കിടക്ക വിട്ടെഴുന്നേല്‍ക്കാന്‍ തോന്നുന്നില്ലേ? ഡിസേനിയയ്ക്ക് കാരണങ്ങള്‍ പലതാണ്

രാവിലെ എഴുന്നേല്‍ക്കാന്‍ മടിതോന്നാത്തവര്‍ വിരളമായിരിക്കും. അലാം അടിക്കുന്നതു കേള്‍ക്കുമ്പോഴേക്കും വിഷമം തോന്നും, ശാരീരികമായ ക്ഷീണമോ ആ ദിവസം നേരിടേണ്ട വെല്ലുവിളികളോര്‍ത്തുള്ള താത്പര്യക്കുറവോ ഭയമോ എല്ലാം ഇതിനു കാരണമാകാറുണ്ട്. ഉണര്‍ന്നിട്ടും മണിക്കൂറുകളോളം കിടക്കവിട്ട് എഴുന്നേറ്റു പോകാത്തതിനെ ഡിസേനിയ, ക്ലിനോമാനിയ, ക്ലിനോഫീലിയ എന്നിങ്ങനെയെല്ലാം വിളിക്കാറുണ്ട്. വല്ലപ്പോഴുമാണ് ഈ തോന്നലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. അതേസമയം, സ്ഥിരമായി തോന്നുന്ന പക്ഷം അത് ഏതെങ്കിലുമൊരു പ്രത്യേക അസുഖത്തിന്റെ ലക്ഷണമാവാം.
കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഠിനമായ ബുദ്ധിമുട്ടും അതിനു പറ്റാതെ വരികയുമൊക്കെ ചെയ്യുന്നതിനെയാണ് ഡിസേനിയ എന്നു പൊതുവെ വിളിക്കുന്നത്. കിടക്കയില്‍ തുടരാനുള്ള ആസക്തിയോ അഗാധമായ ആഗ്രഹമോ തോന്നുന്ന ക്ലിനോഫീലിയയുമായി ഇതിന് വലിയ ബന്ധമുണ്ട്. ഡിസേനിയ എന്ന പദം മെഡിക്കല്‍ രംഗം വ്യാപകമായി അംഗീകരിച്ചിട്ടില്ല, രോഗാവസ്ഥയായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുമില്ല. അതേസമയം, ക്ലിനോഫീലിയ എന്ന പദം ചിലര്‍ പ്രൊഫഷണല്‍ ആയി ഉപയോഗിച്ചുവരുന്നു. ക്ലിനോഫീലിയയുള്ളയാള്‍ രാത്രിയും പകലും കിടക്കയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.
ക്ലിനോഫീലിയ ഉള്ള ഒരു വ്യക്തി കൂടുതല്‍ സമയം കിടക്കുമെങ്കിലും, ഉറങ്ങുന്ന സമയം കൂടണമെന്നില്ല. കിടക്കയില്‍ അധികസമയം ചെലവിടുന്നത് രാത്രിയിലെ ഉറക്കത്തെ ബാധിക്കാനും ഇടയുണ്ട്.
കാരണങ്ങള്‍
പകല്‍ സമയങ്ങളിലെ കഠിനാധ്വാനം ശരീരം ക്ഷീണിക്കാനും എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കാറുമുണ്ട്. വിഷാദം, ഹൈപര്‍സോംനിയ, (കഠിനമായ ഉറക്കമില്ലായ്മ), അസ്വസ്ഥമായ ഉറക്കം, ചില മരുന്നുകളുടെ ഉപയോഗം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ രാവിലെയുള്ള ചടപ്പിനും ക്ഷീണത്തിനും കാരണമാകാറുണ്ട്.
എന്തൊക്കെ ശ്രദ്ധിക്കാം
ആരോഗ്യവും പ്രായവുമനുസരിച്ച് ഓരോരുത്തര്‍ക്കും കിടക്കയില്‍ ചെലവിടേണ്ട സമയത്തിന് പരിമിധിയുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഉറങ്ങാനും മാത്രമേ കിടക്ക ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് രാത്രിയിലെ ഉറക്കം തടസ്സപ്പെടുത്തുമെന്നും വിദഗ്ധര്‍ പറയുന്നു.
പരിഹാരങ്ങള്‍
- എത്രയും പെട്ടെന്ന് കാരണം കണ്ടുപിടിച്ച് ചികിത്സ തേടുക
- ഉറക്കത്തിന് ചിട്ട ശീലിക്കുക-എല്ലാ ദിവസവും ഒരേസമയത്ത് ഉറങ്ങി ഒരേസമയത്ത് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക
- ഉറങ്ങുന്നതിനു മുമ്പ് കുളിക്കുന്നതും വായിക്കുന്നതും മെഡിറ്റേഷന്‍ ചെയ്യുന്നതുമെല്ലാം നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും
- പകല്‍ വെളിച്ചമുള്ളപ്പോള്‍ വ്യായാമം ചെയ്യാം
(പൊതുവായ വിവരങ്ങളാണിവ, വിദഗ്ധഉപദേശം സ്വീകരിച്ചശേഷം മാത്രം ജീവിതശൈലിയില്‍ മാറ്റം വരുത്തുക)
Content Highlights: dysania clinomania clinophilia, an extreme desire to remain in bed