മോശം കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാന്‍ ചക്കവിഭവങ്ങള്‍ നല്ലതാണ്

ചക്ക വിഭവങ്ങള്‍ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല. കേരളത്തിന്റ ഔദ്യോഗികഫലം കൂടിയാണ് ചക്ക. കേരളത്തില്‍ ഒരുവര്‍ഷം 30 മുതല്‍ 60 കോടി വരെ ചക്കകള്‍ ഉത്പാദിപ്പിക്കുന്നതായാണ് കണക്ക്. ഇതിന്റെ രണ്ടോ മൂന്നോ ശതമാനം മാത്രമാണ് മലയാളികള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പുറംനാടുകളില്‍ ചക്കയ്ക്ക് വന്‍സ്വീകാര്യതയാണ്. എന്തിനേറെ ആമസോണില്‍ വരെ ചക്കയും ചക്ക വിഭവങ്ങളും സുലഭം.
ചക്ക ചിപ്‌സ്, ചക്കപ്പുഴുക്ക്, ജാം, ഐസ്‌ക്രീം, കട്‌ലറ്റ്, ഹല്‍വ, വൈന്‍, തുടങ്ങിയവയായും ചക്കക്കുരുത്തോരനും ഇടിച്ചക്കത്തീയലായും സ്വയമ്പന്‍ പുഴുക്കായുമൊക്കെ ചക്കക്കാലത്ത് രുചിയുടെ ചാകര പിറക്കും. മലയാളിയുടെ തീന്മേശയും വയറും നിറയാന്‍ വീട്ടിലൊരു പ്ലാവുണ്ടായാല്‍ മതി. വിളയാത്ത ഇടിച്ചക്ക മുതല്‍ പഴുത്ത ചക്കവരെ ഏതും രുചികരമായ വിഭവങ്ങളാക്കി മാറ്റാന്‍ കഴിയും. ഇവയില്‍ പലതും ദീര്‍ഘകാലം കേടുകൂടാതെ ഉപയോഗിക്കാനുമാകും.
ഏപ്രില്‍ മുതല്‍ ജൂലായ് വരെയാണ് ചക്ക സുലഭമായി ലഭിക്കുന്ന കാലം. കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമത്തെ നേരിടാന്‍ ചക്ക സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചുകഴിഞ്ഞു. ചക്ക ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. വിറ്റമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, ഇലക്ട്രോലൈറ്റുകള്‍, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാല്‍ സമൃദ്ധമായ ചക്ക പോഷകഗുണങ്ങളില്‍ ഏറെ മുന്നിലാണ്.
ഗുണങ്ങള്‍
1. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.
2. വിറ്റമിന്‍ എ, സി എന്നിവ ധാരളമടങ്ങിയതിനാല്‍ ചക്ക നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
3. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റമിന്‍ സിയും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
4. ചക്കയില്‍ കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് ആണുള്ളത്. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചക്ക നല്ലതാണ്. ചക്കക്കുരുവും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. എങ്കിലും പ്രമേഹമുള്ളവര്‍ മിതമായേ കഴിക്കാവൂ.
5. മോശം കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാന്‍ ചക്കവിഭവങ്ങള്‍ നല്ലതാണ്.
6. ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ചക്ക സഹായിക്കുന്നതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചക്ക ശീലമാക്കാം.
7. ചക്കയില്‍ അടങ്ങിയിരിക്കുന്ന അയണ്‍, വിറ്റമിന്‍ ബി, ബി3, ബി6 എന്നിവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും വിളര്‍ച്ച തടയുന്നതിനും നല്ലതാണ്.
8. ചക്കയിലടങ്ങിയ മഗ്നീഷ്യം, കാല്‍സ്യം എന്നിവ എല്ലുകളെ ബലപ്പെടുത്താനും തേയ്മാനം കുറയ്ക്കാനും സഹായിക്കുന്നു.
9. മുറിവുകളെ ഉണക്കാനും ത്വക്ക്, മുടി, പേശികള്‍ എന്നിവയെ സംരക്ഷിക്കാനും ചക്കയിലെ പോഷകങ്ങള്‍ക്ക് കഴിവുണ്ട്.
10. ചക്കയിലടങ്ങിയ മഗ്നീഷ്യം ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഉത്തമമാണ്.
11. ചക്കയിലടങ്ങിയ ഫൈറ്റോന്യൂട്രിയന്റുകള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നവയാണ്.
എങ്ങനെ ഉപയോഗിക്കാം
1. ചക്ക കറിയായോ ആവിയില്‍ വേവിച്ചോ കഴിക്കുന്നതാണ് നല്ലത്.
2. പാകം ചെയ്യാത്ത പച്ചച്ചക്ക കഴിച്ച ശേഷം ഉടന്‍ വെള്ളം കുടിക്കുന്നത് ദഹനസംബന്ധ പ്രശ്‌നങ്ങള്‍ക്കും ചിലരില്‍ വയറിളക്കത്തിനും കാരണമായേക്കാം.
3. ഉയര്‍ന്ന കലോറിയടങ്ങിയതിനാല്‍ വറുത്തതും മധുരപലഹാരങ്ങളുടെ രൂപത്തിലുള്ളതുമായ ചക്കയുടെ അമിത ഉപയോഗം അമിതവണ്ണത്തിന് കാരണമാകും.
4. ചക്കയില്‍ പ്രോട്ടീനിന്റെ അളവ് കുറവായതിനാല്‍ മീന്‍, മാംസം, കടല, പയര്‍, പരിപ്പ് എന്നിങ്ങനെയുള്ള കറികള്‍ക്കൊപ്പം കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം.
ശ്രദ്ധിക്കാന്‍
- പ്രമേഹരോഗമുള്ളവര്‍ പഴുത്തചക്ക കഴിക്കുന്നത് ഒഴിവാക്കാം.
- ചക്കയില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ളതിനാല്‍ വൃക്കരോഗികളും ചക്കയുടെ ഉപയോഗം മിതമാക്കണം.
- ചക്ക അമിതമായി ഉപയോഗിച്ചാല്‍ ചിലര്‍ക്ക് അസിഡിറ്റി, നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നിവ വരാന്‍ സാധ്യതയുണ്ട്.
- ഗര്‍ഭിണികള്‍, മലയൂട്ടുന്ന അമ്മമാര്‍, പ്രായമായവര്‍ എന്നിവര്‍ ചക്കയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
ചക്ക മുളോഷ്യം
ചേരുവകള്‍
വിളഞ്ഞ ചക്ക : കാല്‍ ഭാഗം
കുരുമുളകുപൊടി : അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍
പച്ചമുളക് : ആറോ ഏഴോ
വെളിച്ചെണ്ണ : രണ്ട് ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
തേങ്ങ : ഒന്ന്
ജീരകം : അര ടീസ്പൂണ്‍
കറിവേപ്പില : മൂന്ന് തണ്ട്
ഉണ്ടാക്കുന്ന വിധം
അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ജീരകം, പച്ചമുളക്, തേങ്ങ എന്നിവ അരച്ച് ചക്കയില്‍ ചേര്‍ത്ത് തിളപ്പിക്കാം. ശേഷം മുകളില്‍ പച്ച വെളിച്ചെണ്ണയൊഴിച്ച് കറിവേപ്പില വിതറി തീയണയ്ക്കാം.
തയ്യാറാക്കിയത്:
ആതിര മോഹന്‍
സീനിയര്‍ ഡയറ്റീഷന്‍
കിംസ് ഹെല്‍ത്ത്, തിരുവനന്തപുരം
Content Highlights: health benefits of jackfruit jackfruit disadvantages