ദിവസവും വീട്ടിൽ ചന്ദനത്തിരി കത്തിക്കുന്നവരാണോ? ചന്ദനത്തിരിയുടെ പുക സിഗരറ്റിനേക്കാൾ മാരകമെന്ന് പഠനം

ഇന്ന് മിക്ക വീടുകളിലും പലതരം ചന്ദനത്തിരികളുടെ പുകയും മണവും ചുറ്റിത്തിരിയുന്നുണ്ടാകും. ഈ ചന്ദനത്തിരികൾ നമ്മുടെ ആരോഗ്യത്തെ നിശ്ശബ്ദമായി കൊല്ലുന്ന അപകടകാരികളാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അഗർബത്തിയിൽ നിന്നുള്ള പുക സിഗരറ്റ് പുക പോലെ തന്നെ ദോഷകരമാകാമെന്ന് ശ്വാസകോശരോഗ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഒരു ചന്ദനത്തിരി കത്തിക്കുമ്പോൾ ഉണ്ടാകുന്ന സൂക്ഷ്മകണികകൾ ഒരു സിഗരറ്റ് വലിക്കുമ്പോൾ ഉണ്ടാകുന്നതിന് തുല്യമാണെന്ന് കാണിക്കുന്ന പഠനങ്ങളുണ്ട്. ഇവയിൽ നിന്നും പുറത്തുവരുന്ന കാർബണെെലുകൾ, ബെൻസീൻ, പോളിയരോമാറ്റിക് ഹെെഡ്രോകാർബൺ, കാർബൺ മോണോക്സൈഡ് എന്നിവ വീടിനകത്തെ വായുവിനെ മലിനമാക്കുന്നു. പൾമണോളജിസ്റ്റിന്റെ അഭിപ്രായത്തിൽ അഗർബത്തികളുടെ പുക ശ്വസിക്കുന്നത് പരോക്ഷമായ പുകവലിയ്ക്ക് തുല്യമാണ്.
കുട്ടികൾ, പ്രായമായവർ, ആസ്ത്മയോ ശ്വാസകോശരോഗമോ ഉള്ള ആളുകൾ എന്നിവർക്ക് ഈ പുക കൂടുതൽ അപകടകരമാണ്. ഇടയ്ക്കിടെയുള്ള ഉപയോഗം പോലും ശ്വാസതടസ്സം, അലർജികൾ, വിട്ടുമാറാത്ത ചുമ എന്നിവയ്ക്ക് കാരണമാകും. ദിവസേന ചന്ദനത്തിരിയുടെ പുക ശ്വസിക്കുന്നത് ബ്രോങ്കൈറ്റിസ്, ആസ്ത്മ,ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) അല്ലെങ്കിൽ ശ്വാസകോശാർബുദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു.
സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ അഗർവുഡ്, ചന്ദനം എന്നീ തിരികളിൽ നടത്തിയ പഠനത്തിൽ, അഗർബത്തികൾ ദിവസേന ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം വരുത്തുമെന്ന് കണ്ടെത്തി. ഈ പുക മ്യൂട്ടജെനിക് (കോശതലത്തിൽ ഡിഎൻഎ മാറ്റങ്ങൾക്ക് കാരണമാകുന്നു), ജെനോടോക്സിക് (കാൻസറിലേക്ക് നയിക്കുന്ന ജനിതക മാറ്റങ്ങൾക്ക് കാരണമാകുന്നു), സൈറ്റോടോക്സിക് (കോശങ്ങളെ കൊല്ലുന്ന വിഷാംശം) എന്നീ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ ജേണലിൽ വന്ന മറ്റൊരു പഠനത്തിൽ, അഗർബത്തി പുകയുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പറയുന്നു.
നിങ്ങൾക്ക് അഗർബത്തികൾ കത്തിക്കുന്നത് ഇഷ്ടമാണെങ്കിൽ നിങ്ങളുടെ നിലവിലെ രീതികളിൽ ചില ലളിതമായ മാറ്റങ്ങൾ വരുത്തി അധികം ദോഷകരമല്ലാത്ത രീതിയിൽ അവ ഉപയോഗിക്കാം.
- ഉപയോഗം കുറയ്ക്കുക.
- ചന്ദനത്തിരി കത്തിക്കുന്ന മുറിയിൽ നല്ല രീതിയിൽ കാറ്റും വെളിച്ചവും കടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- ഫാൻ ഓണാക്കുകയോ ജനാല തുറന്നിടുകയോ ചെയ്യുക
- ചന്ദനത്തിരിയ്ക്ക് പകരമായി എസൻഷ്യൽ ഓയിൽ ഡിഫ്യൂസറുകൾ ഉപയോഗിക്കാം.
- കുട്ടികളും പ്രായമായവരും ഉള്ളപ്പോൾ കത്തിക്കാതിരിക്കുക.
(പൊതുവായ വിവരങ്ങളാണിവ. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ധരുടെ നിർദേശം തേടുക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the potential health hazards of incense smoke and learn safer ways to enjoy its fragrance.