26-കാരി രണ്ടുമാസംകൊണ്ട് കുറച്ചത് 15 കിലോ, 'ഡെവിൾ വെയ്റ്റ്-ലോസ് പ്ലാൻ' അവരെ രോഗിയാക്കി

വലിയ ആഘോഷങ്ങൾ വരുമ്പോൾ ശരീരവും മുഖവും മിനുക്കി നേരത്തേ തന്നെ തയ്യാറെടുപ്പു നടത്തുന്നവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. മികച്ച രൂപഭംഗി ആഗ്രഹിച്ച് ചെയ്യുന്ന ചില പ്രവർത്തികൾ അതിരുകടന്ന് പോകുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്, ചില ശ്രമങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങളും വരുത്തിവെക്കും. ചൈനയിലെ ഹാങ്‌ഷോയിൽ നിന്നുള്ള 26 കാരിയായ സിയാവോ എന്ന യുവതിക്ക് സംഭവിച്ചതും ഇതുതന്നെയാണ്. തൻ്റെ അടുത്ത സുഹൃത്തിൻ്റെ വിവാഹത്തിനായി ശരീരഭാരം കുറയ്ക്കാൻ അവർ എല്ലാ വഴികളും തേടുകയായിരുന്നു.
കൂട്ടുകാരിയുടെ വിവാഹത്തിൽ ബ്രൈഡ്‌സ്‌മെയ്‌ഡ് ആയി എത്തുമ്പോൾ താൻ സുന്ദരിയായിരിക്കണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ, 65 കിലോഗ്രാം ഭാരമുണ്ടായിരുന്ന സിയാവോ, വെറും രണ്ട് മാസത്തിനുള്ളിൽ ഏകദേശം 15 കിലോഗ്രാം കുറച്ചു. എന്നാൽ പെട്ടെന്നുള്ള മെലിച്ചിൽ അവളുടെ ആരോഗ്യത്തെ ഗുരുതരമായിത്തന്നെ ബാധിച്ചു.
സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സിയാവോ തൻ്റെ ദിനചര്യയെ "ഡെവിൾ വെയ്റ്റ്-ലോസ് പ്ലാൻ" എന്നാണ് വിശേഷിപ്പിച്ചത്. തന്റെ പ്രധാന ഭക്ഷണങ്ങളെല്ലാം അവർ ഒഴിവാക്കി, ചെറിയ അളവിൽ പച്ചക്കറികളും ചിക്കൻ ബ്രെസ്റ്റും മാത്രം കഴിച്ചു. ഇതിനുപുറമെ, കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ചില ദിവസങ്ങളിൽ 10 കിലോമീറ്ററിലധികം ഓടി. രണ്ട് മാസത്തിനുള്ളിൽ, ശരീരഭാരം 50 കിലോഗ്രാമിലേക്ക് എത്തിക്കാൻ അവൾക്ക് സാധിച്ചു. അതുകൊണ്ടുതന്നെ
തുടക്കത്തിൽ സിയാവോ അതീവ സന്തോഷവതിയായിരുന്നു. പക്ഷേ, താമസിയാതെ അസ്വസ്ഥതകൾ വന്നുതുടങ്ങി. നിരന്തരം ക്ഷീണം, അതിയായ ദാഹം, വിശപ്പ് എന്നിവ അനുഭവപ്പെട്ടു. ഇടയ്ക്കിടെ തലകറക്കവും ഹൃദയമിടിപ്പ് കൂടുകയും ചെയ്തു. ഇതോടെ ഭയന്നുപോയ സിയാവോ, ഹാങ്‌ഷോ ഹോസ്പിറ്റൽ ഓഫ് ട്രെഡിഷണൽ ചൈനീസ് മെഡിസിൻ്റെ എൻഡോക്രൈനോളജി വിഭാഗത്തിൽ വൈദ്യസഹായം തേടി.
കഠിനമായ പരിശ്രമങ്ങൾ അവളെ പ്രീഡയബെറ്റിക് അവസ്ഥയിലെത്തിച്ചതായി ഡോക്ടർമാർ കണ്ടെത്തി. "കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടുമ്പോൾ അവർ കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. ഇത് ഇൻസുലിൻ തടസ്സപ്പെടുത്തുകയും കാര്യമായ പേശീ നഷ്ടത്തിനും ജലനഷ്ടത്തിനും കാരണമാവുകയും ചെയ്തു. മെറ്റബോളിസത്തെയും ഗുരുതരമായി തകരാറിലാക്കി" ഡോക്ടർമാർ പറഞ്ഞു.
സിയാവോയോട് സമീകൃതാഹാരം പുനരാരംഭിക്കാനും മിതമായ തീവ്രതയുള്ള എയറോബിക് വ്യായാമങ്ങളിലേക്ക് മാറാനും അവർ നിർദ്ദേശിച്ചു. പതിയെ ഭാരം കൂട്ടി ആരോഗ്യം മെച്ചപ്പെടുത്തുകയാണ് സിയാവോ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A 26-year-old woman`s extreme weight-loss plan for a wedding led to prediabetes. Learn about the dangers of crash diets and the importance of healthy, sustainable weight management.