ചര്‍മത്തിലെ ചുളിവുകളും കരുവാളിപ്പും മാറ്റി തിളക്കം നല്‍കാന്‍ മത്തന്‍

സുലഭമായതും പോഷകഗുണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതുമായ പച്ചക്കറിയാണ് മത്തന്‍. മത്തങ്ങ എരിശ്ശേരി, ഓലന്‍, മത്തങ്ങ പച്ചടി, മത്തങ്ങ-പയര്‍ മൊളൂഷ്യം, മത്തന്‍ചേന കൂട്ടുകറി, മത്തങ്ങ പുളിശ്ശേരി, മത്തയില തോരന്‍, മത്തന്‍ പായസം തുടങ്ങി മലയാളികള്‍ക്ക് പ്രിയപ്പെട്ട മത്തന്‍ വിഭവങ്ങളുടെ പട്ടിക നീണ്ടുപോകുന്നു.
- നിലത്ത് പടര്‍ന്നുവളരുന്ന മത്തന്റെ കായ കൂടാതെ തളിരിലയും പൂവും വിത്തുകളും ഭക്ഷ്യയോഗ്യമാണ്.
- മത്തങ്ങയുടെ ഓറഞ്ച് നിറത്തിന് കാരണമായ ബീറ്റ കരോട്ടിന്‍ ശരീരത്തിലെ വിറ്റാമിന്‍ - എയുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു.
- മത്തങ്ങയിലെ ലൂട്ടിനും സിയസാന്തിനും കാഴ്ചശക്തിക്കും രോഗപ്രതിരോധശേഷിക്കും മികച്ചതാണ്.
- പൊട്ടാസ്യം, മഗ്‌നീഷ്യം, ബീറ്റകരോട്ടിന്‍, വിറ്റാമിന്‍ ഇ,സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ രക്തസമ്മര്‍ദം കുറച്ച് ഹൃദ്രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവയെ ചെറുക്കുന്നു.
- നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- ദഹനവ്യവസ്ഥയ്ക്ക് യോജിച്ചതും കുടല്‍രോഗങ്ങളെ തടയുന്നതുമാണ് മത്തങ്ങ.
- മത്തനിലെ വിറ്റാമിനുകള്‍, സാലിസിലിക് ആസിഡ്, ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് എന്നിവ ചര്‍മത്തിലെ ചുളിവുകള്‍ മാറ്റാനും തിളക്കം നല്‍കാനും മികച്ചതാണ്.
- കൊളാജന്‍ ഉത്പാദനത്തിനും അള്‍ട്രാവയലറ്റ് രശ്മികള്‍മൂലമുള്ള കരുവാളിപ്പ് മാറ്റാനും മത്തങ്ങയിലെ പോഷകങ്ങള്‍ സഹായിക്കുന്നു.
- പ്രായമാകുമ്പോള്‍ ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍, വലിച്ചിലുകള്‍ എന്നിവ പരിഹരിക്കാനും കഴിവുണ്ട്.
- മത്തയില തോരന്‍, മത്തനും പയറും ചേര്‍ന്ന വിഭവങ്ങള്‍ എന്നിവ പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാം.
- കര്‍ക്കടകത്തില്‍ തയ്യാറാക്കുന്ന പത്തില തോരനില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മത്തന്‍ ഇല.
- മത്തങ്ങ ഉപയോഗിച്ച് പുതുതലമുറയ്ക്ക് ഇഷ്ടപ്പെട്ട സ്മൂത്തി, മഫിന്‍, ബ്രഡ്, കേക്ക് എന്നിവയുമുണ്ടാക്കാം.
മത്തന്‍വിത്ത് സൂപ്പറാണ്
സൂപ്പര്‍ഫുഡ് ഇനത്തില്‍പ്പെടുന്നവയാണ് മത്തന്‍വിത്തുകള്‍. സിങ്ക്, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും ആര്‍ത്തവവിരാമശേഷം ഉണ്ടാകാവുന്ന അസ്ഥിക്ഷയം കുറയ്ക്കാനും നല്ലതാണ്. വിത്തിലെ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോആസിഡ് സുഖനിദ്ര പ്രദാനം ചെയ്യുന്നു. പുരുഷന്‍മാരില്‍ പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്താനും പ്രോസ്‌റ്റേറ്റ് വീക്കം കുറയ്ക്കാനും ഇത് സഹായിക്കും.
(കടപ്പാട്: അനു മാത്യു
ഡയറ്റീഷ്യന്‍
എസ്.യു.ടി ഹോസ്പിറ്റല്‍
പട്ടം, തിരുവനന്തപുരം)
Content Highlights: benefits of pumpkin and seeds for skin