ചെവിവേദനയുള്ളപ്പോൾ ഇതൊന്നും ചെയ്യാൻ പാടില്ല

പല കാരണങ്ങൾ കൊണ്ട് ചെവിവേദനയുണ്ടാവാം. വൈദ്യശാസ്ത്രപരമായി ‘ഒറ്റാൾജിയ’ എന്നാണ് അതിനെ പറയുന്നത്. ഒരു ചെവിയിലോ ഇരു ചെവികളിലോ വേദന അനുഭവപ്പെടാം. അത് തുടർച്ചയായും ഇടവേളകളിലും ഉണ്ടാകുന്ന വേദനയാകാം. ചെവി അടഞ്ഞിരിക്കുന്നതുകൊണ്ടോ, ചൊറിച്ചിൽ മൂലമോ, അല്ലാതെയോ ചെവി വേദന ഉണ്ടാകാം.
കാരണങ്ങൾ എന്തെല്ലാം?
ചെവിയിലെ പ്രശ്നങ്ങൾ കാരണം (പ്രൈമറി ഒറ്റാൾജിയ)
മറ്റു ഭാഗങ്ങളിൽ നിന്നും ചെവിയിലേക്കുള്ള വേദന കാരണം (സെക്കന്ററി ഒറ്റാൾജിയ)
പ്രൈമറി ഒറ്റൽജിയയുടെ പൊതുവായ കാരണങ്ങൾ
- ചെവിക്കായം ഉണ്ടാകുമ്പോൾ
- ചെവിക്കുള്ളിലെ രോമകൂപങ്ങളിൽ ഉണ്ടാകുന്ന അണുബാധ
- ചെവിക്കുള്ളിൽ എന്തെങ്കിലും വസ്തുക്കൾ ഉണ്ടെങ്കിൽ
- കർണ്ണനാളത്തിലുള്ള ഫംഗസ് അണുബാധ
- കർണ്ണനാളത്തിലെ ചർമ്മത്തിലുണ്ടാകുന്ന അണുബാധ
- മദ്ധ്യകർണ്ണത്തിലെ അണുബാധ
- യുസ്റ്റേഷ്യൻ ട്യൂബ് പ്രവർത്തനക്ഷമമല്ലാതാവുക
- വിമാനയാത്രയിൽ അനുഭവപ്പെടുന്ന സമ്മർദ്ദ വ്യതിയാനം മൂലമോ മറ്റു കാരണങ്ങളാലോ ചെവിയിൽ മുറിവ് ഉണ്ടാകുമ്പോൾ
- അപകടകരമായതോ അല്ലാത്തതോ ആയ മുഴകൾ
സെക്കൻഡറി ഒറ്റാൾജിയയുടെ കാരണങ്ങൾ
- പല്ലുവേദന കാരണം-ദന്തക്ഷയം, മോണയിലെ അണുബാധ
- ടെമ്പോറോമാൻന്റിബുലാർ ജോയിന്റ് ഡിസോഡർ- പല്ല് കടിക്കുക, എല്ല് തേയ്മാനം, അനുയോജ്യമല്ലാത്ത കൃത്രിമപ്പല്ല്
- തീവ്രമായ ടോൺസിൽസ് അണുബാധ, ടോൺസിൽസ് അണുബാധ മൂലം പഴുപ്പ് ഉണ്ടാവുക
- പാരാനേസൽ സൈനസുകളിലെ അണുബാധ / അലർജി മൂലമുള്ള തുമ്മലും ജലദോഷവും
- കഴുത്തിനെയും നട്ടെല്ലിനെയും സംബന്ധിച്ച പ്രശ്നങ്ങൾ
- ഇവ കൂടാതെ മാനസിക കാരണങ്ങളാലും ചെവിവേദന അനുഭവപ്പെടാം.
ചെവിവേദനയുള്ളപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ
- ചെവിയുടെ പുറമെ ചെറിയ രീതിയിൽ ചൂട് പിടിക്കുക.
- വേദന ശമിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗിക്കാം.
- കിടക്കുമ്പോൾ തലയുടെ ഭാഗം ഉയർത്തി വയ്ക്കുക.
- ചെവിവേദന ഇടയ്ക്കിടെ ഉണ്ടാകുന്നെങ്കിലോ വേദന സ്ഥിരമായി ഉണ്ടെങ്കിലോ തീവ്രമാവുകയോ ചെയ്താൽ എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്.
ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
- കോട്ടൻ ബഡ്‌സ്, പിൻ പോലെയുള്ള മൂർച്ചയുള്ള വസ്തുക്കൾ ചെവിയുടെ ഉള്ളിൽ ഇടരുത്.
- ചെവിക്കുള്ളിൽ വെള്ളം കയറാതെ സൂക്ഷിക്കുക.
- ചെവിയുടെ ഉള്ളിൽ എണ്ണ ഒഴിക്കരുത്.
- ചെവിക്കായം സ്വയം നീക്കം ചെയ്യാൻ ശ്രമിക്കരുത്.
- ശക്തമായി മൂക്ക് ചീറ്റരുത്.
- ചെവിവേദനയുള്ളപ്പോൾ നീന്തൽ ഒഴിവാക്കുക.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് കൃത്യസമയത്ത് ചികിത്സ തേടുകയാണെങ്കിൽ രോഗകാരണം കണ്ടുപിടിച്ച് കഴിയുന്നത്ര വേഗത്തിൽ ചെവിവേദനയിൽ നിന്നും മോചനം നേടാം.
(പട്ടം എസ്.യു.ടി ആശുപത്രിയിലെ ഇ.എൻ.ടി.വിഭാഗത്തിൽ ജൂനിയർ കൺസൾട്ടന്റാണ് ലേഖിക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: find relief from ear pain with these helpful tips