കുട്ടികളുടെ കണ്ണിനുചുറ്റുമുള്ള നീര് വൃക്ക തകരാറിന്റെ സൂചനയാകാം. ആർത്തവകാല പെയിൻകില്ലറുകൾ പണിതരും

ശരീരത്തിലെ വളരെ സങ്കീര്‍ണമായ ജോലികള്‍ കൈകാര്യം ചെയ്യുന്ന ഒരു അവയവമാണ് വൃക്ക. ഈ രണ്ട് ചെറിയ മമ്പയര്‍ ആകൃതിയിലുള്ള അവയവങ്ങള്‍ അരിപ്പപോലെ പ്രവര്‍ത്തിച്ചു രക്തത്തിലെ മാലിന്യങ്ങളും അധിക ദ്രവങ്ങളും ഫില്‍റ്റര്‍ ചെയ്യുന്നു. ശരീരത്തിലെ വിവിധ ദ്രാവകങ്ങളുടെ അളവ് ,ആസിഡ് -ബേസ് ബാലന്‍സ്, വിവിധ ഇലക്ട്രോലൈറ്റ് സാന്ദ്രതകള്‍, വിഷ വസ്തുക്കളുടെ നീക്കം ചെയ്യല്‍ എന്നിവയില്‍ വൃക്ക പങ്കെടുക്കുന്നു. വൃക്ക ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളായ റെനിന്‍, ആന്‍ജിയോ ടെന്‍സിന്‍, ആല്‍ഡോ സ്റ്റീറോണ്‍, പ്രോസ്റ്റാ ഗ്ലാഡിന്‍, ജലവും ഉപ്പും ശരീരത്തില്‍ നിശ്ചിത അളവില്‍ നിലനിര്‍ത്തി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. രക്തഉല്‍പാദനത്തിന് ആവശ്യമായ ഹോര്‍മോണ്‍ 'എരിത്രോ പോയിറ്റിന്‍ 'ഉത്പാദിപ്പിക്കുന്നത് വൃക്കയാണ്.
ഇന്ന് നമ്മളില്‍ എല്ലാവരിലും കാണപ്പെടുന്ന ഒന്നാണ് 'വിറ്റാമിന്‍ ഡി 'യുടെ കുറവ്. വിറ്റാമിന്‍ ഡി.യെ ശരീരത്തിന് ആവശ്യമുള്ള രൂപത്തില്‍ മാറ്റി എടുക്കുന്നത് വൃക്കയാണ്. വൃക്ക രോഗികളില്‍ വിറ്റാമിന്‍ ഡി ഉത്പാദനം കുറയാനും അവ പല്ലിനും എല്ലിനും ബലക്ഷയം സംഭവിക്കാനും ഇടയാകും.
മറ്റ് അവയവങ്ങള്‍ പോലെയല്ല വൃക്ക. നേരത്തെ കണ്ടുപിടിച്ചാല്‍ നമുക്ക് ശരിയായ ചികിത്സകള്‍ ഉണ്ട്. വളരെ എളുപ്പത്തില്‍ പരിശോധന നടത്താനും സാധിക്കും. സാധാരണ വൃക്കരോഗികളില്‍ കണ്ടുവരുന്ന പ്രധാന ലക്ഷണമാണ് നീര്. കൈ കാലുകളിലും വയറിലും മുഖത്തും നീര്, കണ്ണുകള്‍ക്കു ചുറ്റും നീര്, അമിത രക്തസമ്മര്‍ദ്ദം, വിളര്‍ച്ച, വിശപ്പില്ലായ്മ, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തില്‍ രക്തം, പഴുപ്പുണ്ടാവുക, മൂത്രം പോകുവാന്‍ തടസ്സം, തുടരെ തുടരെ മൂത്രം പോവുക, മൂത്രത്തിന്റെ നിറം മാറുക എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ടെസ്റ്റുകളാണ് യൂറിന്‍ R/E (മൂത്രം), രക്തം (S. Creatinine, B. Urea) എന്നിവ. ഈ ടെസ്റ്റുകള്‍ നടത്തി വൃക്കരോഗം ഇല്ല എന്ന് ഉറപ്പു വരുത്തണം .ഈ ടെസ്റ്റുകള്‍ വളരെ ചിലവ് കുറഞ്ഞതും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതുമാണ്.
