ഇയർബഡ് ഉപയോഗിച്ചാൽ മുഖക്കുരു വരുമോ? ദീർഘനേരമുള്ള ഇയർബഡ് ഉപയോഗം ചർമ്മത്തെയും ബാധിക്കുമെന്ന് വിദഗ്ധർ

ചെവിയിൽ ഇയർബഡുകൾ തിരുകി പാട്ടുകേട്ട് ജോലിചെയ്യുന്നവരും ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നവരും യാത്രചെയ്യുന്നവരും നമുക്കുചുറ്റുമുണ്ട്. എന്നാൽ മണിക്കൂറുകളോളം ഇയർബഡുകൾ ധരിക്കുന്നത് കേൾവിയെ മാത്രമല്ല ചര്‍മ്മത്തെയും ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
ദീർഘനേരം ഇയർബഡുകൾ ധരിക്കുന്നത് ചെവിയ്ക്ക് ചുറ്റുമുളള ചർമത്തിന് അസ്വസ്ഥതയും ചൂട്, വിയർപ്പ്, സമ്മർദ്ദം എന്നിവയുമുണ്ടാക്കാനിടയുണ്ട്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകാനും വീക്കമുണ്ടാകാനും സാധ്യത കൂട്ടുന്നു. 'ആക്നെ മെക്കാനിക്ക' എന്ന് വിളിക്കുന്ന അവസ്ഥയിലേക്ക് നയിക്കാനും കാരണമായേക്കാം. ചില ആളുകളിൽ മുഖക്കുരുവിന്റെ രൂപത്തിലും മറ്റുചിലരിൽ തിണർപ്പുകളായും ഇത് കാണപ്പെടാം.
ഇയർബഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന സിലിക്കൺ പോലുള്ള വസ്തുക്കളുണ്ടാക്കുന്ന അസ്വസ്ഥതയോ, ഇയർ ബഡ്ഡിലൂടെ പകരുന്ന ബാക്ടീരിയകളോ മറ്റു ചെറിയ അണുബാധകളോ ആകാം ഇതിനുകാരണം. ചില കേസുകളിൽ അലർജികൾ പോലെ ചുവപ്പും ചൊറിച്ചിലുമുണ്ടാകും. വേദനയുള്ള പഴുപ്പ് നിറഞ്ഞ കുരുക്കളായും ഇവ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ശ്രദ്ധിക്കേണ്ടവ
- ആൽക്കഹോൾ വൈപ്പുകൾ ഉപയോഗിച്ച് ഇയർബഡുകൾ പതിവായി വൃത്തിയാക്കുക. ഇയർബഡുകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഒഴിവാക്കുക.
- ഓരോ രണ്ടോ മണിക്കൂർ കൂടുമ്പോൾ ഇയർബഡ് ഊരിവെക്കുക. ദീർഘനേരം നീണ്ടുനിൽക്കുന്ന മൊബെെൽഫോൺ സംഭാഷണങ്ങൾക്ക് ഓവർഇയർ ഹെഡ്‌ഫോണുകൾ ഉപയോഗിക്കുക.
- കഠിനമായ സ്ക്രബുകളോ സൺസ്ക്രീനുകളോ ഉപയോഗിക്കാതിരിക്കുക
- അസ്വസ്ഥതയോ കുരുക്കളോ കാണുമ്പോൾ തന്നെ ത്വക്ക് രോഗ വിദഗ്ധനെ സമീപിക്കുക.
നിരന്തരം മുഖക്കുരു വരുകയുംമുഖത്ത് കറുത്ത പാടുകൾ വരുകയും ചെയ്താൽ ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടണമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. സാധാരണ മുഖക്കുരവെന്നുകരുതി തള്ളിക്കളയാതെ ഉടനടി ചികിത്സ തേടാൻ ശ്രമിക്കുക.
(പൊതുവായ നിർദേശങ്ങളാണിവ, കൂടുതൽ വിവരങ്ങൾക്ക്കനിങ്ങളുടെ ഡോക്ടറെ സമീപിക്കുക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover how prolonged earbud use can lead to acne and skin irritation.