ചൈനയില്‍ പടരുന്ന കോവിഡ് പോലെയുള്ള പുതിയ രോഗം, ലക്ഷണങ്ങളെന്തൊക്കെ?

പ്രതീകാത്മകചിത്രം | AP
പ്രതീകാത്മകചിത്രം | AP

ചൈനയില്‍ ഒരു രോഗം പടരുന്നുവെന്നു കേട്ടാല്‍ ലോകം മുഴുവന്‍ നെഞ്ചില്‍ കൈവെക്കും. അവിടെനിന്ന് പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്ന കോവിഡ് മഹാമാരി ലോകത്തെ ശ്വാസം മുട്ടിച്ചത് അത്രയേറെയാണല്ലോ... എന്നാല്‍ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന മറ്റൊരു രോഗം ചൈനയില്‍ പടരുന്നുണ്ടെന്നും ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ കുറച്ചുദിവസങ്ങളായി പുറത്തുവരുന്നുണ്ട്. എച്ച്.എം.പി.വി. എന്ന രോഗമാണ് പ്രധാനമായും. കോവിഡിനു സമാനമായ ഈ രോഗത്തെ അല്പം ഭീതിയോടെയാണ് ലോകം നോക്കിക്കാണുന്നത്.  

കുട്ടികളും പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം കരുതണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഏതാനും മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയുന്നു. 

മഞ്ഞുകാലത്ത് പൊതുവെ കണ്ടുവരുന്ന വൈറല്‍ അണുബാധകള്‍ക്കു സമാനമാണ് ചൈനയില്‍ വ്യാപിച്ച എച്ച്.എം.പി.വി.യുമെന്ന് യു.എസ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പറയുന്നു. എല്ലാ പ്രായക്കാരെയും രോഗം ബാധിക്കാമെങ്കിലും അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ തീവ്രമാകാന്‍ സാധ്യതയുണ്ട്. 

ലക്ഷണങ്ങള്‍
ചുമ, പനി, മൂക്കൊലിപ്പ്, ശ്വാസം മുട്ടല്‍ എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. രോഗം വഷളായാല്‍  ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന മറ്റ് വൈറസുകള്‍ക്ക് സമാനമാണ് ഇത്.

മൂന്ന് മുതല്‍ ആറ് ദിവസമാണ് രോഗാണുവിന്റെ ഇന്‍കുബേഷന്‍ കാലയളവ്. അതായത്, അണുബാധയേറ്റ് മൂന്ന് മുതല്‍ ആറ് ദിവസം വരെ ലക്ഷണങ്ങളുണ്ടാവാം. രോഗതീവ്രതയനുസരിച്ച് ദൈര്‍ഘ്യവും നീളും. എച്ച്എംപിവി ചികിത്സിക്കുന്നതിന് പ്രത്യേക ആന്റിവൈറല്‍ തെറാപ്പി ഇല്ല, രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയുമാണ് പകരുന്നത്. 

Content Highlights: covid like desease spreading in china