ഇന്ന് കുറച്ചു പേരെങ്കിലും ക്രിയാറ്റിനിനെ പറ്റി ബോധവാന്മാരാണ്. ചിലര്‍ ക്രിയാറ്റിനിന്‍ മാത്രം ടെസ്റ്റ് ചെയ്ത് സ്വയം പരിശോധന നടത്താറുണ്ട്. വൃക്ക പുറം തള്ളുന്ന മലിന പദാര്‍ത്ഥങ്ങളാണ് യൂറിയയും ക്രിയാറ്റിനിനും. നമ്മുടെ വൃക്കകള്‍ 50% പണി മുടക്കുമ്പോഴാണ് രക്തത്തില്‍ ക്രിയാറ്റിനിന്‍ കൂടുതലായി കാണുന്നത്. നോര്‍മല്‍ ക്രിയാറ്റിനിന്‍ അളവ് 0.9 to 1.2 mg/dL. അത്‌പോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശരിയായ ലാബ് നോക്കി പരിശോധിക്കുക എന്നുള്ളത്. ഓരോ ലാബിലും ഓരോ അളവ് ആയിരിക്കും. അതുകൊണ്ട് ടെസ്റ്റ് നടത്തി ഒരു വൃക്കരോഗ വിദഗ്ധനെ കണ്ട് നമ്മുടെ വൃക്കകള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം
വൃക്ക സ്തംഭനം പ്രധാനമായും രണ്ട് തരം ആണ്.
1. താത്കാലിക വൃക്ക സ്തംഭനം :-ശരീരത്തിലെ വൃക്കകളുടെ പ്രവര്‍ത്തനം പെട്ടെന്ന് കുറയുന്ന സാഹചര്യമാണിത്. ഇത് കുറച്ചു മണിക്കൂറോ ദിവസങ്ങളോ കൊണ്ട് സംഭവിക്കാം. ഇതിന്റെ പ്രധാനകാരണങ്ങള്‍ അമിതമായ രക്തസ്രാവം, തീപൊള്ളല്‍, ഹൃദ്രോഗം, ഡെങ്കിപ്പനി, എലിപ്പനി, ഗുരുതരമായ അണുബാധ, നാട്ടുമരുന്നുകള്‍, പാമ്പുകടി, മൂത്രതടസം, വേദനസംഹാരികള്‍ എന്നിവയാണ്. തക്കസമയത് ചികില്‍സിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം വീണ്ടെടുക്കാം.
2. സ്ഥായിയായ വൃക്ക സ്തംഭനം :- സാവധാനത്തില്‍ നമ്മളറിയാതെ പലതരം രോഗങ്ങള്‍ കൊണ്ട് വൃക്കകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമാവും. ഏകദേശം 85% വൃക്കകള്‍ പണിമുടക്കുമ്പോഴാണ് നമ്മളില്‍ ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. ഇതിന്റെ പ്രധാന കാരണങ്ങള്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, പക്ഷാഘാതം, ഹൃദ്രോഗം, വാതസംബന്ധമായ രോഗം എന്നിവയാണ്. ഇവയില്‍ പ്രധാനമായും പ്രമേഹവും രക്തസമ്മര്‍ദ്ദവും വളരെ അപകടകാരികളും എന്നാല്‍ വളരെ നിസാരമായി നാം കണക്കിലെടുക്കുന്ന രോഗങ്ങളുമാണ്. അത്‌കൊണ്ട് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും യൂറിന്‍ ടെസ്റ്റ്, ക്രിയാറ്റിനിന്‍ ടെസ്റ്റ് എന്നിവ നിര്‍ബന്ധമായും ചെയ്തിരിക്കണം.
സ്ഥായിയായ വൃക്ക സ്തംഭനം പ്രധാനമായും കാണപ്പെടുന്നത് അഞ്ചു ഘട്ടങ്ങളായാണ് - വൃക്കസ്തംഭനം 90% ത്തില്‍ കൂടുതല്‍ ആവുമ്പോഴാണ് അതിനെ End Stage Renal Disease എന്ന് പറയുന്നത്. ഈ അവസ്ഥയില്‍ ആണ് ഡയാലിസിസ്, വൃക്ക മാറ്റിവെക്കല്‍ എന്നീ പ്രക്രിയകള്‍ ചെയ്യുന്നത്. എന്നാല്‍ വളരെ ചിട്ടയോടെ മരുന്നും ഭക്ഷണവും ക്രമീകരിച്ചാല്‍ രോഗത്തിന്റെ വേഗതയെ നമുക്ക് കുറയ്ക്കാന്‍ സാധിക്കും. 'താന്‍ പാതി ദൈവം പാതി' എന്ന് പറയുന്നത് പോലെ തന്നെയാണ് വൃക്കരോഗികള്‍ക്കു മരുന്നും ഭക്ഷണവും.
