തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയോ? ഹൈംലിച് മാനുവർ പരിശീലിക്കൂ, ജീവൻ രക്ഷിക്കാനാകും

രണ്ട് വയസ്സുകാരന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതും എട്ടുവയസ്സുകാരിയുടെ തൊണ്ടയിൽ ചൂയിങ് ഗം കുടുങ്ങിയതുമടക്കമുള്ള ഒട്ടേറെ അപകടവാര്‍ത്തകൾ പുറത്തുവരുന്നുണ്ട്. അടുത്തിടെ കണ്ണൂരിൽ ചൂയിംഗം കുടുങ്ങി ശ്വാസം മുട്ടിയ പെൺകുട്ടിയ്ക്ക് രക്ഷകരായത് ഒരു കൂട്ടം ചെറുപ്പക്കാരാണ്. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും നിമിഷ നേരം കൊണ്ട് ഒരു ജീവൻ നഷ്ടപ്പെട്ടു പോയേക്കാവുന്ന ഗുരുതരമായ സംഭവമാണ് ചോക്കിങ് അഥവാ ശ്വാസനാളത്തിൽ എന്തെങ്കിലും കുടുങ്ങുന്നത്. പല ആളുകളും ഹോട്ടലുകളിലും മറ്റും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീണ് മരിക്കുന്നത് നാം വാർത്തകളിലും മറ്റും കണ്ടിട്ടുണ്ട്, ഇതിന് കാരണം ഹൃദയാഘാതമാണെന്ന് തെറ്റിദ്ധരിക്കപ്പെടാമെങ്കിലും സംഗതി പലപ്പോഴും ചോക്കിങ് ആയിരിക്കാനാണ് സാധ്യത. സംയോജിതമായ ഇടപെടലും കൃത്യമായ അവബോധവും ഉള്ളതുകൊണ്ടാണ് ഇത്തരം സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രഥമ ശുശ്രൂഷാ രീതിയാണ് ഹൈംലിച് മാനുവർ.
ഡോ. ഹെൻറി ഹൈംലിച് എന്ന അമേരിക്കൻ ഡോക്ടറാണ് ഈ ടെക്നിക് വികസിപ്പിച്ചത്. ‘കഫേ കൊറോണറി’ എന്നറിയപ്പെടുന്ന ഈ ടെക്നിക് നായയിലാണ് അദ്ദേഹം പരീക്ഷിക്കുന്നത്. പ്രതിവർഷം നിരവധി ആളുകൾ ചോക്കിങ് മൂലം മരിക്കുന്നുവെന്ന് മനസ്സിലാക്കിയ ഹൈംലിച് ഇത്തരത്തിലൊരു ടെക്നിക്കിലേക്കെത്തുകയായിരുന്നു. ശ്വാസനാളത്തിൽ എന്തെങ്കിലും കുടുങ്ങിയാൽ പുറകിൽ തട്ടുന്ന ഒരു രീതിയാണ് പണ്ട് നിലവിലുണ്ടായിരുന്നത്. എന്നാൽ ഈ രീതി പലപ്പോഴും സ്ഥിതി കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് ശ്വാസകോശത്തിനുള്ളിലുള്ള വായു ഉപയോഗിച്ച് ആ വസ്തുവിനെ പുറത്തേക്ക് തള്ളാനുള്ള ഒരു രീതി അദ്ദേഹം വികസിപ്പിച്ചത്. രോഗിയുടെ പിന്നിൽ നിന്നും വയറിൽ ശക്തമായി അമർത്തി തൊണ്ടയിൽ കുടുങ്ങിയ വസ്തുക്കൾ പുറത്തേക്കെടുക്കാം എന്ന് അദ്ദേഹം കണ്ടെത്തുന്നത് അങ്ങനെയാണ്.
1974-ൽ 'എമർജൻസി മെഡിസിൻ' എന്ന ജേർണലിൽ തൻ്റെ കണ്ടുപിടിത്തത്തെക്കുറിച്ച് അദ്ദേഹം ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ‘പോപ്പ് ഗോസ് ദി കഫേ കൊറോണറി’ എന്നായിരുന്നു ആ ലേഖനത്തിൻ്റെ പേര്. പിന്നീട് ഈ ടെക്നിക് ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും, പ്രഥമ ശുശ്രൂഷാ പരിശീലനങ്ങളുടെ ഭാഗമാവുകയും ചെയ്തു. ഇന്നോളം ലോകത്തെമ്പാടും ഒരുപാട് മനുഷ്യരുടെ ജീവൻ രക്ഷിച്ചിട്ടുള്ള, എല്ലാവരും അറിഞ്ഞിരിക്കേണ്ട, സ്കൂൾ തലം മുതൽ പഠിപ്പിക്കേണ്ട ഒരു ഫസ്റ്റ് എയ്ഡ് ആണ് ഹെെലിംച് മാനുവർ.
ഒരാൾക്ക് തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങി ശ്വാസംമുട്ടൽ ഉണ്ടാകുകയാണെങ്കിൽ, അവർക്ക് സംസാരിക്കാനോ, ചുമക്കാനോ, ശ്വാസമെടുക്കാനോ കഴിയുന്നില്ലെങ്കിൽ മാത്രമേ ഈ രീതി ഉപയോഗിക്കാവൂ. വ്യക്തി അബോധാവസ്ഥയിൽ ആണെങ്കിലും ചെയ്യരുത്.
ഇതേക്കുറിച്ച് ഡോ. മനോജ് വെള്ളനാടിന്റെ
ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഹെെലിംച് മാനുവർ. ചെയ്യേണ്ട രീതി
- തൊണ്ടയിൽ വസ്തു / ഭക്ഷണം കുടുങ്ങിയ ആളുടെ പുറകിൽ നിന്ന് ശരീരത്തിന് ചുറ്റും നിങ്ങളുടെ കൈകൾ കോർത്ത് പിടിക്കുക. മുഷ്ടി ചുരുട്ടി വയറിൻ്റെ മുകൾഭാഗത്ത്, പൊക്കിളിന് മുകളിലും വാരിയെല്ലിന് താഴെയുമായി വെക്കുക. മറ്റേ കൈകൊണ്ട് ഈ മുഷ്ടി മുറുകെ പിടിക്കുക
- മുഷ്ടി ഉപയോഗിച്ച് വയറിന് ഉള്ളിലേക്ക്, അകത്തേക്കും മുകളിലേക്കുമായി ശക്തിയായി തള്ളുക. ഒരു "J" ആകൃതിയിൽ ഉള്ള തള്ളലാണ് വേണ്ടത്. അങ്ങനെ അഞ്ച് തവണ ആവർത്തിച്ച് അമർത്തുക.
- കുടുങ്ങിയ വസ്തു പുറത്തേക്ക് വന്നാലോ, അല്ലെങ്കിൽ ആ വ്യക്തിക്ക് സംസാരിക്കാനോ, ചുമക്കാനോ, ശ്വാസമെടുക്കാനോ കഴിഞ്ഞാലോ ഈ പ്രക്രിയ നിർത്താം.
- ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെങ്കിൽ, ഉടൻ തന്നെ വൈദ്യസഹായം തേടണം.
- അയാൾ അബോധാവസ്ഥയിൽ ആണെങ്കിൽ മിക്കവാറും ഹൃദയസ്തംഭനത്തിലേക്ക് പോകാം. ഉടൻ സിപിആർ നൽകണം. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാൻ നോക്കുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn how to perform the Heimlich maneuver to save someone from choking.