്. മൂത്രത്തിൽ ധാതുക്കൾ (Minerals), ലവണങ്ങൾ (Salts), ആസിഡുകൾ എന്നിവയുടെ അളവ് കൂടുമ്പോൾ, അവയെ അരിച്ചെടുക്കാൻ വൃക്കകൾക്ക് സാധിക്കാതെ വരുന്നു. തൽഫലമായി ഈ പദാർഥങ്ങൾ വൃക്കയ്ക്കുള്ളിൽ പരലുകൾ പോലെ അടിഞ്ഞുകൂടുന്നു. ഇതിനെയാണ് 'വൃക്കയിലെ കല്ലുകൾ' (Kidney Stones) എന്ന് വിളിക്കുന്നത്.
ചെറിയ കല്ലുകൾ പലപ്പോഴും ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ മൂത്രത്തിലൂടെ പുറത്തുപോകാറുണ്ട്. എന്നാൽ വലിയ കല്ലുകൾ മൂത്രനാളിയിൽ തടസ്സമുണ്ടാക്കുകയും, കഠിനമായ വേദന, അണുബാധ, രക്തസ്രാവം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. സാധാരണയായി ഒരു കല്ല് സ്വയം പുറത്തുപോകാൻ മൂന്ന് ആഴ്ച വരെ എടുത്തേക്കാം. ചെറിയ കല്ലുകൾ പോലും മൂത്രനാളിയിൽ വ്രണങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.
ആർക്കൊക്കെ വരാൻ സാധ്യതയുണ്ട്?
പത്തിൽ ഒരാൾക്ക് എന്ന കണക്കിൽ വൃക്കയിൽ കല്ലുകൾ കണ്ടുവരുന്നു. പ്രധാനമായും 30 മുതൽ 40 വയസ്സ് വരെയുള്ള പുരുഷന്മാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
ലക്ഷണങ്ങൾ
- അസഹനീയമായ വേദന: പുറംഭാഗത്തോ വയറിന്റെ വശങ്ങളിലോ അനുഭവപ്പെടുന്ന അതിശക്തമായ വേദന. ഇത് താഴേക്ക് വ്യാപിക്കുന്ന രീതിയിലുള്ള (Colicky pain) വേദനയാണ്.
- ഛർദ്ദിയും ഓക്കാനവും
- മൂത്രത്തിൽ രക്തം കാണപ്പെടുക
- മൂത്രതടസ്സം: മൂത്രം ഒഴിക്കാൻ പ്രയാസം അനുഭവപ്പെടുക, എന്നാൽ ഇടയ്ക്കിടെ മൂത്രം ഒഴിക്കണമെന്ന തോന്നൽ ഉണ്ടാവുക.
- പനിയും വിറയലും
- മൂത്രത്തിന് ദുർഗന്ധം ഉണ്ടാവുക
വിവിധതരം കല്ലുകൾ
കാൽസ്യം ഓക്‌സലറ്റ് കല്ലുകൾ: ഏറ്റവും സാധാരണമായി കാണപ്പെടുന്നവ. ഭക്ഷണത്തിലെ ഓക്‌സലറ്റ് കാൽസ്യവുമായി ചേർന്ന് മൂത്രത്തിന്റെ സാന്ദ്രത കൂട്ടുമ്പോഴാണ് ഇവ ഉണ്ടാകുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാത്തവരിലാണ് ഇത് കൂടുതലായി കാണുന്നത്.
യൂറിക് ആസിഡ് കല്ലുകൾ: മാംസാഹാരം അമിതമായി കഴിക്കുന്നവരിൽ യൂറിക് ആസിഡ് കല്ലുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്.
സ്ട്രുവെറ്റ് (Struvite) കല്ലുകൾ: പ്രധാനമായും മൂത്രനാളിയിലെ അണുബാധ മൂലം ഉണ്ടാകുന്നവ.
കാരണങ്ങൾ?
- ധാരാളം വെള്ളം കുടിക്കാതിരിക്കുക.
- ഉപ്പിന്റെയും പഞ്ചസാരയുടെയും അമിത ഉപയോഗം.
- മാംസാഹാരത്തിന്റെയും പ്രോട്ടീന്റെയും അമിത ഉപയോഗം.
- വിറ്റാമിൻ-സി സപ്ലിമെന്റുകളുടെ അമിത ഉപയോഗം.
- പാരമ്പര്യം
- മൂത്രനാളത്തിലെ തടസ്സങ്ങൾ.
ആയുർവേദ നിർദ്ദേശങ്ങൾ
ആയുർവേദത്തിലൂടെയും ജീവിതശൈലീ മാറ്റങ്ങളിലൂടെയും വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും:
- ധാരാളം വെള്ളം കുടിക്കുക: ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ ഇത് അത്യാവശ്യമാണ്.
- ഉപ്പ് കുറയ്ക്കുക: അമിതമായ ഉപ്പ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും വൃക്കകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
- തഴുതാമ (Punarnava): വൃക്കരോഗങ്ങൾക്കുള്ള മികച്ച ഔഷധമാണിത്. ഇത് നീർക്കെട്ട് കുറയ്ക്കാനും മൂത്രം സുഗമമായി പോകാനും സഹായിക്കുന്നു.
- ഇളനീർ: വൃക്കകളെ ശുദ്ധീകരിക്കാൻ ഇളനീർ വളരെ നല്ലതാണ്.
- നെല്ലിക്ക: ഇതിലെ വിറ്റാമിൻ-സി വൃക്കകോശങ്ങളെ സംരക്ഷിക്കുന്നു.
- ഞെരിഞ്ഞിൽ (Gokshura): മൂത്രനാളിയിലെ അണുബാധ തടയാനും കല്ലുകൾ അലിയിക്കാനും ഇത് സഹായിക്കുന്നു.
- ചന്ദനം: ശരീരത്തിലെ ചൂട് കുറയ്ക്കാനും മൂത്രതടസ്സം മാറാനും ചന്ദനം ചേർത്ത വെള്ളം കുടിക്കുന്നത് ഗുണകരമാണ്.
- ജീവിതശൈലീ മാറ്റങ്ങൾ
- പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കുക: വൃക്ക തകരാറിലാകാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്.
- മൂത്രം പിടിച്ചുനിർത്തരുത്: ഇത് അണുബാധയ്ക്കും കല്ലുകൾക്കും കാരണമാകും.
- മരുന്നുകളുടെ അമിത ഉപയോഗം ഒഴിവാക്കുക: ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദനസംഹാരികൾ സ്ഥിരമായി കഴിക്കുന്നത് വൃക്കകളെ നശിപ്പിക്കും.
- യോഗയും വ്യായാമവും: ഭുജംഗാസനം, പശ്ചിമോത്താനാസനം, ധനുരാസനം എന്നിവ വൃക്കകളിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കാൻ സഹായിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Understand kidney stones: symptoms, causes, types, and effective Ayurvedic remedies and lifestyle changes for kidney health. Get relief now!