ഗര്‍ഭാശയമുഴ, ഗര്‍ഭപാത്രം ഇറങ്ങി വരുന്നത് എന്നിവ മൂത്രതടസത്തിനും അണുബാധക്കും കാരണമായി സ്ത്രീകളില്‍ വൃക്കതകരാറുണ്ടാക്കുന്നു. മാസമുറ സമയത്തെ അനാവശ്യമായ വേദന സംഹാരികള്‍, പ്രസവസമയത്തുണ്ടാവുന്ന അമിതമായ രക്തസ്രാവം, രക്തസമ്മര്‍ദ്ദം ഇവകൊണ്ടെല്ലാം വൃക്ക തകരാറിന് സാധ്യതയുണ്ട്.
കുട്ടികളിലും വൃക്ക തകരാറുകള്‍ കാണാറുണ്ട്. അതില്‍ സാധാരണയായി കണ്ടുവരുന്ന രോഗമാണ് നെഫ്രോട്ടിക് സിന്‍ഡ്രോം. വൃക്കയിലെ അരിപ്പയിലെ തുളകള്‍ വലുതാവുകയും രക്തത്തിലെ പ്രോട്ടീന്‍ ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്നതിനെയാണ് നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന് പറയുന്നത്. ഇതിനു ക്രമാതീതമായി കൊളസ്‌ട്രോളും നീരും കുട്ടികളില്‍ കാണപ്പെടും. സാധാരണയായി 2 മുതല്‍ 8 വയസ്സുവരെയാണ് കുട്ടികളില്‍ ഈ അസുഖം കണ്ടുവരുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണിനു ചുറ്റും നീര് കാണുന്നത് ഇതിന്റെ ഒരു ലക്ഷണമാണ്. ലാബ് പരിശോധനയിലൂടെ ഇതു കണ്ടെത്താം. വളരെ ക്ഷമയോടെ ചികില്‍സിക്കേണ്ട ഒരു രോഗം കൂടിയാണിത്. ഓരോ രോഗിയുടെയും രോഗലക്ഷങ്ങള്‍ പല വിധത്തില്‍ ആയിരിക്കും. ഇതിനു ദീര്‍ഘകാല ചികിത്സ ആവിശ്യമാണ്. അതുകൊണ്ട് രോഗിയുടെ ബന്ധുക്കള്‍ ഇതിനെ കുറിച്ച് ബോധവാന്മാരായിരിക്കണം. കൃത്യമായ ചികിത്സയും നിരീക്ഷണവും അനിവാര്യമുണ്ട്.
ഗര്‍ഭിണികളായിരിക്കുമ്പോള്‍ തന്നെ ഗര്‍ഭസ്ഥശിശുവില്‍ നിന്ന് തന്നെ വൃക്ക സംരക്ഷണം തുടങ്ങണം. ജനിതക കാരണങ്ങള്‍ കൊണ്ട് ഉണ്ടാവുന്ന മൂത്രനാള സംബദ്ധമായിട്ടുള്ള പല അസുഖങ്ങളും ഭാവിയില്‍ കിഡ്നി ക്ഷമത കുറയുന്നതിന് കാരണമാവാം. നമ്മള്‍ കുട്ടികളെ സ്‌കൂള്‍ പ്രായം മുതല്‍ സ്‌ക്രീനിംഗ് പ്രോഗ്രാമില്‍ ഏര്‍പ്പെടുത്തണം. ജീവിത ശൈലീരോഗങ്ങള്‍ നേരത്തെ കണ്ടുപിടിച്ചു അത് നിയന്ത്രിച്ചു കൊണ്ട് വരുന്നതിനു വേണ്ടി ജീവിതരീതിയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.
(കോഴിക്കോട് ബേബി മോമ്മോറിയല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റാണ് ലേഖിക)
Content Highlights: kidney diseases symptoms and treatments